അബ്ദുല്‍ റഹീമിന്റെ മോചനം ; ദിയാ ധന ചെക്ക് കൈമാറി

അബ്ദുല്‍ റഹീമിന്റെ മോചനം ; ദിയാ ധന ചെക്ക് കൈമാറി

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ദിയാ ധന ചെക്കിന്റെ പകർപ്പ് എംബസി റിയാദ് റഹീം സഹായ സമിതിക്ക് കൈമാറിയതായി റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂർ, സഹായ സമിതി അംഗം മൊഹിയുദ്ധീൻ സഹീർ എന്നിവർ അറിയിച്ചു.

സൗദി ക്രിമിനല്‍ കോടതി മേധാവിയുടെ പേരില്‍ എഴുതിയ ഒന്നര കോടി സൗദി റിയാലിന്റെ ചെക്കിന്റെ പകർപ്പ് അടുത്ത പ്രവൃത്തി ദിവസം തന്നെ ഗവർണറേറ്റില്‍ നല്‍കുന്നതിനായി ഗവർണറേറ്ററിന്റെ സമയം തേടിയിട്ടുണ്ട്. സമയം അനുവദിക്കുന്ന മുറക്ക് നേരിട്ടെത്തി ചെക്കിന്റെ പകർപ്പ് കൈമാറും. തുടർന്ന് ഗവർണറേറ്റിന് മുമ്ബാകെ അനുരഞ്ജന കരാറില്‍ ഒപ്പിടുന്നതിന് അനസിന്റെ അനന്തരാവകാശികളോ അധികാരപ്പെടുത്തിയ പവർ ഓഫ് അറ്റോണിയോ ഹാജരാകും.

അനുരഞ്ജന കരാറില്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ കോടതി നിർദേശം അനുസരിച്ച്‌ ഒറിജിനല്‍ ചെക്ക് ഉള്‍പ്പടെയുള്ള രേഖകള്‍ ഗവർണറേറ്റിലോ കോടതിയിലോ സമർപ്പിക്കും. ഇതോടെ രേഖാമൂലമുള്ള എല്ലാ ഇടപാടുകളും അവസാനിക്കും. തുടർന്ന് കോടതി നല്‍കുന്ന നിർദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട അടുത്ത പടി മുന്നോട്ട് പോകുകയെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.