ഒമാനില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ലുലു ഗ്രൂപ്പ്

ഒമാനില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ലുലു ഗ്രൂപ്പ്

സ്‌കത്ത്: മിഡില്‍ ഈസ്റ്റിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് ഒമാനിലെ പ്രവര്‍ത്തനം  വിപുലീകരിക്കുന്നു. ഒമാന്‍ ഭരണാധികാരിയായതിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി ഇക്കാര്യം അറിയിച്ചത്.

ഡല്‍ഹി ലീല പാലസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ലുലു ഗ്രൂപ്പിന്റെ ഒമാനിലെ പ്രവര്‍ത്തനങ്ങളെ പറ്റി യൂസഫലി ഒമാന്‍ സുല്‍ത്താന് വിശദീകരിച്ച്‌ കൊടുത്തു. നിലവില്‍ 36 ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളുമാണ് ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഉള്ളത്. സീനിയര്‍ മാനേജ്‌മെന്റ് ഉള്‍പ്പെടെ 3500ല്‍ അധികം ഒമാന്‍ പൗരന്മാര്‍ ലുലു ഗ്രൂപ്പ് ഒമാനില്‍ ജോലി ചെയ്യുന്നുണ്ട്.

ലുലു ഗ്രൂപ്പിന് ഒമാന്‍ ഭരണകൂടം നല്‍കി വരുന്ന എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും യൂസഫലി സുല്‍ത്താനെ നന്ദി അറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒമാന്‍ സുല്‍ത്താന്റെ ബഹുമാനാര്‍ഥം രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ അത്താഴ വിരുന്നിലും യൂസഫലി സംബന്ധിച്ചു. രാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും ചേര്‍ന്ന് ഒമാന്‍ ഭരണാധികാരിക്ക് ഹൃദ്യമായ വരവേല്‍പ്പാണ് ഒരുക്കിയത്.

രാഷ്ട്രപതിയുടെ ക്ഷണപ്രകാരമായിരുന്നു സുല്‍ത്താന്‍ ഇന്ത്യ സന്ദര്‍ശനം. രാഷ്ട്രപതി ഭവനിലായിരുന്നു അദ്ദേഹത്തിന് സ്വീകരണമൊരുക്കിയത്. സുല്‍ത്താനും പ്രധാനമന്ത്രി മോദിയും  ചര്‍ച്ചകള്‍ നടത്തി. നയതന്ത്ര ബന്ധത്തില്‍ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.