മതമല്ല, മാനവികതയാണ് പ്രധാനം (ലേഖനം)

മതമല്ല, മാനവികതയാണ് പ്രധാനം (ലേഖനം)

എം.തങ്കച്ചൻ ജോസഫ്

  ഏത് മതമാണെങ്കിലും, വിശ്വാസമാണെങ്കിലും അവയൊക്കെ ലക്ഷ്യം വെയ്ക്കുന്നത് മനുഷ്യ നന്മ തന്നെയാണ്.എന്നാൽ ലോകത്തെവിടെ നോക്കിയാലും മനുഷ്യന് നാശം വിതയ്ക്കുന്നതാകട്ടെ ഇവ രണ്ടുമാണെന്നു കാണാം. കാരണം മറ്റൊന്നുമല്ല, മതങ്ങളുടെയും വിശ്വാസങ്ങളുടെയും യഥാർത്ഥ അന്തസത്ത മനസ്സിലാക്കാത്തവരുടെ എണ്ണം കൂടി വരുന്നു എന്നത് തന്നെ.

ഇനി ആധൂനിക കാലത്തിന്റെ അടിസ്‌ഥാനത്തിൽ അല്പം ആഗോളപരമായി ചിന്തിച്ചെന്നാൽ മതങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രസക്തി കുറഞ്ഞു വരുന്നതായി കാണാം.അല്ലെങ്കിൽ അവയുടെ പ്രാധാന്യം കുറയ്ക്കുന്ന ആധൂനിക വൈറസുകളുടെ പുതിയ കാലങ്ങളാണ് ഇനിയും നമ്മൾ കാണുവാൻ പോകുന്നത്. ഇതൊക്കെ കൃത്യമായി മനസ്സിലാക്കുന്ന പുതു തലമുറ ശാസ്ത്രീയതകൾക്കും, മാനവികതകൾക്കും പ്രധാന്യം കല്പിക്കുന്നുവെന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ നല്ല ചുവടുമാറ്റത്തെയാണ് നമ്മുടെ നാട്ടിലും മതമൗലികവാദികൾ തങ്ങളുടെ വികലമനസ്സുകൾ പോലെ തന്നെ പുതിയ പുതിയ മത സിദ്ധാന്തങ്ങൾ സൃഷ്ടിച്ചെടുത്തു കൊണ്ട് ഇവയുടെ കടക്കൽ കത്തി വെയ്ക്കുന്നത്.

ഇതിന്റെ ഒരു ഉദാഹരണമാണ് ,മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന മഹത് വാക്യങ്ങൾ നമ്മെ പഠിപ്പിച്ച നവോത്ഥാന നായകന്മാരുടെ നാടായ നമ്മുടെ കേരളത്തിലും ഈയിടെ ഉണ്ടായ ഒരു സംഭവം. ഓപ്പറേഷൻതീയേറ്ററിലും തങ്ങൾക്ക് മതപരമായ വേഷങ്ങൾ ധരിക്കുവാൻ അനുവാദം വേണമെന്നാവശ്യപ്പെട്ട്കൊണ്ട് ഏഴു വിദ്യാർത്ഥിനികൾ മെഡിക്കൽകോളേജ് പ്രിൻസിപ്പലിന് കത്തു കൊടുത്തിരിക്കുന്നു. പ്രിൻസിപ്പൽ അതു നിരാകരിച്ചുവെങ്കിലും, എതിർ വർഗീയവാദികൾ അതു വിവാദമാക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിൽപ്പോലും ഞാൻ മുകളിൽ പറഞ്ഞ ചില മതമൗലിക മനസ്സുകൾ യുവതയെപ്പോലും നന്നായി സ്വാധീനിക്കുമ്പോൾ അത് പ്രബുദ്ധകേരളത്തിന്റെ മാറുന്ന ചില സൂചനകൾ ആണെന്ന് ഞെട്ടലോടെയേ നമുക്ക് മനസ്സിലാക്കുവാൻ കഴിയൂ.

മനുഷ്യജീവനുകൾക്കു മുൻപിൽ ശാസ്ത്രീയതകൾ പ്രയോഗിക്കുന്നിടത്ത്
എന്തിനാണ് മതത്തിന്റെയും വിശ്വാസത്തിന്റെയും സിംബലുകൾ!!
മതങ്ങളെയും മതവേഷങ്ങളെയും, ആശുപത്രികളുടെയും വിദ്യാഭ്യാ സസ്ഥാപനങ്ങളുടെയും പടിക്ക് പുറത്തു നിർത്തുവാൻ നമുക്ക് കഴിയണം എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വിശ്വാസമുണ്ടെങ്കിൽ അതിനെ പരിപാലിക്കേണ്ടത് നമ്മുടെ ഉള്ളിലാണ്, പുറമേയുള്ളത് വെറും വേഷം കെട്ടൽ മാത്രം.
അതിനാൽ ഓപ്പറേഷൻതീയേറ്ററിൽ നില നിൽക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒരു മതത്തിന് വേണ്ടി വെള്ളം ചേർത്താൽ അത് മനുഷ്യ ജീവനുകളുടെ നാശത്തിന് മാത്രമേ കാരണമാകൂ. എന്തെന്നാൽ മനുഷ്യജീവനുകൾ കൊയ്തെടുത്ത ചരിത്രമേ പ്രമുഖ മതങ്ങൾക്ക് ഉള്ളൂ.
എന്നാൽ മനുഷ്യ ജീവനുകൾ പുനഃസൃഷിക്കുന്നയിടമാണ് ഓപ്പറേഷൻതീയേറ്റർ എന്നത് രണ്ടു മരണങ്ങളിൽ പുനഃസൃഷ്ടി നേടിയ ഈ ലേഖകനും മനസ്സിലാക്കിയിട്ടുണ്ട്.

നമ്മൾ ഒരു ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ അവിടെത്തെ ഡോക്ടർമാർ ഏതു മതക്കാരൻ എന്ന് അന്വേഷിച്ചല്ല ചീട്ടുബുക്ക് ചെയ്യുന്നത്.അതുപോലെ തങ്ങളുടെ പേഷ്യന്റ് ഏത് മതക്കാരൻ എന്നു നോക്കിയുമല്ല ഒരു ഡോക്ടർ ചികത്സിക്കുന്നതും മരുന്ന് കുറിക്കുന്നതും.ഏകതയ്ക്കും,തുല്യതയ്ക്കും ശാസ്ത്രീയബോധത്തിനും പരിഗണന കൊടുക്കേണ്ട ആശുപത്രികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നമ്മുടെ കുട്ടികൾ മതപരമായ വിത്യാസങ്ങൾ ഇല്ലാതെ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. അത്, അത്തരമൊരു രാജ്യത്തിന്റെ സമഗ്രമായ വളർച്ചയ്ക്കും സുസ്ഥിരമായ വികസനത്തിനും അത്യന്താപേക്ഷിതമാണെന്നത് ഈ കുട്ടികളുടെ മനസ്സിൽപ്പോലും മതം എന്ന വിഷം കുത്തിവയ്ക്കുന്ന മതഭ്രാന്തന്മാർക്ക് അറിയില്ലല്ലോ.

ഏതു രംഗത്തും മതപരമായ അസാരസ്യങ്ങൾ ഉണ്ടാക്കിയെടുത്ത് അതിനുള്ളിൽ തങ്ങളുടെ മതവികാരങ്ങളുണർത്തി, അണികളെ പിടിച്ചു നിർത്തുവാനും, എണ്ണം വര്ധിപ്പിക്കുവാനും അത് വോട്ടുകളാക്കി ആധിപത്യങ്ങൾ പിടിക്കുവാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പുതു തലമുറയിലെ ചിലരെങ്കിലും മനസ്സിലാക്കാതെ പോകുന്നത് നന്നല്ല.
മതത്തിന് മേൽക്കൈയുള്ള അറേബ്യൻ രാജ്യങ്ങൾ, ചില പാശ്ചാത്യ രാജ്യങ്ങൾ എന്നിവിടങ്ങളിൽപ്പോലും മതമൗലിക വാദങ്ങളെയും മതവേഷങ്ങളെയും അകറ്റി നിർത്തി ആധൂനിക കാലത്തോടൊപ്പം സഞ്ചരിച്ചു മുന്നേറുമ്പോൾ പ്രബുദ്ധരുടെയും ദൈവത്തിന്റെയും നാടായ കേരളത്തിൽ കറുത്ത രൂപങ്ങളുടെ വേഷങ്ങൾ കൂടി വരുന്നു എന്നത് ഒരു യാഥാർത്ഥ്യം തന്നെ.

മാത്രമല്ല ഇവിടെ പണ്ട് കുഴിച്ചു മൂടിക്കളഞ്ഞ ദുരാചാരങ്ങൾപ്പോലും മാന്തിയെടുക്കുവാനും,ന്യൂസ്മീഡിയ എന്ന പേരിൽ വർഗീയ വിഷം ചീറ്റുന്ന ചാനലുകളുടെ എണ്ണം വര്ധിക്കുന്നതും അവയിലൊക്കെ നിരന്തരം മതവിഷയങ്ങൾ ചർച്ച ചെയ്യുന്നതും കാണുമ്പോൾ നമ്മുടെ നാടും എങ്ങോട്ടാണ് ദിശ തിരിക്കുന്നത് എന്നോർത്ത് പോകുന്നു.
പാലക്കാട് ഒരു ദേശത്തെ വിവാഹത്തിന് വധുവരന്മാരുടെ തല കൂട്ടിയിടിച്ച ആചാരവും വിവാഹസദ്യയിൽ സാധുക്കളായ താഴ്ന്ന ജാതിക്കാർക്ക് വേറെപന്തി തിരിച്ചുവിളമ്പിയതും ഉദാഹരണങ്ങളാണ്.

ഏതായാലും ഇത്തരം കുത്സിത ശ്രമങ്ങളെയും മൗലികമായ വാദങ്ങളെയും മുളയിലേ നുള്ളിക്കളഞ്ഞുകൊണ്ട് നമ്മുടെ നാടിന്റെ സുസ്‌ഥിരമായ നിലനിൽപ്പിനും വളർച്ചയ്ക്കും ആക്കം കൂട്ടുവാൻ നമ്മുടെ ഭരണാധികാരികൾക്ക് കഴിയട്ടെ.
മതമല്ലല്ലോ മനുഷ്യത്വമല്ലേ പ്രധാനം.ചർച്ച ചെയ്യപ്പെടേണ്ടതും അത് തന്നെ.