നവരാത്രി ദീപങ്ങൾ : ലേഖനം

Oct 11, 2024 - 09:18
 0  136
നവരാത്രി ദീപങ്ങൾ : ലേഖനം

 

മിനി സുരേഷ്   



 ജീവിതത്തിൽ നിസ്സഹായരായി പോകുന്ന ചില സന്ദർഭങ്ങളില്ലേ?ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോകുമ്പോൾ ഈശ്വരൻ തുണയായി കൂടെ എത്തുന്നൊരവസ്ഥ.
വർഷങ്ങൾക്ക് മുൻപ് ഒരു നവരാത്രി കാലത്ത് അതു പോലൊരു അനുഭവം എന്റെ ജീവിതത്തിലുമുണ്ടായി..ചെറിയൊരു പശ്ചാത്തലം കൂടി വിവരിച്ചിട്ട് കാര്യത്തിലേക്ക് വരാം.

വിവാഹം  കഴിഞ്ഞ് 5 വർഷം ഞങ്ങൾ പാലക്കാട്ടായിരുന്നു.ഭർത്താവ്  അന്ന് മലമ്പുഴ ഡാമിൽ എഞ്ചിനീയറായി ജോലി നോക്കുന്നു. ഓഫീസിലെ ജീവനക്കാരുടെയെല്ലാം ഓമനയായിരുന്നു മകൻ അരവിന്ദ്.
ഡാമിലെ ഉദ്യാനം ,റോപ് വേ ,കൂടാതെ ഫാൻറസി പാർക്കിലും മറ്റും കളിച്ചുല്ലസിച്ചു രസിച്ച കുട്ടിക്കാലമായിരുന്നു അതു വരെ ആ 4 വയസ്സുകാരനുണ്ടായിരുന്നത്.
അവിചാരിതമായി എന്റെ മാതാവ് മരണമടഞ്ഞപ്പോൾ പ്രായമായ പിതാവിന്റെ സംരക്ഷണാർത്ഥം ഞാനും ,മകനും കോട്ടയത്ത് തിരുനക്കരയുള്ള കുടുംബ വീട്ടിലേക്ക് താമസം മാറേണ്ടതായി വന്നു.ഭർത്താവ് ആഴ്ചാവസാനം വന്നു പോകും.

പറിച്ചു നടൽ ഏറ്റവുമധികം ബാധിച്ചത് മകനെയാണ്.തിരുനക്കരയിലുള്ള വീടിനടുത്ത് അവന് കളിക്കുവാൻ സുഹൃത്തുക്കളൊന്നുമില്ല.അപ്പൂപ്പനാണെങ്കിൽ ഭയങ്കര കർക്കശക്കാരനുമാണ്.മലമ്പുഴയിലുള്ള കൂട്ടുകാരുടെ പേര്
അവൻ ഉറക്കത്തിൽ വിളിച്ച് കരയുന്നത് കേട്ടിട്ടുള്ളപ്പോൾ നല്ല കുറ്റബോധം തോന്നിയിട്ടുണ്ട്. കൊച്ചു കുട്ടികൾക്കും വ്യക്തിത്വമുണ്ടെന്നും, അവരുടെ പിഞ്ചു മനസ്സിന്റെ വികാരങ്ങളെക്കൂടി ഉൾക്കൊള്ളേണ്ട കടമ മാതാ പിതാക്കൾക്കുണ്ടെന്ന്
വേദനയോടെ തിരിച്ചറിഞ്ഞു. പിന്നെ ജവഹർ ബാലഭവൻ ,ശാസ്ത്രി റോഡിനടുത്തുള്ള പാർക്ക് തുടങ്ങിയവയിലെല്ലാം കൂട്ടിക്കൊണ്ട്പോയി ഒരേ സമയം ഞാനവന് അമ്മയും, ചേച്ചിയും ,കൂട്ടുകാരിയുമായി.എറണാകുളത്ത് ഒരു ചടങ്ങിൽ വച്ച് ശ്രീ.സിപ്പി പള്ളിപ്പുറവുമായി സംസാരിക്കുവാൻ ഭാഗ്യം ലഭിച്ചു.
'ബാലസാഹിത്യമെഴുതുന്നവർ കുഞ്ഞുങ്ങളുടെ മനസ്സറിയുന്ന വരായിരിക്കണമെന്ന്' അന്നദ്ദേഹം പറഞ്ഞതെത്ര വാസ്തവമാണ്.


ഇനി നമുക്കാ നവരാത്രികാലത്തേക്ക് മടങ്ങി പോകാം.
ഞാനും ,കൊച്ചുകൂട്ടുകാരനും കൂടി ബസ്സിൽ പനച്ചിക്കാട് ക്ഷേത്രത്തിലേക്ക്
പോകുന്നതാണ് അടുത്ത രംഗം. കോട്ടയം നഗരത്തിൽ നിന്ന് ഏകദേശം മുക്കാൽ മണിക്കൂറോളം യാത്ര ചെയ്യണം ദക്ഷിണ മൂകാംബിക എന്ന പേരിൽ പ്രസിദ്ധമായ പനച്ചിക്കാട് ക്ഷേത്രത്തിലെത്തുവാൻ. ഉൾക്കൊള്ളാവുന്നതിലും ആളുകളെ വഹിച്ച് അവശയായി ആടിയുലഞ്ഞാണ് ബസ്സ് വലിഞ്ഞു നീങ്ങുന്നത്. ഒരു സീറ്റിന്റെ കോണിൽ ഉറക്കം തൂങ്ങുന്ന മകനെയും ചേർത്തു പിടിച്ച് ഒരുസർക്കസ്
അഭ്യാസിയെപ്പോലെ പെരുവിരലിൽ ബാലൻസൂന്നി ഞാനിരിപ്പുണ്ട്.
നാടോടി സ്ത്രീയെപ്പോലെ തോന്നിക്കുന്ന ഒരു യുവതിയും ,5-6 വയസ്സ് പ്രായമുള്ള കുട്ടിയും തൊട്ടടുത്ത് തന്നെ നിൽപ്പുണ്ട്. രണ്ടാൾ സീറ്റിൽ ഞാൻ തന്നെയൊരു അഭയാർത്ഥിയായി തുലാസിലാടിക്കൊണ്ടിരിക്കുകയാണല്ലോ.
 ഇടയ്ക്കാ ബാലനെ നിസ്സഹായതയോടെ ശ്രദ്ധിച്ചെങ്കിലും ചെറിയൊരിടം പോലും നൽകുവാൻകഴിയാത്ത അവസ്ഥയായിരുന്നു..കുഞ്ഞു മുഖത്തിൽ പുഞ്ചിരി വറ്റിപ്പോയിരുന്നു.അപ്പക്കഷണം റാഞ്ചിയെടുക്കുവാൻ പോകുന്ന കാക്കക്കുഞ്ഞിന്റെ ഭാവമായിരുന്നു അവന്റെ മിഴികളിലെന്ന്  തിരിച്ചറിഞ്ഞത്
ബസിൽ നിന്നിറങ്ങിയ ശേഷമാണ്. കണ്ടക്ടർ ടിക്കറ്റും,ബാക്കി പൈസയും നൽകിയത് പേഴ്സിലിട്ട്  ബാഗിൽ തിരുകിയതുറപ്പാണ്. പേഴ്സ് ബാഗിൽ നിന്ന് തന്നെ അപ്രത്യക്ഷമായിരിക്കുന്നു.നാടോടി സ്ത്രീയെയും ,കുട്ടിയെയും മഷിയിട്ട് നോക്കിയാലും ഇനി കാണുവാൻ കിട്ടില്ലെന്ന് കൂടെയുള്ളവർ പറയുന്നുണ്ട്.മകനാണെങ്കിൽ 'ദാഹിക്കുന്നു 'എന്ന് പറഞ്ഞ് കരയുവാനും തുടങ്ങി. ഗതാഗതക്കുരുക്ക് കാരണം  ബസ്സ് പരുത്തും പാറ എന്ന സ്ഥലത്ത് നിർത്തിയിരിക്കുകയാണ്. അവിടെ നിന്ന് രണ്ടു കിലോ മീറ്ററെങ്കിലും ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.
മൊബൈൽ ഫോണും ,ഗൂഗിൾ പേയും ഒന്നുമില്ലാത്ത
കാലമാണെന്നോർക്കണം. പ്രതികൂല സാഹചര്യങ്ങളെ നേരിടുവാനുള്ള കഴിവും , മനസാന്നിധ്യവും ഒന്നും അന്നില്ല.
എങ്കിലും ഒഴുകി നീങ്ങുന്ന  ജനക്കൂട്ടത്തിലൊരാളായി കുഞ്ഞിന്റെ കയ്യും പിടിച്ച്
ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. തലങ്ങും ,വിലങ്ങും പായുന്ന ഓട്ടോ റിക്ഷകളെ കൊതിയോടെ ഞാൻ നോക്കുന്നുണ്ട്. കയറുവാൻ നിവൃത്തിയില്ലല്ലോ.എത്രയും വേഗം വഴിയിലുള്ള ഏതെങ്കിലും വീട്ടിൽ നിന്ന് ഇത്തിരി വെള്ളം കുഞ്ഞിന് വാങ്ങിക്കൊടുക്കണം. അതാണ് ചിന്ത.
"ചേച്ചീ ,ഇതു വച്ചോളൂ" നെറ്റിയിൽ വലിയ പൊട്ടു തൊട്ടിട്ടുള്ള ആ ദേവതയുടെ രൂപം ഇന്നും മനസ്സിലുണ്ട്.
രണ്ട് പത്തുരൂപ നോട്ടുകളെ നിറഞ്ഞ കണ്ണുകളോടെ
വാങ്ങുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
"വലിയ ഉപകാരം മോളേ. പേരും ,അഡ്രസ്സും പറയാമോ ?നാളെ മണി ഓർഡർ .." എന്നിലെ ദുരഭിമാനിയാണ് കൃതജ്ഞതയൊഴുകുന്ന മനസ്സോടെ ചോദിച്ചത്.
"അതൊന്നും വേണ്ട ചേച്ചി" ശോഭയെന്ന് പേര് പറഞ്ഞ ആ പെൺകുട്ടിയെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല .ശോഭയേറിയ ആ മുഖവും ,നിധി
പോലെ കിട്ടിയ രണ്ട് പത്തു രൂപ നോട്ടുകളും എല്ലാ നവരാത്രിക്കാലങ്ങളിലും സ്മരണയിൽ തെളിഞ്ഞു വരും. ഇനിയത് പനച്ചിക്കാട്ടമ്മ തന്നെയായിരിക്കുമോ?
ഞങ്ങൾ പെട്ടെന്ന് ധനികരായി. മകന് നാരങ്ങ വെള്ളം വാങ്ങിക്കൊടുക്കുവാനും ,ഒരു ഓട്ടോ റിക്ഷയിൽ സ്ഥലം പങ്കിട്ട് ക്ഷേത്രം വരെ എത്തുവാനും ,ഒരൊറ്റ നാണയം വീതം ദേവിക്കും ,ക്ഷേത്ര നടയിൽ  സഹായമഭ്യർത്ഥിച്ചിരിക്കുന്ന അമ്മൂമ്മക്കും നൽകുവാനുമെല്ലാം അന്നത്തെ കാലത്ത് 10 രൂപ കൊണ്ട് സാധിച്ചു എന്നതുമിന്ന് അത്ഭുതം.

ഈ നവരാത്രി കാലത്ത് ഞാനവനെക്കുറിച്ചാണോർക്കുന്നത്. ഭിക്ഷാടന മാഫിയയുടെ വലയിൽ എങ്ങനെയോ കുരുങ്ങിപ്പോയ പാവം പക്ഷികുഞ്ഞിനെക്കുറിച്ച്. ഒരു പക്ഷേ ആ നാടോടി സ്ത്രീയുടെ മകനല്ലായിരിക്കാം. ഇന്നവർ അവനെ  ഒരു പെരുങ്കള്ളനാക്കി മാറ്റിയിരിക്കണം. കുറ്റകൃത്യങ്ങളുടെ ഇരുണ്ട ലോകത്തേക്ക് വലിച്ചെറിയപ്പെടുന്ന നിഷ്കളങ്ക ബാല്യങ്ങളെ നിങ്ങളുടെ വഴിഞ്ഞാരകളിലും കണ്ടിട്ടുണ്ടാകുമല്ലോ.
നല്ല വിദ്യാഭ്യാസം നേടി
രാജ്യത്തിന് തന്നെ വാഗ്ദാനമാകേണ്ട കുഞ്ഞുങ്ങളാണ് .വിധിയുടെ കളിപ്പാട്ടങ്ങളാകുന്ന പാവം ജന്മങ്ങൾ.

അപ്രത്യക്ഷരാകുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള കരളലിയിപ്പിക്കുന്ന സംഭവങ്ങളനവധി റിപ്പോർട്ടു ചെയ്യാറുണ്ട്. പൊന്നു പോലെ
വളർത്തിക്കൊണ്ടു വരുന്ന മക്കളെ പൊടുന്നനെ കാണാതാകുമ്പോൾ 'അവരെ കാണാതുഴറുന്നവരുടെ അവസ്ഥ എങ്ങനെ എഴുതി ഫലിപ്പിക്കുവാനാകും. അവരെന്തെങ്കിലും കഴിച്ചോ എന്നോർത്ത് വെള്ളം പോലും ഇറക്കാനാവാതെ
മരിച്ചു ജീവിക്കേണ്ടി വരുന്നവർ.ഏറെ കോളിളക്കം സൃഷ്ടിച്ച രാഹുലിന്റെ തിരോധാനക്കേസിന് വർഷങ്ങൾ കഴിഞ്ഞിട്ടും ഫലം ലഭിച്ചിട്ടില്ല.
മകനെ എന്നെങ്കിലുംതിരിച്ചു കിട്ടുമെന്നോർത്ത് പ്രതീക്ഷയോടെ അന്വേഷണം തുടർന്നിട്ടൊടുവിൽ മനം നൊന്ത് മരിച്ച രാഹുലിന്റെ പിതാവിന്റെ ദുഃഖം
ഇന്നും ഒരു നോവായി അവശേഷിക്കുന്നു.
റോഡുകളിലും ,ട്രെയിനുകളിലുമൊക്കെ നാം കാണാറുള്ള വികലാംഗരായുള്ള കുട്ടികളിലധികവും ഭിക്ഷാടന മാഫിയയുടെ ക്രൂരമുഖങ്ങൾക്കുദാഹരണങ്ങളാണ്. കൈ കാൽ തച്ചുടച്ചും ,കണ്ണുകളിലിരുട്ട് നൽകിയും  വെയിലഗ്നിയിൽ ഉരുകിയിരുന്ന് കൈ നീട്ടുന്ന ധാരാളം കുഞ്ഞുങ്ങൾ ഇതര സംസ്ഥാനങ്ങളിലെയൊക്കെ സ്ഥിരം കാഴ്ചയാണ്.
ചേരി പ്രദേശങ്ങൾ പോലെയുള്ള സ്ഥലങ്ങളിൽ
നിന്നാണത്രേ കുഞ്ഞുങ്ങളെ ഭിക്ഷാടന മാഫിയക്കാർ അധികവും നോട്ടമിടുന്നത്...മാതാപിതാക്കൾ വേലക്ക് പോകുമ്പോൾ ഒറ്റതിരിഞ്ഞ് നടക്കുന്ന കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്നത് എളുപ്പമാണല്ലോ. കുഞ്ഞുങ്ങളുടെ രൂപവും മറ്റുള്ളവരിൽ സംശയമുണർത്തുകയില്ല. പണം നൽകി
ഇത്തരം ഭിക്ഷാടന മാഫിയകളെ അറിയാതെ പോലും പ്രോത്സാഹിപ്പിക്കരുത്. നമുക്ക് ഇനിയുമൊരു ഗോവിന്ദച്ചാമിയെ ആവശ്യമേയില്ല.

കൺമണി പോലെ വളർത്തുന്ന കുഞ്ഞുങ്ങളുടെ മേൽ എപ്പോഴുമൊരു കണ്ണുണ്ടായിരിക്കണം. കഴുകന്മാർ റാഞ്ചിക്കൊണ്ടു പോകാതിരിക്കുവാൻ ജാഗരൂകരായിരിക്കണം.ലഹരി മാഫിയ ,സെക്സ്
റാക്കറ്റുകൾ പിന്നെയുമുണ്ട് ഒട്ടനവധി ചതിക്കുഴികൾ.വല വിരിച്ചു കാത്തിരിക്കുന്ന
വേടന്മാരെ സൂക്ഷിക്കണം.

 വാഗ് ദേവി കുഞ്ഞുങ്ങൾക്ക് ഐശ്വര്യവും ,അനുഗ്രഹവും ചൊരിയുന്ന വേളയാണല്ലോ നവരാത്രി കാലം.മാഫിയകൾ കുഞ്ഞുങ്ങളുടെ മനസ്സിനെ പിടിച്ചു കെട്ടുന്നത് ഭയത്തിന്റെയും ,ഭീഷണിയുടെയും ചങ്ങലപ്പൂട്ടുകളിട്ടാണ്.എത്രയോ അറിയപ്പെടാത്ത സംഭവങ്ങൾ ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാനിരിക്കുന്നു.
നിസ്സഹായരായി ഭീതിയുടെ നിഴലിൽ കഴിയുന്ന അജ്ഞാതരായ കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്തു പിടിച്ച് പ്രാർത്ഥിക്കാം. ആരോരുമില്ലാതെ അനാഥരായി കഴിയുന്ന ബാല്യങ്ങൾക്ക് യഥാശക്തി സഹായങ്ങളും നൽകാം.

കരുണയുടെയും ,നന്മയുടെയും നവരാത്രി ദീപങ്ങൾ നമ്മുടെ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ അങ്ങനെ തെളിയട്ടെ.