യുഗപുരുഷൻ വന്നപ്പോൾ: കഥ , ഗംഗാദേവി കെ എസ്

യുഗപുരുഷൻ വന്നപ്പോൾ: കഥ , ഗംഗാദേവി കെ എസ്

    പതിവില്ലാതെ പ്രഭാത മണിയുടെ ശബ്ദം കേട്ടാണ് കപ്യാർ ജോബ് ഉണർന്നത്.

 "കർത്താവേ, ഞാൻ എത്തുന്നതിനു മുമ്പ് ആരാണോ ഈ മണിയടിച്ചത് " ? എന്നു പറഞ്ഞു  കിടക്കയിൽ നിന്ന് ഒരു ഓട്ടമായിരുന്നു. ജോബിന്റെ ഓട്ടം ഉറക്കത്തിന്നിടയിൽ ത്രേസ്യാമ്മ കണ്ടു
 " അച്ചായന് മിണ്ടാതെ പൊക്കൂടേ.. പോകുന്നത് എല്ലാരെയും അറിയിച്ചോണ്ടാണോ ?" ത്രേസ്യാമ്മ  കിടക്കയിൽ കിടന്ന് ചോദിച്ചു
 "എടീ.. ആരോ മണിയടിച്ചു ! പള്ളി മണി " എന്നു പറഞ്ഞ് അഴയിൽ നിന്ന് ഷർട്ടും മാസ്ക്കും എടുത്തു കൊണ്ട് അയാൾ താഴെയ്ക്ക് ഓടി ത്രേസ്യാമ്മ അതൊന്നു കേട്ടതു തന്നെയില്ല. അവർ ഉറക്കത്തിലേയ്ക്ക് പൂർണ്ണമായി  വഴുതി വീണു. 

ജോബ്  തിടുക്കത്തിൽ  വീടിന്റെ  പ്രധാന കവാടം തുറന്നിറങ്ങുമ്പോൾ പുറത്തു നല്ല ഇരുട്ട്.  വെപ്രാളം കൊണ്ട് അയാൾ ഇടയ്ക്ക് വീഴാൻ തുടങ്ങുന്നുണ്ടായിരുന്നു. അപ്പന്റെ ബഹളം കേട്ട് മരുമകൾ വാതിൽക്കൽ എത്തി. അവളെ കണ്ടതും "എടീ എന്റെ മൊബൈൽ  ഇങ്ങെടുത്തേ, ഈ ഇരുട്ടത്ത് പളളി വരെ എത്തണ്ടേ "...

 " ഞാൻ ഇച്ചായനെ വിളിക്കാം " അവൾ മൊബൈൽ കൊടുക്കുന്നതിനിടയിൽ പറഞ്ഞു.

 "ഓ..... വേണ്ട വേണ്ട " എന്നു പറഞ്ഞു  അയാൾ ഓടി . നോക്കുമ്പോൾ പള്ളി മണിയുടെ താഴെ ആരോ ഒരാൾ നിൽക്കുന്നു. വളരെ സാവധാനമാണ് പിന്നെ ജോബ് നടന്നത്. മനസ്സിൽ പല വിധ ചിന്തകൾ കയറിയിറങ്ങി' ദേഹം മുഴുവൻ ചോരവാർന്ന് തലയിൽ ഒരു മുൾക്കിരീടവുമണിഞ്ഞ്...ആരാണിത് .. ക്ഷീണിതനെങ്കിലും പ്രസന്നമാണ് ആ മുഖം . ഒരു ചെറു പുഞ്ചിരി ജോബിനു നേരെ നോക്കി വർഷിക്കയാൽ ധൈര്യം സംഭരിച്ച് ജോബ്  ചോദിച്ചു
               "അയ്യോ ! നിങ്ങൾ , ആര? ചോര ഒലിക്കുന്നുണ്ടല്ലോ?" വിറയാർന്ന ശബ്ദത്തോടെ ഒരു ദീർഘ നിശ്വാസം വിട്ട് ഒന്ന് നിശബ്ദനായി ജോബ്. ഒരു നിമിഷത്തേ മൗനത്തിനു ശേഷം " ആശുപത്രിയിൽ പോകണോ ? എന്തായാലും ഉള്ളിലിരിക്കാം. നിങ്ങളെപോലെ ഒരാൾ ഇതിന്റെ ഉള്ളിലുമുണ്ട്. ഏതു നീ ചന്മാരാണോ  ഇതു ചെയ്തത്. എന്തായാലും ഉള്ളിലിരിക്ക് ഞാൻ അച്ചനെ വിളിക്കട്ടേ. നിങ്ങളുടെ മുറിവിൽ മരുന്നു വയ്ക്കാൻ എന്റെ മരുമകളെ വിളിക്കാം : അവൾ നേഴ്സാണേ ." ഇങ്ങനെ പറഞ്ഞു കൊണ്ട് തന്റെ ടച്ച്  സ്ക്രീൻ മൊബൈൽ എടുത്ത്  വരച്ചു. മരുമകളുടെ മൊബൈലിൽ നിന്ന് നല്ലൊരു ക്രിസ്തീയ ഗാനം കേട്ടു ....

    മരുമകളോട് സംസാരിച്ചു കൊണ്ട്, മുറിവേറ്റ നിലയിൽ കണ്ട ആളെയും കൂട്ടി പള്ളിയ്ക്കകത്തേക്കു നടന്നു ജോബ് . പള്ളി വാതിൽ മലർക്കെ തുറന്നു കിടക്കുന്നു. അത്ഭുതത്താലും  ഭയത്താലും  അയാൾ പകച്ചു നിന്നു . ഫോൺ തനിയെ നിന്നു. തുറന്നു കിടക്കുന്ന വാതിലിലൂടെ കയറി പ്രാർത്ഥനാ ബഞ്ചിൽ ഇരിക്കാൻ ആംഗ്യം കാട്ടി. 

രൂപക്കൂടുതുറന്നു കിടക്കുന്നത് കണ്ട് "അയ്യോ ! അച്ചാ ....."എന്നു വിളിച്ച്  ജോബ് അരമനയിലേയ്ക്ക് ഓടി ....

           മണിയടി ഒച്ച കേട്ട് അച്ചനും ഉണർന്നിരുന്നു. 
"എന്തേ താൻ നേരത്തേ മണിയടിച്ചത് ?"  
അച്ചാ....വേഗം : വേഗം.... അണച്ചുകൊണ്ട് ജോബ് പറഞ്ഞു. "അവിടെ .... അവിടെ ....." 
ജോബിന്റെ വാക്കുകൾ കേൾക്കാതെ അച്ചൻ ഓടി. അൾത്താരയിൽ രൂപമില്ല 
" ജോബേ : കർത്താവ് ...." അച്ചൻ മുഴുവനാക്കിയില്ല. 
പ്രാർത്ഥനാ ബഞ്ചിൽ മുൾക്കിരീടവുമായി ഇരിക്കുന്ന തേജസാർന്ന രൂപത്തിനടുത്തെത്തി അച്ഛൻ മുട്ടുകുത്തി ." അച്ചാ..എന്താ ഈ കാണിക്കുന്നത് ?" ജോബ് ചോദിച്ചു.

        അതിന് ശാന്തമായ ഒരു ശബ്ദമാണ് മറുപടിയായി കേട്ടത്.  ചോരപുരണ്ട നിലയിൽ പ്രത്യക്ഷപ്പെട്ട ആളിൽ നിന്നാണ് ശബ്ദം ഗമിച്ചത്
 "അന്നും ഇന്നും സ്നേഹത്തിനും ത്യാഗത്തിനും വേണ്ടി ഞാൻ നിങ്ങൾക്ക് വഴി കാട്ടിയായി നിൽക്കുന്നു ...... ''

കുറച്ച് ഒരു മൗനത്തിനു ശേഷം ''എന്നിട്ട് നിങ്ങളോ ?''  അകലങ്ങളിലേയ്ക്ക് നോക്കി ആ തേജോമയൻ  ഇരുന്നു .... ആ കാൽക്കൽ മുട്ടുകുത്തി അച്ചനും അത്ഭുതത്തോടെ ജോബും നിന്നു .
         "ഈ മഹാമാരിയിൽ പള്ളിയിൽ വരാതെ വീട്ടിലിരുന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്നവരെ ഞാൻ അറിയുന്നു. എന്നാൽ പള്ളിയ്ക്കും പട്ടക്കാർക്കും വേണ്ടി തർക്കവും വഴക്കും ..... ഇത് നിർത്തി പ്രാർത്ഥനയും ദാനവും ആയി നീങ്ങിയാൽ മഹാവിപത്തുകളിൽ നിന്ന് ഒഴിവാകാം " 

സ്നേഹ ബഹുമാനത്തോടെ ആ ശാന്തമായ വാക്കുകൾ കണ്ണീരോടെ ശ്രവിച്ചു കൊണ്ട് അച്ചൻ ഇരിക്കുമ്പോൾ പള്ളിക്കമ്മിറ്റിയിലെ കുറച്ചുപേർ അവിടെയ്ക്ക് ഓടി എത്തി. കൂട്ടത്തിൽ ജോബിന്റെ മരുമകളും മകനും മരുന്നും മറ്റുമായി എത്തി. 

"എന്താ പറ്റിയത് അച്ചാ... ആരാണ് രൂപ കൂട് തുറന്ന് കർത്താവിനെ മോഷ്ടിച്ചത് ?"  ഗംഭീര ശബ്ദത്തോടെ ഒരാൾ ചോദിച്ചു.

   അച്ചൻ ഒന്നും തന്നെ കേട്ടില്ല, ജോബ് മുമ്പിൽ ഇരിക്കുന്ന ദേവനിലേയ്ക്ക് കൈ ചൂണ്ടി. 

"ആഹ .. ഇവനാണോ മോഷ്ടിച്ചത് ?". അവർ ദേഷ്യത്തോടെ ദേവന്റെ അടുക്കലേയ്ക്ക് എത്തി. അദ്ദേഹത്തെ കണ്ടതിന്റെ അത്ഭുതത്തിലും സന്തോഷത്തിലും മതി മറന്നിരിക്കുന്ന അച്ചനെ തള്ളിമാറ്റി :

 " ഇവനെ പിടിച്ചു കെട്ട് "എന്നു പറഞ്ഞ് അവർ രണ്ടു വശത്തുമായി പിടിച്ചു .
തന്റെ രണ്ടു കരങ്ങളും പിടിച്ചു നിൽക്കുന്ന അവരെ അദ്ദേഹം ശാന്തനായി  നോക്കി. പെട്ടെന്ന് വിളക്കുകൾ അണഞ്ഞു. വല്ലാത്തൊരു ഇരുട്ട് എങ്ങും വ്യാപിച്ചു. തപ്പിത്തടഞ്ഞ് ജോബ് വാതിലുകൾ തുറന്നു . 
വാനിൽ പുഞ്ചിരി തൂകി സൂര്യൻ എത്തി കഴിഞ്ഞിരുന്നു സൂര്യ പ്രഭയിൽ അൾത്താരയിലേയ്ക്ക് അച്ചൻ നോക്കി, അവിടെയ്ക്ക് പതുക്കെ നടന്ന് മെഴുകുതിരികൾ കൊളുത്തിയ  രൂപ കൂടിനുള്ളിൽ കർത്താവ് കുരിശും പേറി നിൽക്കുന്നു.
        "എടാ ! അവൻ പോയി : അവൻ ഒറ്റയ്ക്കല്ല ! "ഒരാൾ പറഞ്ഞു. പക്ഷേ മറ്റുള്ളവർ അൾത്താരയിലേയ്ക്ക് നോക്കി നിന്നു . രൂപക്കൂട്ടിലെ ദേവന്റെ മുമ്പിൽ എല്ലാവരും അത്ഭുതത്തോടെ മുട്ടുകുത്തി പ്രാർത്ഥിച്ചു ........

ഗംഗാദേവി കെ എസ്

(20-12-2020- മാതൃഭൂമി വാരാന്ത പതിപ്പിലെ . Dr. സൂരജ് ജോർജ് ചിട്ടാപ്പിള്ളിൽ എഴുതിയ ' ഞാൻ ഒരിക്കൽ കൂടി ഈ ലോകത്തിലേക്ക് വന്നാൽ നിങ്ങൾ എന്നേ സ്വീകരിക്കുമോ ?,, എന്ന ലേഖനം വായിച്ചപ്പോൾ മനസ്സിൽ വന്നതാണ് ..... ഈ കഥ ]