തലമുറ: കവിത , രാജു കാഞ്ഞിരങ്ങാട്

തലമുറ: കവിത , രാജു കാഞ്ഞിരങ്ങാട്

കിഴക്കേ തളത്തിൽ
ചാരിവെച്ചിരിക്കുന്നു
ഒരു ചാരുകസേര

കാലുകൾ വളഞ്ഞ്
കൈയുകൾ തിരിഞ്ഞ്

എണ്ണയും, കുഴമ്പുംപുരണ്ട്
ചുക്കിച്ചുളിഞ്ഞ്
പിന്നിയ തുണി

ഉറക്കുത്തിയ
ഊന്നുകമ്പിൽഉറപ്പിച്ച്
ചാരിവെച്ചിരിക്കുന്നു
എപ്പൊഴും ചരിഞ്ഞു വീഴാമെന്ന
പാകത്തിൽ

എത്രകാലം തലയുയർത്തി
നെഞ്ചുവിരിച്ച്
മുറുക്കിച്ചുവപ്പിച്ച് നീട്ടി തുപ്പി

ആജ്ഞാപിച്ച്
അട്ടഹസിച്ച്
പൊട്ടിച്ചിരിച്ച്

കുമ്പിട്ടതലകളിൽ
കൈകൊണ്ടു മാത്രമല്ല
"കാലു കൊണ്ടും "-
അനുഗ്രഹിച്ച്

ഉടയോൻ്റെ ഇംഗിതത്തിനു -
വഴങ്ങി
അടിയാത്തി പെണ്ണുങ്ങളുടെ
കണ്ണീരും
ചോരയും ഒഴുക്കിയതാണ്.

തൊട്ടടുത്ത്,
കാലിൻമേൽ കാൽകയറ്റി
ഞെളിഞ്ഞിരിക്കുന്നുണ്ടൊരു
പുത്തൻ കസേര

പരിസരബോധമില്ലാതെ
വാക്കോ നോക്കോയില്ലാതെ
ഉള്ളങ്കൈയിലെ മൊബൈലിൽ -
മാത്രം കണ്ണുംനട്ട്

കീബട്ടനുകളെ ആയുധമാക്കി
ചെറുചിരിയാലെ യുദ്ധം ചെയ്ത്
കായികാദ്ധ്വാനമില്ലാതെ
കളങ്കത്തിൻ്റെ കാകോളത്താൽ

ഒരു രാജ്യം തന്നെ
പിടിച്ചടക്കുന്നുണ്ട്

 

 

രാജു, കാഞ്ഞിരങ്ങാട്