ഓരോ പ്രഭാതത്തിലും മലയാളിയെ പാട്ടുപാടി ഉണർത്തുന്ന മഹാപ്രതിഭയ്ക്ക്- പ്രിയപ്പെട്ട ദാസേട്ടന് ഇത് ശതാഭിഷേകവേള. ആയിരം മാസം ജീവിച്ച്, ആയിരം പൂർണചന്ദ്രന്മാരെ കാണാനാവുന്ന ശുഭ മുഹൂർത്തമാണ് ശതാഭിഷേകം(84ാം പിറന്നാൾ ) .
ഈ നൂറ്റാണ്ട് മലയാളത്തിന് സമ്മാനിച്ച അമൂല്യനാദ സൗന്ദര്യമാണ് ലോകത്തിനു മുന്നിൽ മലയാളിയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായ യേശുദാസ്. പഴയ തലമുറയും പുതു തലമുറയും ഒരുപോലെ ആസ്വദിക്കുന്ന ഗാനങ്ങളാണ് ദാസേട്ടന്റെത് . ആ നാദമിങ്ങനെ ഓരോ പുലരിയിലും ആഘോഷവേളകളിലും മധുരിമയാർന്ന ഗാനങ്ങളായി ഓരോ മലയാളിയുടെയും മനസിലെത്തികൊണ്ടേയിരിക്കും.
""ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്''
എന്ന ശ്രീനാരായണ ഗുരുവിന്റെ പ്രസിദ്ധമായ ശ്ലോകം ചൊല്ലി 1961ൽ അരങ്ങേറ്റം കുറിച്ച യേശുദാസ് പിന്നീട് ചലച്ചിത്ര ഗാന രംഗത്തെ ആരാധ്യ മാതൃകയായി മാറുകയായിരുന്നു.
വിണ്ണിൽ നിന്നും മണ്ണിലിറങ്ങിയ ഗന്ധർവഗായകന്റെ ഗാനങ്ങൾ തുടർന്നിങ്ങോട്ട് ശ്രുതിയും ലയവും തെറ്റാതെ, കരയുമ്പോഴും ചിരിക്കുമ്പോഴും കൂടെചേരുന്ന
ശബ്ദ വിസ്മയമായി മലയാളിയുടെ സന്തോഷത്തിലും ഭക്തിയിലും പ്രണയത്തിലും വിരഹത്തിലും ശോകത്തിലും ലക്ഷക്കണക്കിന് ഹൃദയങ്ങൾ കീഴടക്കി സംഗീതത്തിന്റെ നാദപ്രപഞ്ചം തീർത്തുകൊണ്ടേയിരിക്കുന്നു.
"താമസമെന്തേ വരുവാൻ പ്രാണസഖീ എന്റെ മുന്നിൽ', അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം, ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്തീടാം തുടങ്ങി ഒട്ടനവധി ഗാനങ്ങൾ..വിദേശ ഭാഷകൾ ഉൾപ്പെടെ അരലക്ഷത്തിലധികം ഗാനങ്ങൾ ആലപിച്ച യേശുദാസ് മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും പാടിയ ഗാനങ്ങളും ഹിറ്റായി.
പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ അടക്കമുള്ള വിവിധ ബഹുമതികൾ ലഭിച്ചു. മികച്ച ഗായകനുള്ള ദേശീയ സിനിമാ പുരസ്ക്കാരം എട്ടു തവണ സ്വന്തമായി. വിവിധ ഭാഷകളിലായി 43 സംസ്ഥാന അവാർഡുകൾ . ഇതിൽ കേരള സർക്കാറിന്റെ 25 പുരസ്ക്കാരമടക്കം നേടിയിട്ടുണ്ട്
കാട്ടശേരി ജോസഫ് യേശുദാസ് എന്നാണ് യേശുദാസിന്റെ പേര് .1940 ജനുവരി പത്തിന് ഫോര്‍ട്ട് കൊച്ചിയില്‍ സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന് ജോസഫിന്റെയും എലിസബത്ത് ജോസഫിന്റെയും മകനായിട്ടായിരുന്നു ജനനം. പിതാവ് അഗസ്റ്റിനായിരു ന്നു സംഗീത വഴികളിലെ ആദ്യഗുരു.
വയലാറിന്റെ ശിപാർശയിൽ ദേവരാജൻ മാഷ് ഈണമൊരുക്കിയ ‘ഭാര്യ’ എന്ന ചിത്രത്തിലെ ‘ദയാപരനായ കർത്താവേ’ എന്ന പാട്ടായിരുന്നു അദ്ദേഹത്തിന്റെ സംഗീതജീവിതത്തിലെ വഴിത്തിരിവ്. യേശുദാസ്-ദേവരാജൻ കൂട്ട് അവിടെ തുടങ്ങി.
ഭാര്യ പ്രഭയ്ക്കൊപ്പം അമേരിക്കയില്‍ ഡാലസിലാണ് യേശുദാസ് താമസം. വിനോദ്, പിന്നണിഗായകനും നടനുമായ വിജയ് യേശുദാസ്, വിശാൽ എന്നിവരാണ് മക്കൾ.
ശ്രുതി മധുരമായ ഒരുപിടി ഗാനങ്ങളിലൂടെ നിലക്കാത്ത ആ ഗന്ധർവ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു, മലയാളി ഗാന ഗന്ധര്‍വ്വനെ കേട്ടുകൊണ്ടേയിരിക്കുന്നു.