പുതിയ തുടക്കങ്ങൾ: കവിത , മിനി സുരേഷ്

പുതിയ തുടക്കങ്ങൾ: കവിത , മിനി സുരേഷ്
ഹൃദയമിന്നു പഠിച്ചിരിക്കുന്നു
ഭൂതകാലത്തോടു പൊറുക്കുവാൻ
ആധിയുമാവലാതികളും
ഒഴുകിയെത്തും മൂർച്ചയേറിയ പ്രതിഷേധങ്ങളിൽ
പ്രതിരോധമുതിർക്കുമാത്മഗതങ്ങളെല്ലാം
ചെറുനിശ്വാസക്കാറ്റിലകലുന്നു.
വെയിൽ നുണഞ്ഞ പകലുകളും
പെരുമഴകളിൽ തകർത്താടി മറഞ്ഞ രാവുകളും
ഒഴുകിത്തീരാതെ സൂക്ഷിച്ച നൊമ്പരങ്ങളും
ആരൊക്കെയോ വേട്ടയാടിരസിച്ചതിൻ 
മായാത്ത മുറിപ്പാടുകളും
മങ്ങിമയങ്ങും പ്രതീക്ഷകളുമായി
ജന്മദീർഘം നടന്നതിന്നോർമ്മകൾ
മാത്രം...
നിരാശകളുടെ 
നിഴലനക്കങ്ങളും
വീർപ്പുമുട്ടിച്ച വർഷങ്ങൾക്കിപ്പുറം
തിരിഞ്ഞൊന്നു നോക്കുമ്പോൾ
ഓർക്കലല്ല ഓർത്തെടുക്കലുമല്ല ജീവിതം...
മടക്കയാത്രക്കൊരുങ്ങുമ്പോൾ മിന്നിപ്പൊലിഞ്ഞ്
മാഞ്ഞതത്രയും
മായാക്കാഴ്ചകൾ...
ഇതാദ്യമായറിയുന്നു
ഇത്രയും കാലം
നുകരാതെപോയ ജീവസ്പന്ദനം....
സമയമിനിയും കഴിഞ്ഞില്ല
സൂര്യനും മറഞ്ഞില്ല
പുതിയ പാതകളിൽ
പുതിയ തുടക്കങ്ങൾക്കായിനിയുമൊരുങ്ങാം....