യാത്രാമൊഴികൾ: കവിത, ബിനേഷ് ചേമഞ്ചേരി

മഴ കത്തിക്കരിഞ്ഞൊരു ചിതയിൽ
വെയിൽക്കുട്ടികൾ അസ്ഥി പെറുക്കുന്നു.
കവുങ്ങിൻപാള പാത്രത്തിലേക്കൊരു
തിരമാല അലറിക്കരഞ്ഞു
മുടിയഴിച്ചിടുന്നു.
മഞ്ഞൾപ്പൊടി കോലത്തിലൊരു
വാഴ നിന്നു കത്തുന്നു.
പിരിഞ്ഞു പോകലിന്റെ
അവസാന വാക്കും
കുപ്പിയിലേക്കെടുത്തടച്ച്
നനഞ്ഞൊരു കോറമുണ്ടിൻ കഷ്ണം
അരയിൽ ശേഷമായ് വരിഞ്ഞു കെട്ടുന്നു.
വീട് ഓർമ്മകളുടെ
മണം തപ്പിയെടുത്തൊരു
ഛായാചിത്രത്തിലടച്ചു വെക്കുന്നു.
രാത്രിയും പകലും മാറി മാറി ശവക്കച്ച തുന്നുന്നു.
ബിനേഷ് ചേമഞ്ചേരി