ജീവിതത്തിന്റെ നിറങ്ങൾ; കഥ, ആദർശ് പി സതീഷ് 

ജീവിതത്തിന്റെ നിറങ്ങൾ; കഥ,  ആദർശ് പി സതീഷ് 

ന്തൊക്കെ മുൻകരുതലുകൾ വേണം? എന്തു പറയണം?  എങ്ങനെ പറയണം?  അതോ കാണണോ?  ഈ വിധ ചിന്തകളാൽ അയാളുടെ മനസ്സ് അസ്വസ്ഥമായി .ഒടുവിൽ ചെന്നു കാണണം എന്നു തന്നെ ഉറപ്പിച്ചു.

 എന്തായാലും അവർ തന്റെ  സഹപ്രവർത്തകയായിരുന്നില്ലേ ? സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ള ഒരു സ്ത്രീയായിരുന്നില്ലേ? തന്നെക്കാൾ ശമ്പളം വാങ്ങുന്ന തന്റെ മേലുദ്യോഗസ്ഥയല്ലേ . അതിനെല്ലാത്തിനുമുപരി പണ്ടെങ്ങോ താൻ സ്നേഹിച്ച ,ഉള്ളിൽ  അവർ പോലുമറിയാതെ........ഏറെനാൾ, വിവാഹം കഴിയുന്നതുവരെ താൻ സ്നേഹിച്ച അവരെ ഇങ്ങനെ ജീവിതത്തിന്റെ  അവസാന രംഗത്തിൽ എത്തിനിൽക്കുമ്പോൾ താൻ കാണണ്ടേ ?

അയാൾ പോകാൻ തന്നെ തീരുമാനിച്ചു .

മകൾ സ്കൂളിൽ നിന്നും വന്നിട്ടില്ല . ഭാര്യ ജോലിസ്ഥലത്തുനിന്നും. ഒരു മാസ്ക് എടുക്കണോ?

 ഒടുവിൽ വേണ്ടെന്നു തന്നെ തീരുമാനിച്ചു . വീട് പൂട്ടി പുറത്തിറങ്ങി. താക്കോൽ അപ്പുറത്തെ രാധാമണി അമ്മാളുടെ കയ്യിൽ ഏൽപ്പിച്ച് അയാൾ പുറപ്പെട്ടു.

 നിരത്തിൽ നിന്നും നെയ്യപ്പത്തിന്റേയും ഉണ്ണിയപ്പത്തിന്റെയും ഗന്ധം  അയാളുടെ നാസികയിലേക്കിരച്ചുകയറി. പലഹാരക്കടകൾക്കും വളക്കടകൾക്കും ഇടയിലൂടെ ബൈക്ക് കടന്നു പോയി. ഒരു ചായക്കായി അയാളുടെ തൊണ്ടവറ്റി. എങ്കിലും അയാൾ  നിർത്താതെ മുന്നേറി .

വണ്ടി പതിയെ നഗരത്തിലെ രൂക്ഷമായ പൊടിമണങ്ങളിലേക്ക് എത്തിപ്പെട്ടു. ഏതായിരുന്നു ആ  വീട്?

 അയാളത്  മറന്നു. എന്നാലും അത് ഓർത്തെടുക്കാൻ അയാൾ ശ്രമിച്ചു.

 പണ്ടെങ്ങോ അവരുടെയും ഭർത്താവ് സാഗർ ബിന്ദ്രയുടെ വിവാഹ വാർഷികത്തിന് പോയതായിരുന്നു. മുഴുക്കുടിയന്മാർക്കിടയിൽ  അന്ന് വീർപ്പുമുട്ടി ആ വീട്ടിൽ നിന്ന് ഇറങ്ങിയതും വിവിധ വർണ്ണങ്ങളിലുള്ള ലൈറ്റുകൾ തന്നെ തലചുറ്റിച്ചതും അയാളോർത്തു. ഒടുവിൽ ആ വീടും അയാൾ ഓർത്തെടുത്തു.

 തുടക്കത്തിൽ വീടുകണ്ട് സംശയിച്ചു. പഴയ ആഡംബരത്തിന്റെ  എല്ലും തോലും മാത്രമായിരുന്നു ആ മാളിക.

ബൈക്ക്  മറുവശത്തെ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിട്ട് അയാൾ  വിറച്ചു വിറച്ചു വീടിനടുത്തെത്തി.

 കോളിംഗ് ബെൽ അമർത്തിയതിനുശേഷം താൻ എന്തോ അപരാധം ചെയ്ത പോലെ അയാളുടെ മുഖം മാറ്റപ്പെട്ടു .

താൻ അവിവേകം  പ്രവർത്തിച്ചു എന്നയാൾക്ക് തോന്നി.

 വീടിനുള്ളിൽ ഞരക്കം കേട്ടു. വാതിൽ തുറക്കപ്പെട്ടു.

 ഒരു നിമിഷം അയാൾ വിറച്ചു. ഏതോ അപരിചിതമായ വന്യജീവിയെ കാണുന്നത് പോലെ അയാൾ അവരെ നോക്കി .

"ഓ വെൽക്കം മിസ്റ്റർ സുദേവ് " 

 അവർ സ്വാഗതം ചെയ്തു. 

വായ മൂടിയിരിക്കുന്ന മാസ്കിലൂടെ തപ്പിത്തടഞ്ഞ് അവരുടെ ശബ്ദം പുറത്തുവന്നു. 

 അയാളുടെ മുഖത്ത് വികൃതമായ ഒരു ഭാവം വന്നെത്തി. അത് പരിഹരിക്കാൻ ശ്രമിക്കുന്തോറും കൂടുതൽ വികൃതമായി.

ഇതായിരുന്നോ താൻ ഇഷ്ടപ്പെട്ടിരുന്ന വീണ എന്ന വീണ കുമാരി. കണ്ണുകളിൽ വസന്തം വിടർന്നു നിന്ന വീണ. വിവാഹിതയാണെന്ന് അറിഞ്ഞിട്ടും ആരോരുമറിയാതെ താൻ  ഉള്ളിൽ സ്റ്റേഹിച്ച വീണ. അയാൾ അജ്ഞാത യിലേക്ക് നോക്കി പഴിച്ചു.

" വരൂ അകത്തിരിക്കാം "

 അവർ ക്ഷണിച്ചു .

ഒരു യന്ത്രത്തെപ്പോലെ അയാൾ അകത്തേക്ക് കയറി . ഒരു മോർച്ചറിയിൽ കയറിയ അനുഭവമാണ് അയാൾക്ക് ആ വീടിനുള്ളിൽ അനുഭവപ്പെട്ടത്.  അയാൾ അവർക്ക് അഭിമുഖമായി ഒരു സോഫയിൽ ഇരുന്നു .

" എന്താ ആകെ നെർവസ്സായോ? "

  അവർ ചോദിച്ചു. അയാൾ അർത്ഥമില്ലാതെ തലയാട്ടി .

"എന്നെ ഈ അസുഖം വിഴുങ്ങി കൊണ്ടിരിക്കുകയാണ്.  ആരും തിരക്കി വന്നില്ല, ആരും. 

 പക്ഷേ സുദേവ്, അയാം റിയലി സർപ്രൈയ്സ്ഡ് "

 അയാൾ ഒരു വിഷാദച്ചിരി ചിരിച്ചു.

 എങ്ങനെ പെരുമാറണമെന്ന് അയാൾക്കൊരു നിശ്ചയവുമില്ല . ഇതിനു മുൻപ് ഒരിക്കലും ഇത്തരം രോഗം ഉള്ള ഒരാളെ  അയാൾ കണ്ടിരുന്നില്ല.

'' എന്നാലും ഇതെങ്ങനെ സംഭവിച്ചു "

അയാളിൽ ജിജ്ഞാസ യുയർന്നു.

" ബിന്ദ്ര  അയാൾ തന്നതാണ്. ദാറ്റ് റാസ്കൽ"

 കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന തന്റെ ഭർത്താവിനെപ്പറ്റി അവർ കൂടുതൽ ഒന്നും പറഞ്ഞില്ല.  ബിന്ദ്രയെപ്പറ്റി സുദേവുമെന്തൊക്കെയോ കേട്ടിട്ടുണ്ട്.  അയാളൊന്നും കാര്യമായി എടുത്തിട്ടില്ല. പക്ഷേ ഇപ്പോൾ........

" എന്നാലും മാഡം ഓഫീസിൽ ജോയിൻ ചെയ്യണം "

 അയാൾ പറഞ്ഞു.

" എനിക്കതിനാവില്ല. ഞാൻ റിലീവ് ചെയ്തു കഴിഞ്ഞു ."

അവരുടെ തൊണ്ടയിടറി.

 എത്ര ആളുകൾ, എത്ര ആഡംബരങ്ങൾ, എത്ര ആഘോഷങ്ങൾ. എല്ലാത്തിനും സാക്ഷിയായി വീട്. ഒടുവിൽ പതനത്തിനും . ഇപ്പോളിവിടെ  ആരവങ്ങളില്ല .

" ഈ വീട്ടിലെങ്ങനെ ഒറ്റയ്ക്ക് ?"

 "ആരു പറഞ്ഞു ഒറ്റയ്ക്കാണെന്ന്. ഞങ്ങൾ മൂന്നു പേരാണ്. ഒന്ന് ഞാൻ. മറ്റുള്ള രണ്ടുപേരിൽ ഒന്ന് ഈശ്വരനും ഒന്ന് യമനും. രണ്ടുപേർക്കുമിടയിൽ ആണ് ഞാൻ."

 അവർ പൊട്ടിച്ചിരിച്ചു. പിന്നീട് ചുമച്ചു. ചുമരിലെ പെയിൻറിങ്ങുകൾ മിഴി പൂട്ടി ......

"മാഡം , ഞാൻ എന്നാൽ...." 

 അയാൾ സോഫയിൽ നിന്നും എഴുന്നേറ്റു . "പോവുകയാണല്ലേ?"

ഹൃദയവേദനയോടെ  അവർ ചോദിച്ചു.

 അയാൾക്കൊന്നും മറുപടി പറയാനായില്ല .

"എല്ലാവരും ഉപേക്ഷിച്ചിരിക്കുന്നു.  കൈപിടിച്ചുയർത്തിയവർ,  വളർത്തിയവർ , കൂട്ടുകാർ എല്ലാവരും.... സ്വന്തം മകൻ പോലും. തുലയട്ടെ, എല്ലാം പോകട്ടെ .

എങ്കിലും സുദേവ് ,താങ്കൾ....."

 അയാൾ അവരെ നോക്കിയില്ല. പക്ഷേ അവർ അയാളെത്തന്നെ നോക്കിക്കൊണ്ടിരുന്നു.

" എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല എന്ന് സുദേവിന് പറയാമോ ?

 അയാൾ പരുങ്ങി.  പരിഭ്രമിച്ചു . പക്ഷേ  ധൈര്യത്തോടെ അയാൾ പറഞ്ഞു.

 "ഞങ്ങൾക്കെല്ലാവർക്കും മാഡത്തോട്  സ്നേഹമായിരുന്നല്ലോ....."

" എന്നിട്ട് എല്ലാവരും എവിടെ  ഇവിടെ ആ സ്നേഹം അല്ല സുദേവിനെന്നോട് , അതുകൊണ്ടല്ലേ..... "

 അയാളുടെ മനസ്സിൽ ഓർമ്മകൾ അലതല്ലി. എങ്ങനെ ഇത് ? വീണ ഒരിക്കലും അറിയരുതെന്ന്, ആരും ഒരിക്കലും അറിയരുത് എന്ന് വിചാരിച്ച് ഒന്നും ,താനാരോടും  പറഞ്ഞിരുന്നില്ല . ആരോടും. എന്നിട്ടും എങ്ങനെ ?

 അയാൾ നിശബ്ദനായി നിന്നു .വിയർപ്പ് മുത്തുകൾ അയാളുടെ രോമങ്ങളിൽ നിന്നും ഷർട്ടിലേക്ക് ഇഴഞ്ഞ് ഇറങ്ങി. ഒരു കുറ്റവാളിയെപ്പോലെ. ഉരുകുന്ന മെഴുകുതിരി പോലെ അയാൾ അവിടെനിന്നു.

" ഐ വാണ്ട് യുവർ പ്രസൻസ്. എനിയ്ക്കിപ്പോഴാണത്  വേണ്ടത് .  ഒരു മേലുദ്യോഗസ്ഥയെ കാണുന്നതുപോലെയല്ലാതെ എന്നെ കണ്ടു കൂടെ?"

 അവർ വീണ്ടും അപേക്ഷിച്ചു.

 മുങ്ങിത്താഴുന്ന അയാൾക്ക് പിടിവള്ളി പോലെ ഒരു ഫോൺ കോൾ എത്തി .

"ഹലോ, ആ മോളെ അച്ഛൻ വരുവാ .

 വാങ്ങാം ശരി"

 അയാൾ ഫോൺ ഓഫ് ചെയ്തു .

''മോളായിരിക്കും "

" അതെ മാഡം" 

"എന്താ പറഞ്ഞത് ?

 അയാൾക്ക് പുതുജന്മം ലഭിച്ചു.

" അവൾക്ക് ചോക്ലേറ്റ് വേണമെന്ന് "

 ആശ്വാസത്തോടെ അയാൾ പറഞ്ഞു. "മോൾക്ക് ഏത് ഫ്ലേവർ ആണിഷ്ടം?" 

ആ ചോദ്യത്തിനുത്തരം അയാൾക്ക് അറിയില്ലായിരുന്നു.

 തലതാഴ്ത്തികൊണ്ട് അയാൾ  പറഞ്ഞു.

" അറിയില്ല "

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന ശരീരം അവർ സോഫയിൽ നിന്നും വേർപെടുത്തി, അകത്തേക്ക് പോയി. അവർ മറഞ്ഞപ്പോൾ അയാളിൽ നെടുവീർപ്പ് ഉയർന്നു .

അകത്തുനിന്നും ചില ചലനങ്ങൾ അയാൾ കേട്ടു. അല്പനേരം കഴിഞ്ഞവരെത്തി.

അവരുടെ കയ്യിൽ ഒരു മിഠായി പെട്ടി ഉണ്ടായിരുന്നു. 

''ഇത് മോൾക്ക് കൊടുക്കണം. എൻറെ മകന്  ഇഷ്ടമുള്ളതായിരുന്നു ."

അയാൾ നിശ്ചലനായി നിന്നു.

 "പേടിക്കേണ്ട അങ്ങനെയൊന്നും ഇത് പകരില്ല. സൂക്ഷിച്ചു തന്നെയാണ്  ഇതെടുത്തത് .

ഇതിൽ എല്ലാ ഫ്ളേവറുമുണ്ട് .

അവർ പുഞ്ചിരിച്ചുകൊണ്ട് അത്  നൽകി .

പക്ഷേ അവരുടെ പഴയ ആ ചിരി കാണാൻ അയാൾക്ക് കഴിഞ്ഞില്ല.

"ഇതിൽ ജീവിതത്തിന്റെ   പല നിറങ്ങളാണ്.  പല ഫ്ലേവറുകൾ ഉള്ള ജീവിതത്തിന്റെ   പല നിറങ്ങൾ."

 അയാളുടെ മനസ്സ് പശ്ചാതാപത്താൽ നിറഞ്ഞു. മിഠായി പെട്ടി സ്വീകരിച്ച് അയാൾ പുറത്തേക്കിറങ്ങി. ജീവിതത്തിന്റെ   നിറങ്ങളുള്ള ആ പെട്ടി നെഞ്ചോട് ചേർത്തു വച്ച് അയാൾ ബൈക്കിനരികിലേക്ക് നടന്നു.

 പിന്നിൽ ജീവിതത്തിന്റെ  കതകടയുന്ന ശബ്ദം അയാൾ കേട്ടു . നിറമുള്ള ജീവിതത്തിന്റെ  നാദം....

 

ആദർശ് പി സതീഷ്, മാവേലിക്കര.  ബി എ ഇക്കണോമിക്‌സ് ഫസ്റ്റ് ഇയർ വിദ്യാർത്ഥി