സല്‍സ്വഭാവി: തനി നാടൻ : പോൾ ചാക്കോ

സല്‍സ്വഭാവി: തനി നാടൻ : പോൾ ചാക്കോ


''സ്‌കൂളീന്നൊരു സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ കൂടി മേടിച്ചോ. ആവശ്യം
വന്നാലോ''


ജിമ്മിച്ചായന്‍ പറഞ്ഞു.

''ഞാന്‍ കൂടെ ഉള്ളതുകൊണ്ട്‌ വേണ്ടിവരില്ല, എന്നാലും...''

നിലത്ത്‌ നോക്കി മുഖം ഉയര്‍ത്താതെ അദേഹം തുടര്‍ന്നു.

ഒരു കാര്യവും മുഖത്ത്‌ നോക്കി പറയുന്ന സ്വഭാവം അങ്ങേര്‍ക്കില്ല.

എസ്‌.എസ്‌.എല്‍.സി ക്ക്‌ 247 മാര്‍ക്ക്‌ മേടിച്ച്‌ അസൂയാവഹമായ
വിജയം കരസ്ഥമാക്കിയ എന്നെ ഉന്നത വിദ്യാഭ്യാസത്തിന്‌
ചങ്ങനാശ്ശേരി എസ്‌. ബി കോളജില്‍ ചേര്‍ത്ത്‌ പഠിപ്പിക്കാനുള്ള
ഗൂഡാലോചനയുടെ ഒരു ഭാഗമാണ്‌ മുകളില്‍ കേട്ടത്‌.

ജിമ്മിച്ചായന്‍ എന്‍റെ കസിനാണ്‌. എസ്‌. ബി കോളജ്‌ ഡയറക്ടര്‍
ബോര്‍ഡ്‌ അംഗവും ഞങ്ങളുടെ ഒരകന്ന ബന്ധുവും കൂടിയായ ഡോ.
ടി. വി. ജോസ്സിനെ കണ്ട്‌ എന്‍റെ അഡ്‌മിഷന്‍ ശരിയാക്കാനാണ്‌ നീക്കം.
ഡോ. ജോസ്സുമായുള്ള ആ ബന്ധം പറഞ്ഞു ഫലിപ്പിക്കാന്‍
എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. പക്ഷെ അഡ്‌മിഷന്‌ വേണ്ടി ഓരോ
കരുക്കള്‍ ശ്രദ്ധാപൂര്‍വ്വം നീക്കുകയാണ്‌ എന്‍റെ ഭാവിയെപ്പറ്റി
എന്നേക്കാള്‍ ശ്രദ്ധാലുക്കളായ എന്‍റെ സഹോദരങ്ങളും ബന്ധുക്കളും.

''മാര്‍ക്കിത്ര അല്ലെ ഉള്ളു, ആഞ്ഞു പിടിക്കേണ്ടിവരും'' എന്‍റെ
കഴിവുകേടില്‍ ജിമ്മിച്ചായന്‍ കൂടുതല്‍ കളറടിക്കുകയാണ്‌.

എല്ലാം കേട്ട്‌ എന്‍റെ ചേട്ടന്‍ തോമസ്‌ അടുത്ത്‌ തന്നെ നില്‍പ്പുണ്ട്‌.
പലതും പറയാന്‍ കക്ഷിയുടെ നാക്ക്‌ ചൊറിയുന്നത്‌ എനിക്ക്‌ ഫീല്‌
ചെയ്യുന്നുണ്ട്‌ പക്ഷെ വാപൊളിച്ച്‌ ഒരക്ഷരം മിണ്ടാന്‍ പറ്റാത്ത
അവസ്ഥയിലാണ്‌ അദേഹം. കാരണം അദേഹത്തിനും
എസ്‌.എസ്‌.എല്‍.ക്ക്‌ കിട്ടിയ മാര്‍ക്ക്‌ 247 ആണ്‌. അതുപോലെ
ഇപ്പോള്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന എന്‍റെ മറ്റേ ചേട്ടനും.

ഒരേ വീട്ടില്‍ മൂന്ന്‌ ആണുങ്ങള്‍ക്ക്‌ എങ്ങനെ എസ്‌.എസ്‌.എല്‍.ക്ക്‌ 247
മാര്‍ക്ക്‌ തന്നെ കിട്ടി എന്നത്‌ ഇതുവരെ എനിക്ക്‌ പിടി കിട്ടാത്ത
അനവധി ചോദ്യങ്ങളില്‍ ഒന്നാണ്‌.

കാരണവന്മാരുടെ പ്രാര്‍ത്ഥന!

ഇന്നാണെങ്കില്‍ ഒരു അന്വേഷണ കമ്മീഷനെ വക്കാരുന്നു.

*
എന്‍റെ ഇപ്പോഴത്തെ ദൌത്യം കറിക്കാട്ടൂര്‍ സി. സി. എം സ്‌കൂളില്‍
നിന്നും ഒരു സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങുക എന്നതാണ്‌.

പുതിയതായി ചേരുന്ന എസ്‌. ബി കോളജ്‌ എന്ന പ്രസിദ്ധ
സ്ഥാപനത്തില്‍ കാണിക്കയായി നല്‍കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌
മേടിക്കാന്‍ എല്ലാരും പോകുന്നപോലെ ഞാനും പോയി.

തികച്ചും സല്‍സ്വഭാവിയായ എന്‍റെ സ്വഭാവം സ്‌കൂള്‍ ചരിത്രത്തില്‍
തന്നെ സുവര്‍ണ്ണ ലിപികളില്‍ ചാലിച്ചെഴുതാന്‍ പുതിയ വാക്കുകള്‍
പലതും കണ്ടുപിടിക്കേണ്ടി വരുമല്ലോ എന്നൊരു ടെന്‍ഷനോടുകൂടി
ആയിരുന്നു കറിക്കാട്ടൂര്‍ സി.സി.എം ഗൊവേന്ത സ്‌കൂളിന്‍റെ പടികള്‍
അവസ്സാനമായി ഞാന്‍ ചവിട്ടിയത്‌.

ചുറ്റും കണ്ണോടിച്ചപ്പോള്‍ ഞാന്‍ കൂടി സഹകരിച്ച്‌ നട്ട ഏത്ത
വാഴകളും സിംഹവാലന്‍ ചെടികളും ബോഗന്‍ വില്ലയും ഞാന്‍
കണ്ടു. ഇതൊക്കെ പോരെ സര്‍ട്ടിഫിക്കറ്റ്‌ കിട്ടാന്‍. ഞാന്‍ കൂടി
അദ്ധ്വാനിച്ച മുതലാ ഈ നിക്കണത്‌.

നടകള്‍ കയറി ഓഫീസ്സില്‍ എത്തിയപ്പോള്‍ പലവിധ
ആവശ്യങ്ങള്‍ക്കായി എത്തിയ മൂന്നാല്‌ കുട്ടികള്‍ പുറത്തു നില്‍ക്കുന്നു.
ചിലര്‌ ഒറ്റയ്‌ക്കും മറ്റു ചിലര്‍ അപ്പനേയും കൂട്ടി.

പൊന്തന്‍പുഴക്കാരി അന്നമ്മ ജോര്‍ജും ഉണ്ടായിരുന്നു കൂട്ടത്തില്‍.
അന്നമ്മക്ക്‌ കൈതപ്പൂ നിറമാണ്‌. ഞാന്‍ അവളെ നോക്കിയെങ്കിലും
അവള്‍ എന്നെ കണ്ടഭാവം കാണിച്ചില്ല. അവള്‍ക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ ഉണ്ട്‌.
അതാവും ഈ പുശ്ചം.

മെയിന്‍ ക്ലാര്‍ക്കിനെ കണ്ട്‌ ആവശ്യം അറിയിച്ചു. ലാലേട്ടനോട്‌
ഉസ്‌താദ്‌ ബാദുഷാ ഖാന്‍ പറഞ്ഞതുപോലെ ദക്ഷിണവക്കാനൊന്നും
ക്ലാര്‍ക്ക്‌ ദാമോദരന്‍ പറഞ്ഞില്ല.

പകരം രജിസ്റ്ററില്‍ നോക്കി എഴുതിക്കൊണ്ടിരുന്ന അയാള്‍ തല
ഉയര്‍ത്തി അത്ഭുതത്തോടെ കണ്ണുകള്‍ മിഴിപ്പിച്ച്‌ ചോദിച്ചു:

"നിനക്ക്‌ സ്വഭാവ സര്‍ട്ടിഫിക്കറ്റൊ! നിന്‍റെ സ്വഭാവമൊക്കെ എങ്ങനെ
ഞാന്‍ എഴുതി പിടിപ്പിക്കുമെടാ പോളെ"

മൂക്കില്‍ നിന്നും കണ്ണട എടുത്ത്‌ മാറ്റി, മുണ്ട്‌ ഊര്‍ന്നുപോകാതെ
കുത്തിപ്പിടിച്ച്‌ എഴുന്നേറ്റ്‌, വായില്‍ കിടന്ന മുറുക്കാന്‍ ജനല്‍
അഴികളിലൂടെ മുറ്റത്തേക്ക്‌ നീട്ടി തുപ്പി, പുറംകൈകൊണ്ട്‌ ചുണ്ട്‌
തുടച്ചിട്ട്‌ അയാള്‍ തുടര്‍ന്നു.

''പിള്ളേരും സാറന്മാരും ഒക്കെ നിന്നെ നല്ല പുളിച്ച തെറി
വിളിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ടല്ലോ"'

അയാളുടെ ചുണ്ടിലെ പരിഹാസം നിറഞ്ഞ ആക്കിയ ചിരി എനിക്ക്‌
സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

അന്നമ്മ ജോര്‍ജും കേട്ടുകാണും. ഞാനവളെ പാളിയൊന്ന്‌ നോക്കി.
പാതി ചിരിച്ച അവള്‍ ഞാന്‍ നോക്കുന്നത്‌ കണ്ടപ്പോള്‍ ചിരിയടക്കി.

ഞാനും വിട്ടില്ല.

എടുത്തടിച്ചപോലെ ഞാന്‍ പറഞ്ഞു:

''എങ്കില്‍ പിന്നെ അതെല്ലാം ചേര്‍ത്ത്‌ എഴുതി താ ദാമോദരന്‍ സാറേ"'

മുറിയില്‍ ഇരുന്നവരും സര്‍ട്ടിഫിക്കറ്റ്‌ മേടിക്കാന്‍ കാത്ത്‌ നില്‍ക്കുന്ന
മറ്റു കുട്ടികളും അതുകേട്ട്‌ ഉറക്കെ ചിരിച്ചു. അന്നമ്മ ജോര്‍ജും
അറിയാതെ ചിരിച്ചു. എന്‍റെ മനസ്സ്‌ കുളിര്‍ത്തു. ഇനി സര്‍ട്ടിഫിക്കറ്റ്‌
കിട്ടിയില്ലേലും വേണ്ടില്ല.

ദാമോദരന്‍ തീരെ പ്രതീക്ഷിച്ചില്ല ഒരു കിളുന്ത്‌ പയ്യനില്‍ നിന്നും
അത്രക്കും! അയാള്‍ ഒന്ന്‌ പകച്ചു. മറുപടിയായി എന്തെങ്കിലും
പറയാന്‍ അയാള്‍ക്ക്‌ വാക്കുകള്‍ കിട്ടിയില്ല.

സാധാരണ ആരെങ്കിലും എന്നെ 'ആക്കി'യാല്‍ അതും മേടിച്ച്‌
പോക്കറ്റില്‍ ഇട്ടോണ്ട്‌ പോരുന്ന സ്വഭാവമാ എനിക്കുള്ളത്‌. എന്നിട്ട്‌
വീട്ടിലിരുന്ന്‌ മോങ്ങും. എന്നാല്‍ ദാമോദരന്‌ ഉരുളക്കുപ്പേരി
കൊടുക്കാന്‍ പറ്റിയതില്‍ ഇന്നും ഒരു ചാരിതാര്‍ഥ്യം തോന്നുന്നു. ഒരു
ഉള്‍പ്പുളകം!

എത്ര മോശം സ്വഭാവമാണെങ്കിലും ''ഗുഡ്‌''അല്ലെങ്കില്‍ ''എക്‌സലന്‍റ്‌''

എന്നൊക്കെയേ എഴുതാന്‍ പാടുള്ളൂ എന്ന്‌ ഹെഡ്‌ മാസ്റ്റര്‍ ജോര്‍ജ്‌തോമസ്‌ സാര്‍

പ്രത്യേകം നിഷ്‌ക്കര്‍ഷിച്ചിരുന്നത്‌ കാരണം ദാമോദദരന്‍
എനിക്ക്‌ ''ഗുഡ്‌'' എന്നെഴുതിത്തന്നു. (പാവം തോമസ്‌ സാര്‍ മരിച്ചുപോയി)

പോരാന്‍ നേരത്ത്‌ ഞാനൊന്ന്‌ തിരിഞ്ഞു നോക്കിയെങ്കിലും വിട
പറയാന്‍ പോലും അന്നമ്മ ജോര്‍ജെന്നെ നോക്കിയില്ല.

ദാമോദരന്‍ അന്നെഴുതിത്തന്ന ആ സല്‍സ്വഭാവ ശ്രേയസ്സ്‌ ഇന്നും ഞാന്‍
പിന്തുടരുന്നു. കളങ്കമില്ലാത്ത സ്വഭാവം! എക്‌സലന്‍റ്‌ ആയോ
എന്നുപോലും ചിലപ്പോള്‍ തോന്നാറുണ്ട്‌.

പിന്നെ, ഇയ്യിടെയായി മുഖത്തുനോക്കി ആരും പുളിച്ച തെറികള്‍
പറയാറില്ല. ഇപ്പൊ കിട്ടുന്നത്‌ ഫേസ്‌ ബുക്കും വാട്ട്‌സ്‌ആപ്പും
വഴിയാണ്‌.