വിഷുക്കാലം: കവിത , റോയ് പഞ്ഞിക്കാരൻ

വിഷുക്കാലം: കവിത  ,   റോയ് പഞ്ഞിക്കാരൻ
വേനലിൽ അമരുന്ന 
വിഷുക്കാലം വീണ്ടും .
ആശകൾ ഒന്നൊന്നായി 
കൈവെള്ളയിൽ വെള്ളിനാണ്യങ്ങളായ് വീണിരുന്നൊരു കുട്ടിക്കാലം !
മഞ്ഞിമയാർന്നകൊന്നപ്പൂപോലെ 
മനസ്സിൽ കണിവട്ടമൊരുക്കുന്നു !
ഇന്ന് ,
വിഷുപ്പക്ഷിയുടെ 
വിഷാദഗാനം മാത്രം.... 
വെയിലേറ്റു വാടിയ 
കൊന്നപ്പൂക്കൾ ഉഷ്ണരാശിയിൽ!
പ്രതീക്ഷയോടെ
നീട്ടുന്ന കൈക്കുടുന്നയിൽ
വീഴുന്നതോ 
വർഗവിദ്വേഷത്തിന്റെ 
നാണയത്തുട്ടുകൾ !
കണ്ണാ നിന്നെ 
കാണാതിരിക്കാനായി 
എന്റെ കണ്ണുകളെ 
ആരോ  പൊത്തിപ്പിടിക്കുന്നു!
എങ്കിലും
മനസ്സിനുള്ളിൽ 
നിൻ മുളന്തണ്ടിന്റെ നേർത്തസംഗീതം ഇപ്പോഴും കേൾക്കാം ....
...........