അരിക്കൊമ്പന്മാർക്ക് വേണ്ടി ജനത്തെ കുരുതി കൊടുക്കരുത്

അരിക്കൊമ്പന്മാർക്ക് വേണ്ടി ജനത്തെ കുരുതി കൊടുക്കരുത്



ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ വര്‍ഷങ്ങളായി നാശം വിതയ്ക്കുന്ന കാട്ടുകൊമ്പന്മാരില്‍ വിനാശകാരിയായ , നിസഹായരായ ഏഴു മനുഷ്യരെ ചവിട്ടിക്കൊന്നെന്ന് വനം വകുപ്പിന്‍റെ കണക്കുകള്‍ തന്നെ പറയുന്ന അരിക്കൊമ്പനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കാനാവിന്ന നിലപാടിലാണ് കോടതി. ആനയെ എവിടെ വിടണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റുന്നതിൽ എതിർപ്പില്ലെന്നാണ് അറിയിച്ചത് .ഈ കൊമ്പനിൽ നിന്ന്  തലനാരിഴയ്ക്കു രക്ഷപ്പെട്ടവരും പരിക്കേറ്റവരുമൊക്കെയുണ്ട്. വീടുകളും കടകളുമേറെ കൊമ്പൻ നാമാവശേഷമാക്കി. ഏഴുപേരെ കൊന്ന ഒരാനയുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍വേണ്ടി നൂറുകണക്കിനാളുകളുടെ മനുഷ്യാവകാശങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുന്നത് എങ്ങനെ നീതീകരിക്കപ്പെടും .


ജനവാസ മേഖലയില്‍ നാശമുണ്ടാക്കുന്ന ആനയെ പിടികൂടി ആനക്യാമ്പിലെത്തിക്കാനുള്ള വനം വകുപ്പിന്റെ നീക്കം തടഞ്ഞ കോടതി ആനയുടെ ആക്രമണത്തില്‍ നിന്ന് പ്രദേശത്തുകാരെ രക്ഷിക്കാന്‍ മറ്റു വഴികള്‍ അന്വേഷിക്കട്ടെയെന്നാണ് നിര്‍ദേശിച്ചത് . അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി പ്രദേശത്ത് നിന്ന് മാറ്റുന്നതിനു പകരം ആനയുടെ പരാക്രമം മൂലം പ്രയാസം നേരിടുന്ന കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു കൂടെയെന്നാണ് കോടതി ചോദിച്ചത് . ആനയുടെ ക്രൂരതകള്‍ക്കിരയായ മനുഷ്യര്‍ രാത്രിയും പകലും തങ്ങള്‍ക്കും മക്കള്‍ക്കും സംഭവിച്ചേക്കാവുന്ന ദുരന്തമോര്‍ത്തു പേടിച്ച് കഴിയുന്നു. പ്രാണഭയത്താല്‍ പലര്‍ക്കും രാത്രിയില്‍ ഉറങ്ങാനാവുന്നില്ല. ഭീതിദമായ ഈ സാഹചര്യത്തില്‍  സര്‍ക്കാരിനു മുന്നില്‍ കൈകൂപ്പി നില്‍ക്കേ‍ണ്ടിവരുന്ന ജനങ്ങളുടെ ഗതികേട് ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല. ചർച്ചകൾക്കും വാദങ്ങൾക്കുമിടയിലും ആന, വേട്ട തുടരുകയാണ് . കഴിഞ്ഞ ദിവസവും ഒരു വീടു തകര്‍ത്തു. വയനാടിനെ വിറപ്പിച്ചിരുന്ന കാട്ടാനയെ പിടികൂടി മുത്തങ്ങ ആനപ്പന്തിയിലെത്തിച്ചതുപോലെ അരിക്കൊമ്പനെയും മയക്കുവെടി വച്ച് കോടനാട് ആനപ്പന്തിയിലെത്തിക്കാനായിരുന്നു വനം വകുപ്പിന്‍റെ നീക്കം.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കെയാണ് ഇതിനെതിരെ രണ്ടു വന്യമൃഗസ്നേഹികളുടെ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

'ഓപ്പറേഷന്‍ അരിക്കൊമ്പ'ന് രണ്ടു ദിവസം മാത്രം ശേഷിക്കെ മയക്കുവെടി വയ്ക്കുന്നത് കോടതി തടയുകയും ചെയ്തു. അരിക്കൊമ്പന്‍റെ വര്‍ഷങ്ങളായുള്ള ശല്യത്തിനു പരിഹാരമാകുമെന്നു കരുതിയ ചിന്നക്കനാല്‍, സിങ്കുകണ്ടം, 301 കോളനി, ചെന്പകത്തൊഴുകുടി, തോണ്ടിമല പ്രദേശങ്ങളിലെ ജനങ്ങള്ടെ ജീവന്റെ വിലയിലും വലുതാണോ അരിക്കൊ മ്പന്റെ ജീവനെന്നാണ് ഇവിടുത്തുകാർ ചോദിക്കുന്നത് .

വനാതിര്‍ത്തികളിലെ മനുഷ്യരുടെ ജീവനും സ്വത്തും അപകടത്തിലാക്കുംവിധം ഇടപെടുന്ന മൃഗസ്നേഹികളുടെ വാദങ്ങള്‍, മനുഷ്യജീവന് വില കൊടുക്കുന്നില്ല. ആനയെ പറന്പിക്കുളത്തേക്കു മാറ്റാനുള്ള കോടതിവിധി വന്നതിനു പിന്നാലെ, മുതലമടയിലെ ജനങ്ങള്‍ പ്രതിഷേധത്തിലായി ഹര്‍ത്താൽ നടത്തി . മുതലമട പഞ്ചായത്ത് കോടതിയെ സമീപിക്കുകയും ചെയ്തു.

ഒരിക്കല്‍ വന്യമൃഗങ്ങൾ വിഹരിച്ചിരുന്ന കേന്ദ്രങ്ങളിലാണ് ഇന്ന് മനുഷ്യരിലേറെയും വസിക്കുന്നത്. അതൊക്കെ ഒഴിപ്പിക്കുന്നത് നടക്കുന്ന കാര്യമല്ല . അരിക്കൊന്പന്‍ ഇപ്പോള്‍ ശല്യമുണ്ടാക്കുന്ന സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റിയാലും പുതിയ ജനവാസ കേന്ദ്രങ്ങളിലേക്കും കൊമ്പൻ എത്തുമെന്നാണ് ജനങ്ങള്‍ പറയുന്നത്.
ജീവഭയത്താല്‍ ഊണും ഉറക്കവും നഷ്ടപ്പെട്ട് ജീവിത മാർഗങ്ങൾ പോലും തേടാനാവാതെ വിഷമിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ ജീവൻ സംരക്ഷിക്കുകയാണ് പ്രധാനം. ജനങ്ങളുടെ സുരക്ഷയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കാന്‍ സര്‍ക്കാരിനും നിയമത്തിനും ഉത്തരവാദിത്വമുണ്ട്. അരികൊമ്പന്മാരുടെ വേട്ടയ്ക്ക് ജനങ്ങളെ ഇട്ടു കൊടുത്തല്ല മൃഗങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടതെന്ന് ഉത്തരവാദപ്പെട്ടവർ ഓർക്കുന്നത് നന്ന് .