ഞാനും നീയും...: കവിത , മജീഷ് തിരുവൻവണ്ടൂർ

 ഞാനും നീയും...:  കവിത , മജീഷ് തിരുവൻവണ്ടൂർ

 

ഞാനും നീയും

രണ്ടുദിശയിൽ നിന്നെത്തി

ഒരു ബിന്ദുവിൽ സംഗമിച്ചവരാണ്..

അരികുകൾ തെറ്റി

സമവാക്യങ്ങൾ

തിരുത്തി

കൂട്ടിയും, കുറച്ചും

ഒരു വൃത്തമായവർ..

ഗുണനങ്ങളിലും, ഹരണങ്ങളിലും

ശിഷ്ട്ടങ്ങൾ വന്നപ്പോൾ

അവയെ ചേർത്തുവച്ചു

നീക്കിബാക്കിയില്ലാതായവർ..

കണക്കുകൂട്ടലുകൾ പിഴച്ചു

വിരലിലെണ്ണുവാനൊക്കാതെപോയി 

കളങ്ങൾക്കുള്ളിൽ നിറഞ്ഞു

വീർപ്പുമുട്ടേറ്റവർ..

നമുക്കിടയിലാരോ സമാന്തരരേഖ

വരയ്ക്കുവാൻ കിണഞ്ഞു ശ്രമിച്ചിരുന്നു..

അതുമൊരു തലേവരതന്നെയായിരുന്നു

ആർക്കും മായ്ക്കുവാനവാത്ത,

അതിനു ശ്രമിക്കുമ്പോഴൊക്കെ

പരാജയപ്പെട്ടുപോകേണ്ടിവന്ന

നേർരേഖാശാസ്ത്രം....

നീളൻ വരകൾ വളഞ്ഞു

വൃത്തമായി, ഇതിവൃത്തമറിയാതെ

ശിഷ്ട്ടമായി അവശേഷിച്ചു പോകേണ്ടിവന്നവർ....