വിജിൽ തിരോധാന കേസ് ; അസ്ഥി കഷണവും പല്ലിന്റെ ഭാഗവും കണ്ടെത്തി

കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ. സരോവരത്ത് നടത്തുന്ന തെരച്ചിൽ വിജിലിൻറേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. അസ്ഥിഭാഗങ്ങളാണ് ലഭിച്ചത്. പല്ലുകളുടെയും വാരിയെല്ലിന്റേതെന്നും കരുതുന്ന അസ്ഥിയുടെയും ഭാഗങ്ങൾ ആണ് കണ്ടെത്തിയത്. സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി. വിജിലിൻറേതെന്ന് കരുതുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം ചതുപ്പിൽ നിന്നും കണ്ടെത്തിയിരുന്നു.
2019 മാർച്ച് 24നു വീട്ടിൽ നിന്നു ബൈക്കിൽ പോയ ശേഷം കാണാതായ ചുങ്കം വേലത്തിപ്പടിക്കൽ കെടി വിജിൽ (29) അമിതമായി ലഹരിമരുന്ന് ഉള്ളിൽചെന്നു മരിച്ചതായും തുടർന്ന് സുഹൃത്തുക്കൾ മൂന്നു പേർ ചേർന്നു തെളിവു നശിപ്പിക്കാൻ ചതുപ്പിൽ താഴ്ത്തിയെന്നുമാണ് കേസ്. വിജിലിന്റെ ശരീരാവശിഷ്ടത്തിന് വേണ്ടിയുള്ള ഏഴാം ദിവസത്തെ തെരച്ചിലിലാണ് വിജിലിൻറേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.
ബുധനാഴ്ച നടത്തിയ തെരച്ചിലിൽ സ്ഥലത്ത് നിന്ന് വിജിലിൻറേതെന്ന് കരുതുന്ന ഷൂ കണ്ടെത്തിയിരുന്നു. ഇടത്തേ കാലിൽ ധരിക്കുന്ന ഷൂ ആണ് ആറ് മീറ്ററോളം താഴ്ചയിൽ നിന്നും ലഭിച്ചത്. ഇത് വിജിലിന്റെ ഷൂ ആണെന്നാണ് പ്രതികളായ നിഖിൽ, ദീപേഷ് എന്നിവരുടെ മൊഴി. പൊലീസ് കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്ന ഈ രണ്ട് പേരുടെയും സാന്നിധ്യത്തിലാണ് പൊലീസ് തെരച്ചിൽ നടക്കുന്നത്. വിജിലിനെ ചവിട്ടിത്താഴ്ത്തി എന്ന് പ്രതികൾ കുറ്റസമ്മതമൊഴിയിൽ പറഞ്ഞ സ്ഥലത്തിന് സമീപത്താണ് ഷൂ കണ്ടെത്തിയത്.
2019 മാർച്ച് 24നാണ് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിലിനെ കാണാതാവുന്നത്. അമിതമായ തോതിൽ ലഹരിമരുന്നു കുത്തിവച്ചതിനെ തുടർന്നു മരിച്ച വിജിലിനെ, സരോവരം തണ്ണീർതടത്തിലെ 30 മീറ്റർ നീളത്തിലുള്ള കുഴിയിലെ ചതുപ്പിൽ കെട്ടിത്താഴ്ത്തി എന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി. കഴിഞ്ഞ മാസം 25നും 26നും സ്‌ഥലത്തു പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല