കാവേരി ജല തർക്കത്തിനിടെ മേട്ടൂർ അണക്കെട്ട് തുറക്കാൻ വിജയ്

Aug 28, 2026 - 19:58
 0  3
കാവേരി ജല തർക്കത്തിനിടെ മേട്ടൂർ അണക്കെട്ട് തുറക്കാൻ വിജയ്

ചെന്നൈ: കർണാടക സർക്കാരുമായി കാവേരി ജല തർക്കം തുടരുന്നതിനിടെ മേട്ടൂർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ തമിഴ്നാട്. സെപ്റ്റംബർ ഒന്നിന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് മേട്ടൂർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. കാവേരി ഡെൽറ്റയിലുടനീളം ജലസേചനം ആരംഭിക്കുന്നതിനും പുതിയ തയ്യാറെടുപ്പുകൾ നടത്തുന്നതിനും കാലതാമസം നേരിട്ടതിനെ തുടർന്നാണ് മേട്ടൂർ അണക്കെട്ട് തുറക്കുന്നത്. ഓഗസ്റ്റ് 26 വരെ മേട്ടൂർ അണക്കെട്ടിലെ ജലനിരപ്പ് 88.84 അടിയായിരുന്നു.

സെപ്റ്റംബർ ഒന്നിന് മേട്ടൂർ അണക്കെട്ടിന്റെ ഷട്ടറുകൾ ഔദ്യോഗികമായി തുറക്കുമെന്നും 45 ദിവസത്തേക്ക് വെള്ളം തുറന്നുവിടുമെന്നും തമിഴ്നാട് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. മേട്ടൂർ അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിടുന്ന പശ്ചാത്തലത്തിൽ തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം തുടങ്ങിയ ഡെൽറ്റ ജില്ലകളിൽ കൃഷിക്ക് ആവശ്യമായ വിത്തുകളും വളങ്ങളും ലഭ്യമാക്കാൻ കൃഷി വകുപ്പിന് നിർദേശം നൽകി. സേലത്ത് സ്ഥിതി ചെയ്യുന്ന മേട്ടൂർ അണക്കെട്ട് കാവേരി ഡെൽറ്റ ജില്ലകളുടെ ജീവരേഖയായി കണക്കാക്കപ്പെടുന്നതാണ്.

സാധാരണ ജൂൺ 12നാണ് മേട്ടൂർ അണക്കെട്ട് തുറക്കുക. എന്നാൽ കർണാടകയിൽ നിന്നുള്ള ജലലഭ്യതയിലെ കുറവും മഴയുടെ കുറവും കാരണം ഈ വർഷം കൃത്യസമയത്ത് വെള്ളം തുറന്നുവിടാൻ സാധിച്ചിരുന്നില്ല. ഇതോടെ ഡിഎംകെ, എഐഎഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ വിമർശനവും പ്രതിഷേധവും തുടരുന്നതിനിടെയാണ് തമിഴ്നാട് സർക്കാരിൻ്റെ നീക്കം.