സുശാന്ത് സിങിൻ്റെ മുൻ മാനേജർ ദിഷ സാലിയൻ്റെ മരണം; സിബിഐ അന്വേഷിക്കാന്‍ കോടതി ഉത്തരവ്

Sep 2, 2026 - 17:56
 0  2
സുശാന്ത് സിങിൻ്റെ മുൻ മാനേജർ ദിഷ സാലിയൻ്റെ മരണം; സിബിഐ അന്വേഷിക്കാന്‍ കോടതി ഉത്തരവ്

മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിങ് രജ്‌പുതിൻ്റെ മുൻ മാനേജർ ദിഷ സാലിയൻ്റെ മരണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് സമഗ്ര അന്വേഷണം നടത്താൻ സിബിഐയോട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. 2020 ജൂണിൽ തൻ്റെ മകളുടെ മരണത്തിൽ മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ വീഴ്‌ച സംഭവിച്ചുവെന്ന് ആരോപിച്ച് ദിഷ സാലിയൻ്റെ പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് മരിച്ചയാളുടെ പിതാവ് സതീഷ് സാലിയൻ്റെ മൊഴി രേഖപ്പെടുത്തണമെന്നും ഏതെങ്കിലും വ്യക്തിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ മതിയായ തെളിവുകൾ കണ്ടെത്തുന്നതുവരെ ആരെയും പ്രതിയായി കണക്കാക്കരുതെന്നും ജസ്റ്റിസുമാരായ സാരംഗ് കോട്‌വാൾ, രഞ്ജിത്സിൻഹ രാജ ഭോൺസാലെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

നടൻ സുശാന്ത് സിങ് രജ്‌പുതിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ്, 2020 ജൂൺ എട്ടിന് മുംബൈയിലെ മലാഡ് പ്രദേശത്തെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ പതിനാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ ദിഷ സാലിയനെ കണ്ടെത്തിയത്. സാലിയൻ്റെ മരണത്തിൽ സിറ്റി പൊലീസ് അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്‌തു.

എല്ലാ കേസ് രേഖകളും സിബിഐക്ക് കൈമാറാൻ മുംബൈ പൊലീസിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. "ഒരു കേസും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ, സിബിഐ ബന്ധപ്പെട്ട കോടതിയിൽ ഉചിതമായ സംഗ്രഹ റിപ്പോർട്ട് സമർപ്പിക്കുമെന്നും" ബെഞ്ച് പറഞ്ഞു. റിപ്പോർട്ടിനെ ചോദ്യം ചെയ്യാൻ സതീഷ് സാലിയന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു.

"സതീഷ് സാലിയൻ്റെ മൊഴി രേഖപ്പെടുത്താനും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്താൻ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കാനും മാൽവാനി പൊലീസ് സ്റ്റേഷനോട് എല്ലാ രേഖകളും സിബിഐക്ക് കൈമാറാനും കോടതി നിർദ്ദേശിച്ചു. കൂടാതെ, തെളിവുകൾ കണ്ടെത്തിയ ആർക്കെതിരെയും നടപടിയെടുക്കും. തെളിവില്ലെങ്കിൽ ആരെയും പ്രതിയാക്കില്ല.

കൂടാതെ, സിബിഐ നെഗറ്റീവ് റിപ്പോർട്ട് സമർപ്പിച്ചാൽ, എതിർപ്പുകൾ ഉന്നയിക്കാനും പ്രതിഷേധ ഹർജി ഫയൽ ചെയ്യാനും ഞങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി ഉത്തരവിൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കോടതിയോട് നന്ദി പറയുന്നു," സാലിയൻ്റെ പിതാവിനെയും ഹർജിക്കാരനെയും പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകൻ നിലേഷ് ഓജ കോടതി പറഞ്ഞു.

ദിഷ സാലിയൻ്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. എന്നാൽ, മകളെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് പിതാവ് കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ ഹർജി നൽകി. 2020 ജൂണിൽ തൻ്റെ മകളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പിതാവ് ഹർജിയിൽ അവകാശപ്പെടുന്നു.

മകളുടെ മരണത്തിൽ സിബിഐ അന്വേഷണവും ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും സാലിയൻ ആവശ്യപ്പെടുന്നു. മകൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും കൊലചെയ്യപ്പെട്ടുവെന്നും തുടർന്ന് ചില സ്വാധീനമുള്ള വ്യക്തികളെ സംരക്ഷിക്കാൻ രാഷ്ട്രീയ ഗൂഢാലോചനകൾ നടന്നതായും അദ്ദേഹം ആരോപിച്ചു.