മര്യാദ ലംഘിക്കുന്ന വീഡിയോ ചിത്രീകരണം അപലപനീയം: കെ യു ഡബ്ല്യു ജെ

Jun 8, 2026 - 20:05
 0  2
മര്യാദ ലംഘിക്കുന്ന വീഡിയോ ചിത്രീകരണം അപലപനീയം: കെ യു ഡബ്ല്യു ജെ

തിരുവനന്തപുരം:സാമാന്യ മര്യാദയുടെ പോലും അതിരുകള്‍ ലംഘിച്ച് സാമൂഹിക മാധ്യമങ്ങളില്‍ റീച്ച് കൂട്ടാന്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന വ്‌ളോഗര്‍മാര്‍ നടത്തുന്ന പേക്കൂത്തുകള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. നടന്‍ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകളില്‍ ഇവര്‍ നടത്തിയ അഭ്യാസങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന്റെ തന്നെ വില കളയുന്നതാണ്. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന സമീപനം അംഗീകരിക്കാനാവില്ല. മാനവികതയെ പോലും വെല്ലുവിളിക്കുന്ന ഇവരുടെ മൊബൈല്‍ കളികളും മാന്യമായി സ്വന്തം തൊഴിലെടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ തലയിലാണ് സമൂഹം കെട്ടിവെക്കുന്നതെന്നത് ഖേദകരമാണ്.

സാഹചര്യത്തിന്റെ സ്വഭാവം ഉള്‍ക്കൊണ്ട് മാന്യമായും അപരന്റെ സ്വകാര്യക്കു മേല്‍ കടന്നുകയറാതെയും പ്രവര്‍ത്തിക്കാന്‍ എല്ലാ വിഭാഗവും ശ്രമിക്കേണ്ടതാണ്. മത്സരാധിഷ്ഠിത ലോകത്ത് സ്വന്തം പ്രവൃത്തികള്‍ മര്യാദയുടെ സീമ ലംഘിക്കുന്നുണ്ടോയെന്ന ആത്മപരിശോധനക്കും തിരുത്തല്‍ ആവശ്യമെങ്കില്‍ അതിനും മാധ്യമസമൂഹവും തയാറായാല്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്തി തൊഴിലിന്റെ അന്തസ്സ് കൂടുതല്‍ ഉന്നതമാക്കാന്‍ കഴിയും. ഈ വിഷയത്തില്‍ കേരള പോലീസ് സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്. ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നു വ്യക്തമാക്കി പോലീസ് നല്‍കിയ മുന്നറിയിപ്പ് ഇവരുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാവുമെന്നു പ്രതീക്ഷിക്കുന്നു.

മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈല്‍ കാമറകള്‍ കൊണ്ടുചെല്ലുന്നവര്‍ അറിയാനാണ് എന്ന ആമുഖത്തോടെയാണ് പോലീസിന്റെ മുന്നറിയിപ്പ്. മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധിയും അപകടങ്ങളുമൊക്കെ ചിലര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണ് എന്നത് ഓര്‍മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികള്‍ക്ക് കാരണമാകാമെന്നും പോലീസ് അറിയിക്കുന്നു. പ്രതിച്ഛായാ നിര്‍മിതിക്കായി വ്‌ളോഗര്‍മാരെ വഴിവിട്ടു പ്രോത്സാഹിപ്പിക്കുന്ന നിലപാടില്‍ നിന്ന് ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്‍ വിട്ടുനില്‍ക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുന്നതും ഈ പേക്കൂത്തുകള്‍ക്കെതിരായ കര്‍ക്കശ സന്ദേശമായി മാറുമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയില്‍ പറഞ്ഞു