പാലക്കാട് ജില്ലയിലെ കുട്ടികളുടെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് സി.ബി.ഐയോട് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.23 കുട്ടികളുടെ കേസുകളിലാണ് വിവരശേഖരണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം, പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ പന്ത്രണ്ടുകാരിയുടെ ദുരൂഹ മരണത്തിന്റെ അന്വേഷണം ഹൈക്കോടതി സി.ബി.ഐക്ക് വിട്ടു.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.ജില്ലയിലെ കുട്ടികളുടെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് കോടതി നടപടി.
ഇത്തരം കേസുകളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാൻ 2026 ഫെബ്രുവരി 19-ന് ഉത്തരവിട്ടിരുന്നിട്ടും സി.ബി.ഐ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ കുറ്റപത്രത്തിലാണ് പാലക്കാട് വിവിധയിടങ്ങളിലായി പത്തു വർഷത്തിനുള്ളിൽ 23 കുട്ടികൾ മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന പരാമർശം ഉണ്ടായിരുന്നത്. ഇതിനെത്തുടർന്നാണ് സാമൂഹ്യ പ്രവർത്തകർ കോടതിയെ സമീപിച്ചത്.