സംസ്ഥാനത്ത് വാട്സാപ്പിലൂടെ 'ബോസ് സ്കാം' സൈബർ തട്ടിപ്പ് വ്യാപകം; ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
ഓഫീസിലെ ബോസിന്റെ പേരിൽ വാട്സാപ്പിൽ വരുന്ന അടിയന്തിര പണമിടപാട് സന്ദേശങ്ങൾ കണ്ണടച്ച് വിശ്വസിക്കരുത്. കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി ജീവനക്കാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന 'ബോസ് സ്കാം' എന്ന പുതിയ സൈബർ കെണിയെ കുറിച്ച് കേരള പോലീസ് കടുത്ത ജാഗ്രതാ സന്ദേശം നൽകി.
റിസർവ് ബാങ്ക് അല്ലെങ്കിൽ ഒഫീഷ്യൽ ഓഡിറ്റ് ടീമുകളിൽ നിന്നെന്ന വ്യാജേന കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർക്കും ധനകാര്യ വിഭാഗത്തിലെ ജീവനക്കാർക്കും ആദ്യം അടിയന്തര സന്ദേശങ്ങളയച്ച് പരിഭ്രാന്തി സൃഷ്ടിക്കും. തുടർന്ന്, മാല്വെയറുകൾ അടങ്ങിയ സിപ്പ് ഫയലുകൾ ഇവർ അയക്കുന്നു. ഈ ഫയലുകൾ തുറക്കുന്നതോടെ സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ സിസ്റ്റങ്ങളിലേക്ക് പ്രവേശിക്കാൻ ഈ തട്ടിപ്പുകാർക്ക് സാധിക്കും.
കമ്പ്യൂട്ടറുകളിൽ പ്രവേശനം നേടിക്കഴിഞ്ഞാൽ, തട്ടിപ്പുകാർ ഒന്നുകിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ വ്യാജ പ്രൊഫൈലുകൾ നിർമ്മിക്കുകയോ അല്ലെങ്കിൽ അവരുടെ യഥാർത്ഥ അക്കൗണ്ടുകൾ കൈക്കലാക്കുകയോ ചെയ്യും. തുടർന്ന് ഇവർ വാട്സാപ്പ് വെബ് ഉപയോഗിച്ച് കമ്പനി സിഇഒമാരോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ ആണെന്ന വ്യാജേന ജീവനക്കാർക്ക് സന്ദേശങ്ങൾ അയക്കുകയും, അടിയന്തിരമായി പണം കൈമാറാൻ നിർദ്ദേശിച്ച് കമ്പനിയുടെ ഫണ്ട് തട്ടിയെടുക്കുകയും ചെയ്യുന്നു.
സ്ഥാപനത്തിലെ ജീവനക്കാർ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വാട്സ്ആപ്പ് അല്ലെങ്കിൽ ഇ-മെയിൽ സന്ദേശങ്ങൾ മാത്രം വിശ്വസിച്ച് പണമിടപാടുകൾ നടത്തരുതെന്നും വലിയ തുകകൾ കൈമാറുന്നതിന് മുൻപ് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തണമെന്നും പോലീസ് നിർദ്ദേശിക്കുന്നു. അപരിചിതരിൽ നിന്ന് ലഭിക്കുന്ന ZIP, EXE, DLL ഫയലുകൾ യാതൊരു കാരണവശാലും തുറക്കരുത്. സുരക്ഷ ഉറപ്പാക്കാനായി വാട്സ്ആപ്പിലെ 'ലിങ്ക്ഡ് ഡിവൈസസ്' ഏതൊക്കെയാണെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.
കൂടാതെ, ഇത്തരം തട്ടിപ്പുകളുടെ സാധ്യത കുറയ്ക്കുന്നതിനായി സാമ്പത്തിക ഇടപാടുകൾക്കായി ഒന്നിലധികം പേരുടെ അനുമതി ആവശ്യമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും സ്ഥാപനങ്ങളോട് പോലീസ് ആവശ്യപ്പെട്ടു