ശ്രീ ധനം : മിനിക്കഥ, റോയ് പഞ്ഞിക്കാരൻ

''എന്തൊരു ഇരിപ്പാ മോളേ ഇത് . അവരിങ്ങു എത്താറായി . പോയി ഒരുങ്ങു്'' .
മൊബൈൽനിന്നും കണ്ണെടുക്കാതെ തന്നെ അവൾ പറഞ്ഞു ''എനിക്കിപ്പോൾ കല്യാണം ഒന്നും വേണ്ടമ്മെ'' .
''വേണ്ടെങ്കിൽ വേണ്ട . അവരൊന്നു വന്നു നിന്നെ കണ്ടിട്ട് പൊയ്ക്കോട്ടേ'' . മൊബൈലും കൊണ്ടവൾ മറ്റൊരു മുറിക്കകത്തേക്കു കയറി . അല്പസമയത്തിനകം അതീവ സുന്ദരി ആയി അവൾ അണിഞ്ഞൊരുങ്ങി വന്നു . അമ്മ അവളെ തന്നെ നോക്കി നിന്നുപോയി . ഒപ്പം തന്റെ പെണ്ണുകാണൽ ചടങ്ങും ഓർത്തുപോയി .
''അച്ഛാ, അമ്മെ അവരിങ്ങെത്തി ''. രണ്ടാമത്തെ മോൾ ഓടിക്കിതച്ചു വന്നറിയിച്ചു . എല്ലാം തകൃതിയിൽ .
''വരണം വരണം ഇരിക്കണം'' . അച്ഛൻ ചെറുക്കനെയും കൂട്ടരെയും സ്വീകരിച്ചിരുത്തി . കുറച്ചു കഴിഞ്ഞു
നമ്ര മുഖിയായി അവൾ കാപ്പിയും ആയി വന്നു ചെറുക്കന് കൊടുക്കുന്നു . തല ഉയർത്തി അവൾ അവന്റെ കണ്ണുകളിലേക്കു നോക്കി .
രണ്ടുപേരുടെയും മനസ്സിൽ ഒരു മിന്നൽ പിണർ . ഒര് ഇഷ്ടത്തിന്റെ മിന്നൽ കടന്നു പോയി .
പരസ്പരം ഇഷ്ടപ്പെട്ടു . ചെറുക്കന്റെ അപ്പൻ പെണ്ണിന്റെ അപ്പനോട് ചോദിച്ചു , ''നിങ്ങൾ എന്ത് തരും'' .
പെണ്ണിന്റെ അപ്പൻ പറഞ്ഞു ''ഞാൻ ഗൾഫിൽ 25 വർഷത്തോളം പണിയെടുത്തു. അവൾക്കൊരു വിലകൂടിയ മൊബൈൽ വാങ്ങി കൊടുത്തു . അവൾക്കിപ്പോൾ സ്വന്തമായി യൂട്യൂബിൽ ഒരു ചാനൽ ഉണ്ട് . മൂന്നു ലക്ഷത്തോളം സബ്സ്ക്രൈബേർസും . Face ബുക്കിൽ അത്രയും തന്നെ ലൈക്കും . പിന്നെ ഇൻസ്റ്റാഗ്രാമിൽ നല്ലതുപോലെ ഫോള്ളോവെഴ്‌സും . പോരാത്തതിന് എട്ടോളം whats ഗ്രൂപ്പിന്റെ അഡ്മിനും ആണ് . മോന്റെ നമ്പർ തന്നാൽ ഞങ്ങളുടെ ഷെയറും കൂടി അങ്ങോട്ട് അയക്കാം'' .
ചെറുക്കന്റെ മനസ്സിൽ ലഡ്ഡു പൊട്ടി . വെറും പതിനായിരം ലൈക്കുള്ള തനിക്കു ഇതില്പരം എന്തുവേണം . വെറും ആയിരം സബ്സ്ക്രൈബേർസ് ഉള്ള തനിക്കു ഈ കല്യാണം തന്നെ മതി .
അങ്ങനെ ലോക കമ്പ്യൂട്ടർ ദിനത്തിൽ ഓൺലൈൻ ആയി അവർ വിവാഹിതരായി . ഇപ്പോൾ Whats ആപ്പും ഫേസ് ബുക്കും ഒക്കെ ആയി സുഖമായി ജീവിക്കുന്നു .
റോയ് പഞ്ഞിക്കാരൻ