അപ്പം കൊണ്ടുമാത്രമല്ല: കഥ, സൂസൻ പാലാത്ര

    അപ്പം കൊണ്ടുമാത്രമല്ല: കഥ, സൂസൻ പാലാത്ര

 വല്ലപ്പോഴും രണ്ടക്ഷരം കുത്തിക്കുറിക്കുമെന്നല്ലാതെ  ഒരു എഴുത്തുകാരിയാണെന്ന ഭാവം ഒന്നുമില്ലാതെയാണ് ജസ്സി ജീവിച്ചുപോന്നത്. എന്നാൽ ജസ്സിയുടെ ചില രചനകൾ വായിച്ച് നല്ല അഭിപ്രായങ്ങൾ ഒക്കെ ഫോണിലൂടെ ചിലരൊക്കെ അറിയിച്ചു. ഇത് ജസ്സിയെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്.

     അങ്ങനെയിരിക്കെയാണ് സാമാന്യം നന്നായി ഓടുന്ന ഒരു വാരികയിലെ മുഖ്യ പത്രാധിപർ ജസ്സിയെ വിളിച്ചത്. 

"സോഷ്യൽ മീഡിയയിൽ താങ്കളുടെ എഴുത്തുകൾ ശ്രദ്ധിയ്ക്കാറുണ്ട്. നല്ല രചനശൈലിയാണ്. ഭാഷ മനോഹരം"  തെല്ലൊന്നു നിർത്തിയിട്ട് അയാൾ തുടർന്നു:

 "ഞങ്ങളുടെ വാരിക കണ്ടിട്ടില്ലേ "

"ഉവ്വ് സർ, കണ്ടിട്ടുണ്ട് "

" അതിൽ ജസ്സിക്കൊരു അവസരം തരാം, എഴുതുന്നതിൻ്റെ പണവും"

ജസ്സി സന്തോഷം കൊണ്ട് തുള്ളിച്ചാടി. 

തൻ്റെ കഥ പണം തന്നു വാങ്ങാനാളുണ്ട്‌, ഇതിൽപ്പരം ഒരു സന്തോഷം വേറെയുണ്ടോ!

"ശരി സാർ, എഴുതാം"

"ഒരു കഥ അയച്ചു തരൂ"

ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം അവൾ നല്കി.

രണ്ടു മൂന്നു രചനകൾ അയച്ചു കൊടുത്തു. മറുപടി കിട്ടി. 

"കഥ ഒന്നാന്തരം ... ഇഷ്ടമായി" 

വളരെ പെട്ടെന്ന് കഥ അച്ചടിച്ചുവന്നു. അവൾക്ക് ഒരു വാരികയും കുറച്ചു പണവും കിട്ടി. വാരികയിലെ മറ്റെഴുത്തുകാരുടെ ചില രചനകൾ വായിച്ചപ്പോൾ ജസ്സിക്ക് ഓക്കാനം വന്നു. വായന മുഴുമിപ്പിയ്ക്കാതെ വാരിക മാറ്റിവച്ചു. ഹോ... അറുബോറൻ സെക്സ്. ഇങ്ങനെയാണേൽ  ഇതിൽ ഞാനെങ്ങനെ എഴുതും. അവൾക്ക് മടുപ്പു തോന്നി. 

പത്രാധിപരുടെ മെസേജ് കിട്ടി 

"ഇനി ഇടയ്ക്കൊക്കെ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ  എഴുതിക്കോളൂ...... മാഡത്തിൻ്റെ നോവലൈറ്റ് പോലെ ഒരെണ്ണം എഴുതിത്താ ... കുറച്ചു... കൂടുതൽ  പ്രണയമായിക്കോട്ടെ, ന്യൂ ജെന്നിനെ പിടിച്ചുനിർത്താൻ"

ജസ്സി വിഷമിച്ചു ... പ്രണയം ഒന്നും എഴുതാൻ അറിയില്ല. ആരെയും പ്രണയിച്ച് ശീലവുമില്ല, പിന്നെങ്ങനെ എഴുതും. 

ഇപ്പോൾ തന്നതിനേക്കാൾ കൂടുതൽ പണം കിട്ടും എന്നറിഞ്ഞപ്പോൾ അവൾ അല്പം പ്രണയനിറങ്ങൾ ചാലിച്ച് എഴുതിഅയച്ചു

കൊടുത്തു. പത്രാധിപർ പ്രോത്സാഹിപ്പിച്ചു. നോക്കൂ... ഇതു പോലെ എഴുതൂ... അയാൾ ഒരു കഥ അയച്ചുകൊടുത്തു. ആ  കഥ വായിച്ച് ജസ്സി അന്തം വിട്ടു. അതു കഥയല്ല, നിറയെ  പരത്തെറികളാണ്. 

അവൾ പേരു നോക്കി. ഒരു പുരുഷൻ്റെ പേര് സ്ഥലപ്പേരുൾപ്പടെ. ഫെയ്സ് ബുക്കിൽ ആ പേര് അവൾ പരതി. ആ  പേരിൽ രണ്ടു മൂന്നു മാന്യന്മാർ. 

അവൾ പത്രാധിപരോടു തന്നെ പറഞ്ഞു.. അയാളെപ്പോലുള്ളവർ എഴുതുന്ന വാരികയിൽ ഞാൻ എഴുതുന്നില്ല,  എനിക്ക് പറ്റില്ല. 

" അയ്യോ അത് ഒരു വ്യാജപ്പേരാണ്. ആ പേരിൽ യഥാർത്ഥത്തിൽ എഴുതുന്നത്, ഒരു സ്ത്രീയാണ്"... പേരും പത്രാധിപർ പറഞ്ഞു. 

ജസ്സി വായ് തുറന്നു ഉച്ചത്തിൽ നിലവിളിച്ചു. "അവർ നല്ല പേരെടുത്ത ഒരെഴുത്തുകാരിയല്ലേ, പത്രത്തിൽ അവരെക്കുറിച്ച് വായിച്ചിട്ടുണ്ട് "

അതേ അവർ ഒരു ഫെമിനിസ്റ്റാണ്, അതുപോലെ എഴുതിത്തരൂ.. ഇപ്പോൾ കിട്ടുന്നതിൻ്റെ ഇരട്ടി പണം കിട്ടും, പ്രശസ്തിയും ... ഞങ്ങളുടെ പത്രത്തിലൂടെ താങ്കളുടെ രചനകൾക്ക്  പ്രത്യേക പരസ്യം കൊടുക്കും" 

" വേണ്ട, ദയവു ചെയ്ത് ഇത്തരക്കാരുടെയൊപ്പം എൻ്റെ രചനകൾ പ്രസിദ്ധീകരിക്കരുത്... എനിക്കാലാഭം വേണ്ട.  എനിക്ക് നിങ്ങൾ തരുന്ന പ്രശസ്തിയും, കുപ്രശസ്തിയും, പണവുമൊന്നും വേണ്ട. ഞാൻ എന്തെങ്കിലും എഴുതി, വായിച്ച്  സ്വയം തൃപ്തിയടഞ്ഞുകൊള്ളാം. 

മേലിൽ എന്നെ വിളിക്കരുത്, ഞാൻ ഒരു ഫെമിനിസ്റ്റല്ല, ഇതാണോ ഫെമിനിസം" ജസ്സി രോഷമടക്കാൻ പാടുപെട്ടു. 

" നിങ്ങൾ സ്ത്രീകളുടെ പ്രശ്നങ്ങൾ ഏറെ എഴുതുന്നുണ്ടല്ലോ "

" അത് പീഡിതരും ദു:ഖിതരും ദരിദ്രരുമായ ഒരു വിഭാഗത്തെക്കുറിച്ചാണ്, അല്ലാതെ അക്ഷരങ്ങളെ പ്പോലും ഗർഭം ധരിപ്പിക്കുന്ന വിധമുള്ള, സദാചാര വിരുദ്ധമായ അശ്ലീല സാഹിത്യമല്ല,സർ,  എനിക്ക് അത്രയും ബോറായി ചിന്തിയ്ക്കാൻ പോലുമാവില്ല, പിന്നെ ഞാനെങ്ങനെ എഴുതും"

പത്രാധിപർ പറഞ്ഞു: ''താങ്കളോട് എനിക്കു് വലിയ മതിപ്പു തോന്നുന്നു. എന്നാൽ വാരികയുടെ നിലനില്പിന് ഇത്തരം ഫെമിനിസ്റ്റുകളുടെ എഴുത്തുകൾ കൂടിയേ തീരൂ"

        നാല്പതുദിവസം ഉപവസിച്ച് ആത്മാവിൽ ബലം പ്രാപിച്ചു വന്ന  യേശുക്രിസ്തുവിനെ കണ്ടപ്പോൾ  പിശാചിനു തോന്നി, യേശു നാല്പതു ദിവസം ഉപവസിച്ച് വിശന്നല്ലേ വരുന്നത് ഭക്ഷണത്തിൻ്റെ മാർഗ്ഗം പറഞ്ഞു കൊടുക്കാമെന്ന്.

" നീ ദൈവപുത്രനെങ്കിൽ ഈ കല്ല് അപ്പമായിത്തീരാൻ കല്പിക്ക " 

അതിന് യേശു പറഞ്ഞ ഉത്തരം: " മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിൻ്റെ വായിൽകൂടി വരുന്ന സകല വചനങ്ങൾ കൊണ്ടും ജീവിക്കുന്നു എന്ന് എഴുതിയിരിക്കുന്നു.

ജസ്സി വിശുദ്ധ വചനങ്ങൾ മനസ്സിനോട് വിളക്കിച്ചേർത്തു.