മുതിര്‍ന്ന സിപിഐ നേതാവ് നല്ലകണ്ണ് അന്തരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന സിപിഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ആര്‍ നല്ലകണ്ണ് അന്തരിച്ചു. 101 വയസായിരുന്നു. അനാരോഗ്യവും വാര്‍ധക്യ സഹജമായ അസുഖങ്ങളെയും തുടര്‍ന്ന് അദ്ദേഹം ഫെബ്രുവരി 1 മുതല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തമിഴ്നാട് രാഷ്ട്രീയത്തിലെ 'നീതിബോധം' ആയിരുന്നു സഖാവ് ആര്‍എന്‍കെ എന്നറിയപ്പെടുന്ന നല്ലകണ്ണ്.
ലളിത ജീവിതം നയിക്കുക എന്ന കമ്യൂണിസ്റ്റ് ശൈലി മരണം വരെ അദ്ദേഹം പാലിച്ചിരുന്നു. രാഷ്ട്രീയക്കാര്‍ എന്നാല്‍ സ്വത്ത് സമ്പാദിക്കുന്നവരാണെന്ന ധാരണയെ നല്ലകണ്ണ് തകര്‍ത്തു. 80-ാം പിറന്നാളിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്മാനിച്ച 1 കോടിയുടെ സംഭാവനയും പുതിയ കാറും അദ്ദേഹം സദസ്സില്‍ വെച്ച് തന്നെ പാര്‍ട്ടിക്ക് തിരികെ നല്‍കി. 'ഇത് പാര്‍ട്ടിയുടെ പണമാണ്, പാര്‍ട്ടിക്കേ ചേരട്ടെ' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സൈക്കിള്‍ പോലും സ്വന്തമായി ഇല്ലാതിരുന്ന നേതാവായിരുന്നു അദ്ദേഹം.
തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ 'തകൈസാല്‍ തമിഴര്‍' പുരസ്‌കാരമായി ലഭിച്ച 10 ലക്ഷവും കൈവശമുണ്ടായിരുന്ന 5,000-വും ചേര്‍ത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലകണ്ണു നല്‍കിയതും വാര്‍ത്തയായിരുന്നു.
നല്ലകണ്ണിന് അണ്ടാള്‍, കാശി ഭാരതി എന്നീ രണ്ട് പെണ്‍മക്കള്‍ ഉണ്ട്.