'കാതിൽ മെല്ലെ ചൊല്ലുമൊ': ഒമാനിലെ സ്ത്രീജീവിതങ്ങൾ

'കാതിൽ മെല്ലെ ചൊല്ലുമൊ': ഒമാനിലെ സ്ത്രീജീവിതങ്ങൾ
 സപ്ന അനു  ബി ജോർജ്

 

സ്ത്രീയെക്കുറിച്ച് പല പ്രശസ്തരുടെയും വചനങ്ങൾ നാം വായിച്ചാൽ, ഇത്രമാത്രം ലോകത്തിൽ പ്രകീർത്തിക്കപ്പെട്ട ഒരു ജന്മം ഇല്ല എന്നു തന്നെ തോന്നും! സ്നേഹിക്കപ്പെടേണ്ടവളാണ് സ്ത്രീ. 

സ്ത്രീകളെക്കുറിച്ച് മറ്റു ഭാഷാചൊല്ലുകളും വളരെ പ്രസിദ്ധമാണ്. ചെറിയ സ്ത്രീക്കും വലിയ വായ് ഉണ്ടാവും (സ്വീഡ്ഡിഷ്)ഏഷണിക്കാരികളാണ് സർവ്വ കലഹങ്ങൾക്കും ഹേതു (പോർച്ചുഗീസ്) വാഗ്മിയായ പുരുഷനെക്കാൾ മൗനിയായ സ്ത്രീ നല്ലത് (ഇംഗ്ലീഷ്), മിതവ്യയം ശീലിച്ച സ്ത്രീ വീടിന്റെ സമ്പത്താണ് (മാൾട്ട) പിശാചിനു ചെയ്യാൻ പറ്റാത്തതും സ്ത്രീ പറ്റിച്ചെന്നിരിക്കും (ഇംഗ്ലീഷ്) അറിഞ്ഞുകൂടാത്ത കാര്യങ്ങൾ മാത്രമേ ഒരു സ്ത്രീക്ക് രഹസ്യമായി സൂക്ഷിക്കാൻ സാധിക്കൂ ( ഫ്രഞ്ച്)“ ഒരു കൂട്ട അവലംബം”.

ഏതു മതത്തെയും അതിന്റെ എല്ലാ നിയമസംഹിതകളൊടുകൂടിയും  സ്വീകരിച്ച ഒമാൻ സമൂഹം പ്രശംസനീയം തന്നെ. അമ്പലങ്ങളും പൂജകളും പള്ളിമണികളും 5 നേരത്തെ നിസ്കാര വാങ്കുവിളികളും  ഒരുമിച്ച് മുഴങ്ങുന്നു എന്നത് മനുഷ്യസ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പരമോന്നത തന്നെയാണ്. ഈ ആരാധനാ സ്വാതന്ത്ര്യം നാട്ടിലെ അമ്പലങ്ങളുടെയും പള്ളികളുടെയും പ്രതീതി ജനിപ്പിക്കുന്ന പൂക്കടകളും,ളോഹയും കൊന്തയും ആയി നടന്നടുക്കുന്ന പാസ്റ്റർമാരും സൺഡേസ്കൂളിലേക്കു ഓടിയെത്തുന്ന കുട്ടികളും ...അവരുടേതാണ്  ഒരുകൂട്ടം,!

സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന പുരുഷന്മാർ അടങ്ങുന്നതാണ് ഒമാൻ എന്നത്  പ്രത്യേകം എടുത്തു പറയേണ്ട കാര്യം തന്നെയാണ്. സ്ത്രീകൾ ഓടിക്കുന്ന വാഹനത്തിന് ആദ്യം കടന്നു പോകാനായി ഒഴിഞ്ഞ് സൈഡ് 'കൊടുക്കു ന്നതിൽ ഒരു താഴ്ചയും തോന്നാറില്ല ആർക്കും തന്നെ. വാഹത്തിന് അപകടം സംഭവിച്ചാൽ എത്തുന്ന പോലീസ് സ്ത്രീ ആണെങ്കിൽ നമ്പ രും മറ്റും എഴുതിയെടുത്ത്പിന്നീട് സാവധാനം അറിയിക്കാം എന്ന സാന്ത്വനത്തിൽ അവരെ വഴിയിൽ നിന്നും ഒഴിവാക്കിക്കൊടുക്കുന്നു.

അഭിപ്രായം ആവശ്യപ്പെട്ടാൽ എല്ലാവരും ആദ്യം എടുത്തു  പറയുന്ന ഒരു പ്രത്യേകത “എവിടെ വേണമെങ്കിലും സ്വതന്ത്രമായി കമന്റടികൾ കേൾക്കാതെ സധൈര്യം സഞ്ചരിക്കാം എന്നൂള്ളതു തന്നെ. ഇഷ്ടമുള്ള,മാന്യമായ  വസ്ത്രം ധരിക്കാം എന്നതും ഈ സ്വാതന്ത്ര്യത്തിന്റെ എടുത്തു പറയത്തക്കതായ ഒരു കാര്യം തന്നെ. തോണ്ടലും തുറിച്ചു നോട്ടവും ഇല്ലാത്ത പൊതു സമൂഹം ആണെന്ന് എല്ലാവരും തന്നെ സമ്മതിച്ചു തരുന്നു. 

ഗൾഫ് എന്നു കേൾക്കുന്പോൾ  സ്ത്രീകളെ കറുത്ത അഭയയിൽ മാത്രം ചിന്തിക്കുന്നവർക്ക് ഒമാൻ ഒരു ‘സർപ്രൈസ്’ തന്നെയാണ്. മറ്റുള്ള രാജ്യങ്ങളിലെ സ്തീകൾക്കൊപ്പം,വസ്ത്രസ്വാതന്ത്ര്യവും. മുഖം മറക്കേണ്ടുന്നത് അവരവരുടെ ഇഷ്ടം എന്നു മാത്രം,അതിന്റെ ആവശ്യകത,കാരണം മുതലായവ ആരെയും അടിച്ചേൽപ്പിക്കാറില്ല.

 സ്തീകൾക്കായി പ്രത്യേകം സജ്ജീകരിക്കപ്പെടുന്ന വേദികളും പാർക്കിംഗ്, ബാങ്കുകൾ, ക്യൂകൾ,‘പ്രയോറിറ്റി ഫോർ  വിമൻ‘ എന്ന് എല്ലായിടത്തും കാണുന്ന ഒരു അറിയിപ്പാണ് .

സ്തീ സ്വാതന്ത്ര്യത്തിന്റെ പരമോന്നതയിലും ജോലിക്കു പോകുന്ന ഭർത്താവിന്റെയും, സ്കൂളിലും മറ്റും പോകുന്ന കുട്ടിക ളുടെയും  പിന്നാലെ ഓടിനടക്കുന്നതിനിടയിലും ‘ഞാൻ‘ എന്ന വീട്ടമ്മമാർക്ക് സ്വയം അംഗീകാരം നൽകുന്നവർ ഇവിടെ ധാരാളം. വീട്ടിൽ ഇരുന്നു മുഷിയാതെ, വീട്ടുജൊലികൾക്ക് ശേഷം, ഇഷ്ടപ്പെടുന്ന ഹോബികൾ, പാചകം, കൈവേലകൾ, തയ്യൽ, എംബ്രോയിഡറി എന്നിങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുന്ന ധാരാളം സ്ത്രീകൾ ഉണ്ട്. നീമ ക്രോഷ്യാ,ക്രോസ്സ് സ്റ്റിച്ച് എന്നിവയുടെ സഹായത്താൽ റ്റേബിൾ മാറ്റുകൾ, മേശവിരികൾ, വോൾ ഹാംഗിംഗ് എന്നിവ തയ്ക്കുകയും,ചിലത് ‘സെയിൽ‘ നടത്തുന്നവരുടെ കൂടെച്ചേർന്ന് നടത്തുന്നു.

മിനി മർക്കോസ് സ്വയം ഉണ്ടാക്കുന്ന കേക്കുകളും,പുഡ്ഡിംഗും സ്വന്തം ബ്ലോഗിൽ ചേർത്ത് ധാരാളം കൂട്ടുകാരുമായി ‘ഷെയർ‘ ചെയ്യുന്നതിനൊപ്പം,ആവശ്യമുള്ളവർക്ക് ബെർത്ത് ഡേ കേക്കുകളും മറ്റും  ഉണ്ടാക്കിക്കൊടുക്കാനും  തയ്യാറാണ്. ചിത്രപ്പണികൾ, മൊസേക്ക് എന്നിവകൾ ചേർത്തുണ്ടാക്കുന്ന പെയിന്റിങ്ങുകൾ ചെയ്യുന്ന ആസ്മ  അമ്മയും  അമ്മായിഅമ്മയും ഉമ്മുമ്മയും കൂടിയാണ്. യോഗാതെറാപ്പിസ്റ്റ് ആയ മധുമതി,ക്ലാസ്സുകളിലൂടെ ആരോഗ്യത്തിന്റെ  പാഠങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നു. മെഹനാസ് സുൽഫി കേക്കും ഐസിംഗും ചെയ്യുന്നതിനൊപ്പം ആവശ്യമുള്ളവർക്ക് പഠിപ്പിച്ചുകൊടുക്കാനും താല്പര്യം കാണിക്കുന്നു. അമ്മുജം രവീന്ദ്രൻ തന്റെ പരിസ്ഥിതി പ്രവർത്തനമായ ‘ ബീച്ചുകൾ വൃത്തിയാക്കുന്നതിലൂടെ സമൂഹത്തിന് ധാരാളം സഹായങ്ങളാണ് നടത്തുന്നത്. സുധ ഷാ തന്റെ  സിനിമകളിലൂടെ സംവിധാനത്തിലൂടെ  ആധാരമാക്കുന്നത് സ്ത്രീകളുടെ ജീവിതങ്ങളാണ്. ഗ്ലാസ് പെയിന്റി ന്റിംഗ്,കുപ്പികളിൽ ചിത്രപ്പണികൾ ഡെക്കോപാജിലൂടെ ചെയ്തുണ്ടാക്കുന്ന ഷാഹനാസ് ഒമാനിലെ കൃഷിക്കൂട്ടത്തിന്റെ നേതാക്കളിൽ ഒരാളാണ്.  

  കലാപരമായ കഴിവുകളും ഹോബികളും ആദായകരമായ ഉപജീവനമാക്കി  വളരെ ബുദ്ധിപരമായി സമയത്തെ  ഉപയോഗിക്കുന്ന വീട്ടമ്മമാർ  ധാരാളമാണ്  ഒമാനിൽ. ഒറ്റപ്പെടുപോകുന്ന സ്ത്രീ, ഒറ്റമുറി ഫ്ലാറ്റിന്റെ വിരസത, ഒരു പ്രായം വരെ കേരളത്തിൽ ജീവിച്ച്, പ്രകൃതിയും ബന്ധുക്കളും,സ്വന്തക്കാരും അയൽക്കാരും എല്ലാമുള്ളവരിൽ നിന്നകന്ന്  ഒറ്റപ്പെട്ട് പോകുന്ന സ്ഥിതിവിശേഷത്തെ വളരെ ബുദ്ധിപരമായി ഉപയോഗിക്കാൻ,നേരിടാൻ ഇവർ പഠിച്ചു കഴിഞ്ഞു.

എല്ലാ രാത്രിക്കും ഒരു പകൽ പോലെ എല്ലാ കാര്യങ്ങൾക്കും ഒരു  മറുപുറം ഉണ്ട് എന്നതുപോലെ ഒമാൻ എന്ന ഈ സസ്യശ്യാമള കോമളമായ മലനിരകളിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന നന്മകളെയും തൊട്ടറിയാൻ ഇവിടെ ജീവിക്കുന്ന എല്ലാ സ്ത്രീകൾക്കും  കഴിഞ്ഞിരിക്കുന്നു.

നാഴികക്കു നാൽപ്പതു വട്ടം പോകുന്ന കറന്റും, “ലോഡ്ഷെഡിംഗുകളും” സഹിച്ചു മടുത്ത ഇൻഡ്യാ മഹാരാജ്യത്തെ സ്ത്രീജന്മങ്ങൾ “കറണ്ട് പോകാത്തതു കൊണ്ടുള്ള ഉപകാരങ്ങൾ മറക്കാറെ ഇല്ല എന്നു പാറയാം. പാചകത്തിൽ കിട്ടുന്ന സൌകര്യങ്ങൾ,ചിരവയിൽ ചിരണ്ടാതെ കിട്ടുന്ന പാക്കറ്റിൽ കിട്ടുന്ന തേങ്ങാപ്പീര, മാവരക്കാതെ റെഡിമെയിഡായി കിട്ടുന്ന ദോശമാവ്, കൊത്തിയരിയാതെ പാക്കറ്റായി വരുന്ന തേങ്ങാക്കൊത്തും കേരളത്തിൽ നിന്നെത്തിയ ജോലിക്കാരുള്ള കടകളിൽ നിന്നു വാങ്ങിയാൽ മീൻ വെട്ടി കഷണങ്ങളാക്കിത്തരുന്ന ഇൻഡ്യൻ കടകൾ. ഇൻഡ്യൻ സൂപ്പർ മാർക്കറ്റുകൾ എന്ന പേരിൽ ഇൻഡ്യയിലും ലോകത്തിലെവിടെയും കിട്ടുന്ന എല്ലാ സാധനത്തിന്റെയും ഒരെ സ്ഥലത്തുള്ള ലഭ്യത. 

ഭർത്താവെന്ന വ്യക്തിയുടെ സഹകരണം,കുട്ടികളെ പഠിപ്പിക്കൽ,പാചകം എന്നിങ്ങനെ വീട്ടിലെ എല്ലാ കാര്യങ്ങളിലും മനസ്സിന്റെ സ്വതന്ത്ര്യവും ഉണ്ടാകുന്നത് സ്വാഭാവികം മാത്രം.

സ്തീകളെ ബഹുമാനിക്കുന്ന ഒരു സമൂഹം എന്നു  പരക്കെ അറിയപ്പെടുന്ന ഒമാനിലെ  സ്ത്രീകളെക്കുറിച്ചു  പറയുബോൾ ഓഷൊയുടെ ഈ വാക്കുകൾ ഇവിടെ ശക്തമായിത്തന്നെ  നിലകൊള്ളുന്നു “സ്ത്രീകളുടെ ജീവിതത്തെ ഭ്രാന്തമായ ഒരു വഴിത്തിരിവിൽ ആൺജന്മം എത്തിക്കുന്നു”.

പുരുഷൻ ഉണ്ടാക്കിയ  മതാചാരങ്ങളും,സമൂഹത്തിന്റെ നിയമങ്ങളും,സാമുഹ്യവ്യവസ്ഥകളും,വിദ്ധ്യാഭ്യാസരീതികൾ, നിയമസംഹിതകളും  മാത്രമുള്ള ഈ  ലോകത്തിൽ സ്തീകൾ ഇന്നും അന്നും എന്നും  ജീവിക്കുന്നു.

സ്തീകൾ എങ്ങിനെ ജീവിച്ചു? അത്ഭുതം തന്നെ!ഈ അത്ഭുതം സംഭവിച്ചതിന്റെ കാരണം സ്തീയുടെ മനസ്സിന്റെ സ്നേഹം മാത്രം  ഒന്നുകൊണ്ടുമാത്രം ആണ്. പുരുഷൻ എത്രകണ്ട് സ്ത്രീയെ അവിശ്വസിച്ചു എങ്കിലും നിയമത്തിന്റെ വടത്തിൽ കുരുക്കിയിട്ടെങ്കിലും ഒരിക്കലും വറ്റാത്ത പാരാവാരം പോലെയുള്ള സ്നേഹത്താൽ അവൾ ക്ഷമിച്ചു ഭാര്യയായി, അമ്മയായി,സഹോദരിയായി,മകളായി ഇന്നും പുരുഷന്റെ ജീവിതത്തിന്റെ ഭാഗമായിത്തന്നെ ഇരിക്കുന്നു.

 സ്തീയുടെ ജീവൻ,എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് നിലനിന്നും പോകണം എന്നത് മനുഷ്യരാശിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതം ആണ്. അമ്മ എന്ന ജീവന്റെ തുടിപ്പിന്റെ ഒഴുക്കിനെ  നിയന്ത്രിക്കുന്ന ഘടകം സ്ത്രീയിൽ നിക്ഷിപ്തമായതിനാലാണ്, പ്രകൃതി തന്നെ സ്ത്രീയെ സുരക്ഷിതയാക്കാൻ പതിന്മടങ്ങു ശ്രമിക്കുന്നത്. ജീവിതം സ്ത്രീ എന്ന  പ്രതിഭാസത്തിന്റെ  കൂടെ  ആടുകയും പാടുകയും ചെയ്യുന്നതിനാലാണ് ,ഇന്നും സൌന്ദര്യവും, അതിപ്രസരങ്ങളായ ജീവനും ലോകത്തിൽ തുടിക്കുന്നത്.

സപ്ന അനു  ബി ജോർജ്