വഴിമുട്ടിയവന്‍; കവിത, ടോബി തലയൽ

വഴിമുട്ടിയവന്‍; കവിത, ടോബി തലയൽ

ഞാന്‍ നാരായണന്‍
ദരിദ്രനാരായണന്‍ എന്ന്‌ നിങ്ങളില്‍ ചിലര്‍
സ്‌നേഹപൂര്‍വ്വം വിളിക്കുന്നവന്‍
ഉദ്യോഗം കാര്‍ഷികവൃത്തി
എല്ലാരേം അന്നമൂട്ടി
ജീവിതം വഴിമുട്ടിയവന്‍
പാടത്തും പറമ്പത്തും
വിത്തിട്ട്‌ കവിത മുളപ്പിച്ചവന്‍
സ്വപ്‌നങ്ങളെ കന്നുപൂട്ടി
വായുവേഗത്തില്‍ മരമടിച്ചവന്‍
ഞാറുനട്ടും മരം നട്ടും
നാട്ടില്‍ പച്ച നിറച്ചവന്‍.

ഇളവെയില്‍ കായാന്‍ അപ്പൂപ്പന്‍താടികള്‍
തൊടികടന്ന്‌ പോകുമ്പോള്‍
നാട്‌ ചുറ്റാന്‍ കരിയിലകള്‍
കാറ്റിനൊപ്പം തുള്ളുമ്പോള്‍
ഞാന്‍ കറവ വറ്റിയ പശുവിനെ തീറ്റുന്നു
പാടത്ത്‌ പണിക്കിറങ്ങുന്നതിന്മുമ്പ്‌

കുത്തിയിരിക്കുന്ന കൊറ്റികളോട്‌
മഴപെയ്യുമോ എന്ന്‌ ചോദിക്കുന്നു
ഇന്നെങ്കിലും ഒരു മാനത്തുകണ്ണി
ചൂണ്ടയില്‍ കുരുങ്ങുമോ എന്ന്‌ കളിപറയുന്നു.

കലപ്പ കന്നി മണ്ണുഴുമ്പോള്‍
പുതുമണം കലര്‍ന്ന്‌ വിയര്‍പ്പ്‌
നെറ്റിയില്‍ ചാലുകീറുന്നു
ചെളിയില്‍ കാലുകള്‍
തളര്‍ന്നു താഴുന്നു
ചോരയില്‍ വയലുകള്‍ നനയുന്നു
സ്വപ്‌നത്തില്‍ വിത്തുകള്‍ മുളക്കുന്നു
വെയിലിന്റെ കരുത്തോടെ
കളകള്‍ കതിരുകളെ വിഴുങ്ങുന്നു
വെട്ടുക്കിളികള്‍ നെന്മണിയെല്ലാം
തിന്ന്‌ തീര്‍ക്കുന്നു
പതിര്‍ മാത്രം കളത്തില്‍
ബാക്കിയാവുന്നു!

കടബാധ്യതയുടെ കണക്കുകളെല്ലാം
പക്ഷികള്‍ ചിറകുകൊണ്ട്‌
ആകാശം അളക്കുന്നത്‌ പോലെ,
ചുഴിയില്‍പ്പെട്ട ഉറുമ്പുകള്‍

നദിയുടെ ഗതി നിര്‍ണ്ണയിക്കുന്നത്‌ പോലെ,
നീണ്ടും കുറുകിയും മുടന്തുന്ന
കാലവര്‍ഷംപോലെ,
തെറ്റിപ്പോകുന്നു!

ചവുട്ടി നില്‌ക്കാന്‍ ഇനി ഒരു തുണ്ടു
പൊള്ളുന്ന ഭൂമിയോ
തലയ്‌ക്ക്‌ തണലായി കത്തുന്ന ആകാശമോ
എന്താണ്‌ ബാക്കി?
കാക്കകള്‍ കിതപ്പാറ്റുന്ന
ഒരു മരക്കൊമ്പ്‌,
കാളകളെ മെരുക്കിയ
സുമാര്‍ ഒരുമാറ്‌ കയറ്‌!

ടോബി തലയൽ