വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുമ്പോൾ

വിമാന  ടിക്കറ്റ്  നിരക്ക് കുതിച്ചുയരുമ്പോൾ


പ്രവാസികളുടെ വിമാനയാത്രക്കൂലിയെ കുറിച്ച് പണ്ട് മുതലേ പരാതി നിലനിൽക്കുന്നു . സാധാരണക്കാരായ പ്രവാസികളുടെ അധ്വാനലാഭം മുഴുവന്‍ എയര്‍ലൈനുകള്‍ കൊള്ളയടിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത് .പണ്ട് സമ്പന്നർ മാത്രമാണ് വിമാന യാത്ര ചെയ്തിരുന്നതെങ്കിൽ ഇന്ന് മധ്യവർഗ കുടുംബങ്ങളിൽ നിന്നുള്ളവർ പോലും അധികമായി വിമാന സർവീസുകളെ ആശ്രയിക്കുന്നു. ഗൾഫിൽമാത്രം 35 ലക്ഷത്തോളം മലയാളികൾ ജോലിചെയ്യുന്നുണ്ട് . ഏഷ്യൻ  യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും  വൻ വർധനയുണ്ട് . എന്നാൽ തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാനാവാത്ത സാഹചര്യമാണുള്ളത് .നിരക്ക് വർധന സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് .

നേരത്തെ ഗോ ഫസ്റ്റ് സർവീസ് നടത്തിയിരുന്ന ചില റൂട്ടുകളിലാണ് നിലവിൽ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നത്. ഈ റൂട്ടുകളിലെ യാത്രാനിരക്കുകൾ സ്വയം നിരീക്ഷിക്കാൻ എയർലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ അറിയിച്ചിരുന്നു . ബജറ്റ് എയർലൈനിലെ പ്രതിസന്ധി കാരണം മെയ് 3 മുതലാണ് ഗോ ഫസ്റ്റ് പറക്കൽ നിർത്തിയത്.

ഇന്ത്യയിൽ മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ നിരക്കാണ് വിമാനക്കൂലിയിൽ നിലവിലുള്ളത്. കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ പരമാവധി നിരക്ക് പരിധി ഏർപ്പെടുത്തിയിരുന്നത് എടുത്തുകളഞ്ഞതോടെയാണ് വിമാനക്കമ്പനികൾ മത്സരിച്ച് നിരക്ക് കൂട്ടി തുടങ്ങിയത്.

അവധിക്കാലത്ത് കൂടുതൽ പേർ നാട്ടിലേക്കും തിരിച്ചും യാത്രചെയ്യുന്നത് കണക്കിലെടുത്താണ് നിരക്കിലെ വർധന . ദുബൈ -കേരള വിമാന ടിക്കറ്റ് നിരക്കുകൾ 25,000 രൂപയ്ക്ക് മുകളിലാണ്. ഇത് മുപ്പതിനായിരം രൂപയ്ക്ക് മുകളിൽ വരെയെത്താറുണ്ട്. അന്താരാഷ്ട്ര, ആഭ്യന്തര വിമാനക്കൂലിയിൽ 41ശതമാനം വരെ വർദ്ധനയുണ്ട് .വിമാനത്തിൽ യാത്രചെയ്യുന്നവരുടെ എണ്ണം കൂടുമ്പോൾ ടിക്കറ്റ് നിരക്ക് കുറയേണ്ടതിന് പകരം കൂടുന്ന സാഹചര്യം എന്ത് കൊണ്ടെന്ന് പഠിക്കണം .

 ഇന്ധനവില കൂടിയതാണ് നിരക്ക് വർദ്ധനവിന് കാരണമായി വിമാനക്കമ്പനികൾ പറയുന്നത്. മൂന്ന് വർഷത്തിനിടെ ഇന്ധന വിലയിൽ 76 ശതമാനം വർദ്ധനയുണ്ടായെന്ന് അവർ പറയുന്നു. വിമാനക്കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ വീണ്ടും പരിധി നിശ്ചയിക്കണം.  ഒരു റൂട്ടിലെ നിരക്ക് ഇരട്ടിയോളം കൂട്ടാൻ അനുവദിക്കാൻ പാടില്ല. 

ഇതേ സമയം ആഭ്യന്തര വിമാനങ്ങളിലെ ടിക്കറ്റ് നിരക്കില്‍  ചില റൂട്ടുകളില്‍ 50 ശതമാനത്തോളം കുറവ്  അടുത്ത  ദിവസങ്ങളിൽ ഉണ്ടായത് ആശ്വാസകരമാണ് .

 ഓരോ റൂട്ടിലും കുറഞ്ഞതും കൂടിയതുമായ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക്  കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന രീതി മാറി  കമ്ബനികള്‍ക്ക് തീരുമാനിക്കാമെന്ന   വ്യോമയാന മന്ത്രാലയത്തിന്റെ സുപ്രധാന തീരുമാനത്തിനുപിന്നാലെയാണ് നിരക്കില്‍ കുറവ് വന്നത്.

ഡല്‍ഹി-മുംബൈ, ഡല്‍ഹി-പൂനെ, പൂനെ-ഡല്‍ഹി, ഡല്‍ഹി-ശ്രീനഗര്‍, ശ്രീനഗര്‍-ഡല്‍ഹി, ഡല്‍ഹി-അഹമ്മദാബാദ്, അഹമ്മദാബാദ്-ഡല്‍ഹി, ഡല്‍ഹി-ലേ, ലേ-ഡല്‍ഹി എന്നീ 9 റൂട്ടുകളിലെ ടിക്കറ്റ് നിരക്കില്‍ ജൂണ്‍ 5 നേക്കാള്‍ ജൂണ്‍ 13 ന് കുറവുണ്ടായി. മുബൈ-ഡല്‍ഹി റൂട്ടില്‍ മാത്രമാണ് നിരക്ക് വര്‍ധനവുണ്ടായത്. ഡല്‍ഹി-ലേ, ഡല്‍ഹി-അഹമ്മദാബാദ് സെക്ടറുകളിൽ  56 ശതമാനം കുറവാണ്   ടിക്കറ്റ് നിരക്കിലുണ്ടായത്. 

രാജ്യത്തെ എയർലൈൻ മേഖലയുടെ നിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷം, വിമാന നിരക്കുകൾ വിപണിയെ അടിസ്ഥാനമാക്കിയാണ് വിമാനക്കമ്പനികൾ നിശ്ചയിക്കുന്നത്.  വിമാനടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ, സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയെ അറിയിച്ചത് "വിമാനടിക്കറ്റ് നിരക്ക് സർക്കാർ സ്ഥാപിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതല്ല" എന്നാണ്. വിപണി, ഡിമാൻഡ്, സീസൺ, മറ്റ് വിപണി സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്താണ് വിമാനക്കമ്പനികൾ വില നിശ്ചയിക്കുന്നത്.  

ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ മാര്ഗങ്ങള് സ്വീകരിക്കേണ്ടതിന് ഗവൺമെന്റിൽ സമ്മർദം ചെലുത്തേണ്ടതുണ്ട്. അല്ലെങ്കിൽ സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധത്തിൽ   ടിക്കറ്റ്  നിരക്ക് ഇനിയും കുതിച്ചുയരും