മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം; കാതിൽ മെല്ലെ ചൊല്ലുമോ

സപ്‌ന അനു ബി ജോർജ്
പരസ്പരം ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് മിന്നാമിനുങ്ങുകൾ പ്രകാശം പരത്തുന്നതെന്നു് പറയപ്പെടുന്നു. അതല്ല പക്ഷികളെയും മറ്റും പേടിപ്പിച്ച് അവയുടെ ആക്രമണം ഒഴിവാക്കാനുമാകാം ഈ തന്ത്രം . എന്നിരുന്നാലും കവികൾക്കും കഥാകൃത്തുകള്‍ക്കും ഉത്തമ ഉദാഹരണങ്ങളായിത്തീരാറുണ്ട് ഈ നുറുങ്ങു വെട്ടങ്ങൾ. ജീവിതത്തിൽ ഇത്തരം വെട്ടം അനുഭവിക്കാൻ കഴിയുക വളരെ വിരളമാണ്,എന്നാൽ ഞാൻ കണ്ടു ഒരു കംപ്യൂട്ടർ ജാലകത്തിലൂടെ മാത്രം, ജീവനുള്ള ഒരു മിന്നാമിനുങ്ങിനെ! എവിടെനിന്നോ ഒരു ജീവന്റെ പ്രകാശം പോലെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു, ഇക്ബാലിക്ക എന്ന ഈ മിന്നാമിനുങ്ങ്!
എന്റെ ഗദ്യങ്ങളിലെയും പദ്യങ്ങളിലെയും വിഷാദത്തിന്റെ പൊരുൾ തേടി വന്ന ഒരു സാധുമനുഷ്യൻ. ചിത്രത്തിലെ കാഴ്ച്ചയിലും വാക്കുകളിലും സാധു, സൌമനസ്സ്യം, വാക്കുകളിൽ ലാളിത്യം, സരസന്‍. എന്റെ മലയാളം വായിക്കാന്‍ വേണ്ടി ‘വരമൊഴിയും, ഇളമൊഴിയും’ പിന്നെ അഞ്ചലി ലിപി‘യും തന്റെ മകന്റെ സഹായത്തോടെ മനസ്സിലാക്കി. അങ്ങിനെ അദ്ദേഹം എന്റെ മലയാളം ബ്ലോഗിൽ എത്തി. മലയാളം വായിച്ചു തുടങ്ങിയപ്പോൾ വിമര്‍ശനങ്ങൾ ‘ഞാന്‍ പറയട്ടെ’എന്ന മുഖവുരയോടുകൂടി തുടങ്ങി!“ഭാവനയും ശൈലിയും അന്തര്‍ലീനമായ ഒരു കഴിവാണ്”അതെന്നിലുണ്ടെന്ന് ആദ്യം തന്നെ പറഞ്ഞുതന്നു. ചോര്‍ന്നുപോയ എന്റെ ധൈര്യം വീണ്ടും തലപൊക്കി. എഴുതുമ്പോൾ ഓരോ വാക്കുകളുടെയും ഘടനയും വായനക്കാരുമായുള്ള ആശയവിനിമയത്തിന്റെ ആവശ്യകതയും പറഞ്ഞു മനസ്സിലാക്കിത്തന്നു.“ആദ്യ ഖണ്ഢികയില്‍ത്തന്നെ വരുത്തിയെടുക്കേണ്ട നാടകീയത“.
ഒരു മഹാഭാഗ്യം എനിക്കുണ്ടായി,അദ്ദേഹം നേരിട്ട് എന്റെ ഒരു ലേഖനം, മുഴുവനും തിരുത്തിത്തന്നു, വർഷങ്ങൾക്ക് മുൻപ് ഒരു 20ആം തീയതി,നിധിപോലെ ഞാന്‍ ഇന്നും അത് കാത്തു സൂക്ഷിക്കുന്നു.
ഒരൊ ദിവസവും പുതിയ പാഠങ്ങൾ അദ്ദേഹം ഒരു മാസത്തോളം ഒന്നൊന്നായി മനസ്സിലാക്കിത്തന്നു. എന്റെ കഴിവിനെ പുകഴ്ത്തിയതല്ല എന്നും എല്ലാവര്‍ക്കും എഴുത്തുകാരാകാൻ സാധിക്കണം എന്നില്ല' എന്നുള്ളതാണ് ഇതിലെ അടിസ്ഥാന പാഠം. സ്വന്തമായ ശൈലി ഒരു ദിവസം കൊണ്ടു ഉടലെടുക്കണം എന്നില്ല. ഒരിക്കലും സംഭവിച്ചില്ലെന്നും വരാം!അദ്ദേഹം സാന്ത്വ നിപ്പിച്ചു.ഇനി ഏറെ വളരാനുണ്ട്,അറിയാനുണ്ട്, മനസ്സിലാക്കാനുണ്ട്' എന്ന് എത്ര സരസമായി ക്ഷമയോടെ അദ്ദേഹം എന്റെ മനസ്സിനെ അശേഷം വേദനിപ്പിക്കാതെ പറഞ്ഞു തന്നു.
അന്നൊന്നും മട്ടാഞ്ചേരിക്കാരനായ ഒരു വലിയമനുഷ്യന്റെ ചെറിയ പ്രതിഛായ മാത്രമാണിത് എന്ന് ഞാനറിഞ്ഞിരുന്നില്ല. ഗുലാം ഹുസൈന്‍,എന്ന മലയാളത്തിലെ ആദ്യ ഗസൽ ഗായകന്റ മകൻ ഭാവിയിൽ ഒരു സംഗീതനിരൂപകന്‍ ആയിത്തീര്‍ന്നു. സ്റ്റേറ്റ് ബാങ്കിൽ ഉദ്യോഗസ്ഥൻ ആയിരിക്കുമ്പോൾത്തന്നെ അദ്ദേഹം ലേഖനങ്ങളും,നിരൂപണങ്ങളും എഴുതിത്തുടങ്ങി. ജീവിതത്തിൽ എടുത്തണിഞ്ഞ ഏതുവേഷങ്ങളോടും, അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു അദ്ദേഹം. പത്രപ്രവർത്തനമേഘലയിൽ ദേശാഭിമാനിയിലെ സബ് എഡിറ്റർ, നിരൂപകന്‍, ചരിത്രകാരന്‍, സംഗീതാസ്വാദകന്‍, ബുദ്ധിജീവി, കെ എസ് എഫ് ന്റ് സജീവ പ്രവര്‍തകൻ,എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങയതായി ഞാന്‍ പിന്നീട്കേട്ടറിയുകയുണ്ടായി. നിരവധി പുരസ്ക്കരങ്ങൾ ലഭിച്ചിട്ടുള്ളവയിൽ ചിലത്, കൊങ്കിണീ സാഹിത്യ അവാര്‍ഡ്, കേന്ദ്ര അക്കാദമി അവാര്‍ഡ് എന്നിവയാണ്. ഇവയെല്ലാം എന്റെ കേട്ടറിവും,വയിച്ചു മനസ്സിലാക്കിയവയും മാത്രമാണ്. ഇതൊന്നുമല്ലാത്ത, ഒരു സാധാരണമനുഷ്യനെ മാത്രമേ ഞാന്‍ അറിഞ്ഞിരുന്നുള്ളു.
എഴുത്തുകുത്തുകൾ, കവിതകൾ എന്ന് ഞാന്‍ കരുതിയിരുന്നവക്ക് ജീവന്റെ സ്വര്‍ശ്ശം അത്രപോര എന്നും ഇനിയും കൂടുതൽ എഴുതി തഴക്കം വരണം എന്നും, എടുത്തുചാടി പ്രസിദ്ധീകരണങ്ങളുടെ പിന്നാലേ പോകാതെ അവസരം നമ്മെത്തേടി എത്തട്ടെ‘ എന്നും ആശ്വസിപ്പിക്കുന്ന ഒരു പാവം മനുഷ്യന്റെ വിശ്വരൂപം ഞാനറിഞ്ഞു. വന്നതുപോലെ ഒന്നാദരിക്കാന്‍പോലും അവസരം തരാതെ അദ്ദേഹം അകലേക്ക് പറന്നു പോയി.
ഒരിക്കല്‍പ്പോലും താൻ ആരാണെന്നോ എന്നോടു പറഞ്ഞില്ല എന്നാൽ പകലോ രാത്രിയോ ഏതെങ്കിലും ഒരു സമയത്ത് എന്റെകൂടെ ഇരുന്ന് അദ്ദേഹം എന്റെ എല്ലാ ബ്ലൊഗുകളും എഴുത്തുകുത്തുകളും വായിച്ചു. കര്‍ശനമായ ഒരു വാക്കുപോലും ഉപയോഗിക്കാതെ, സംയമനത്തോടെ അദ്ദേഹം എന്നെ ശാസിച്ചു. ഇന്ന് എന്റെ അച്ചടിമഷി പതിഞ്ഞ ഓരോ പേജുകളിലും ഇക്ബാലിക്കയുടെ പുഞ്ചിരിക്കുന്ന മുഖം എന്നെ നോക്കിയിരിക്കുന്നതുപോലെ തോന്നും. “ക്ഷമ,അതാവശ്യമാണ് നല്ല എഴുത്തും,ശൈലിയും കൈമുതലാവാന്‍ “..........എന്ന് മന്ത്രോച്ചാരണം പോലെ അദ്ദേഹം എന്നോട് പറഞ്ഞു, കൂടെ”ഈ ധൃതി പാടില്ല എന്നും“.
അന്നും എന്റെ കൂടെ ഇരുന്ന് അദ്ദേഹം ക്ഷമയോടെ വായിച്ചു, എന്റെ ചോദ്യങ്ങൾക്ക് ഉത്തരവും തന്നു. കവിതകളുടെ വരികളിലൂടെ ചങ്ങമ്പുഴയുടെയും ചെറുശ്ശേരിയും ഒന്നും ഇനി ആര്‍ക്കും ആവാൻ സാധിക്കില്ല എങ്കിലും ഒരു ഇരുത്തം വരാനായി ധാരാളം പഴശൈലി കവിതകൾ വായിക്കുക.“നല്ല ക്ഷീണം,നാളെക്കാണാം സപ്ന, ഉറങ്ങാന്‍ സമയമായി“.
പിറ്റെന്നു രാവിലെ റസാക്ക് ഇക്കയുടെ മേസ്സേജ് എത്തി ചാറ്റിൽ “സപ്ന ഇക്ബാലിക്ക പോയി!ഓ പോയോ,എനിക്കത്യാവശ്യമായി അദ്ദേഹത്തെ ഒരു കവിത കാണിക്കാനുണ്ടായിരുന്നു. അതല്ല,സുഖമില്ലാതെ അദ്ദേഹത്തെ ആശുപത്രിയിൽ ആക്കി ഇന്നലെ രാത്രി!ഇനി തിരികെ വരുമോ എന്നു തോന്നുന്നില്ല. റസ്സാക്കെ ,രാവിലെ തമാശ പറയാതെ!,ഞാന്‍ ഒരു 6 മണിക്കുർ മുന്‍പ് അദ്ദേഹത്തോടു സംസാരിച്ചതാ!
ഇല്ല സപ്ന,അദ്ദേഹം പോയി. റസ്സാക്കിൽ നിന്നും കിട്ടിയ നംബറിൽ അദ്ദേഹത്തിന്റെ മകനെ വിളിച്ചു......സത്യം!അദ്ദേഹം പോയി!!ഇനി വരില്ല, ചാറ്റിൽ, എന്റെ കവിതകള്‍ക്കും വായനക്കും,എഴുത്തിനും വിമര്‍ശനങ്ങളും വാക്കുകളുമായി. ഒരിക്കലും മനസ്സിൽ നിന്നു മായാത്ത ചില നല്ല ഓര്‍മ്മകൾ നല്‍കി അദ്ദേഹം ഒരു വിടവാങ്ങലിന്റെ തേങ്ങലുമായി യാത്രയായി,എന്നന്നേക്കുമായി. അദ്ദേഹത്തിന്റെ കുടുംബത്തിനും മക്കള്‍ക്കും സര്‍വ്വേശ്വരൻ ധൈര്യവും ആശ്വാസവും നല്‍കട്ടെ.
രണ്ടു ദിവസം ഞാന്‍ ഏതോ നഷ്ടത്തിന്റെ ദു:ഖം കൊണ്ടുനടന്നു,പിന്നെ അത് ഒരു ദിനചര്യയുടെ ഭാഗമായി. രാവിലെ എന്താ വിശേഷം’ എന്നൊരു ചോദ്യമോ ഒരു ഇമെയിലിനായോ ഞാൻ കാതും കണ്ണും കൂര്‍പ്പിച്ചിരുന്നു, ഒന്നും വന്നില്ല!പ്രതീക്ഷിക്കാതെ വന്നെത്തിയ മിന്നാമിനുങ്ങ് അതിന്റെ ചെറിയ വേളിച്ചം എന്റെ ജീവിതത്തിൽ നിറച്ച്,എവിടേക്കോ പറന്നുപോയി. എവിടെന്നു വന്നു എന്നോ എവിടേക്കു പോകുന്നു എന്നൊന്നും ഞാൻ തിരക്കിയുമില്ല!
മിന്നാമിനുങ്ങുകളുടെ നുറുങ്ങുവെട്ടം എന്നും എല്ലാവര്‍ക്കും കൌതുകവും സന്തോഷവും തരുന്നു, പക്ഷെ കേവലം നൈമിഷികം മാത്രം.