അടിയം ചാലിനെ ഞടുക്കിയ കഥകൾ; ജയ്മോൻ ദേവസ്യ, തലയോലപ്പറമ്പ്

അടിയം ചാലിനെ ഞടുക്കിയ  കഥകൾ; ജയ്മോൻ ദേവസ്യ, തലയോലപ്പറമ്പ്

കഥ കേട്ടതിനു ശേഷം കുറച്ചു നാളേക്ക് രാത്രിയിൽ പുറത്തിറങ്ങാൻ പോലും പേടിയായിരുന്നു.

തലയില്ലാതെ കയ്യിൽ കൊയ്ത്തരിവാളുമായി ചാടിച്ചാടി പോയ ഉടൽ മറിഞ്ഞു വീണത് കൺമുന്നിൽ കണ്ടതുപോലെ തോന്നും.

കഥ നടന്നത് കുറച്ചു വർഷങ്ങൾക്ക് മുൻപാണ് .

കൂട്ടുകാരികളെല്ലാവരും ചേർന്ന് നെല്ല് കൊയ്തു കൊണ്ടിരിക്കെ എന്തോ കാര്യം പറഞ്ഞ് രണ്ടു പേർ തമ്മിൽ വഴക്കായി.

കൂട്ടത്തിലുള്ള മുതിർന്ന സ്ത്രീകൾ ഇടപെട്ട് വഴക്ക് മാറ്റാൻ നോക്കിയെങ്കിലും രണ്ടു പേരും വിട്ടു കൊടുക്കാതെ വഴക്ക് തുടർന്നു കൊണ്ടേയിരുന്നു...

വഴക്ക് മൂത്ത് ചീത്ത വിളി പാരമ്യത്തിലെത്തിയപ്പോൾ അതിലൊരാൾ, തൻ്റെ സകല മനോനിലയും വിട്ട് അരുവാളിനൊരു പൂളു പൂളി....

മറ്റേ സ്ത്രീയുടെ കഴുത്തിനു നേരെ ...

നല്ല പെളപെളപ്പൻ അരുവായല്ലേ... കൊയ്ത് കൊയ്ത് മൂർച്ച കൂടിയിരിക്കുന്നത് ..

അരുവാ കൊണ്ടത് മറ്റേ പെണ്ണിൻ്റെ കഴുത്തിൽ തന്നെ ...

കഴുത്തു മുറിഞ്ഞ്  തല പാടത്ത് വീണു...

തലയില്ലാത്ത ഉടലാണെങ്കിൽ  ചോരയും ചീറ്റിച്ച്  അടുത്ത കണ്ടം വരെ ചാടി ചാടി നടന്നത്രെ...

 കഥ നമ്മുടെ മുന്നിൽ നടക്കുന്ന പ്രതീതിയിലാണ് ഇവർ പറഞ്ഞത്.

ഈ അടിയം ചാല് എന്ന പാടം എനിക്കും വലിയൊരു സങ്കടം ഉണ്ടാക്കിയ സ്ഥലമാണ്.

ഞങ്ങളുടെ ശോഭ ചേച്ചിയെ പാമ്പു കൊത്തിയ സ്ഥലം,

ഞാൻ ചെറുതായിരിക്കുമ്പോൾ വീട്ടിന് തൊട്ടയൽവാസിയായിരുന്ന  ചേച്ചിയാണ് ശോഭ. അമ്മച്ചിയുടെ കൂട്ടുകാരി. വീട്ടിൽ വന്നാൽ കുഞ്ഞുങ്ങളായിരുന്ന ഞങ്ങളെയൊക്കെ ആ ചേച്ചി ഒത്തിരി പുന്നാരിക്കും.

ചിലപ്പോൾ ശർക്കര മിഠായിയും, കട്ടി മിഠായിയുമായിട്ടാവും വരുന്നത്. അപ്പൻ്റെ കടയിൽ നിന്നെടുത്തതാണത്.

ആ ശോഭ ചേച്ചിയുടെ മരണകാരണവും ഈ അടിയം ചാലിൽ തന്നെ ആയിരുന്നു.

എൻ്റെ ക്ലാസ്സിലാണ് ശോഭ ചേച്ചിയുടെ ഇളയ ആങ്ങള പഠിച്ചിരുന്നത്.

ശോഭ ചേച്ചിയും കൂട്ടുകാരും ചേർന്ന് പശുവിനുളള പുല്ലു ചെത്താൻ പോയതാണ്.

ഒരു പിടി പുല്ല് ചെത്തിയപ്പോൾ, അവിടെയുണ്ടായിരുന്ന ഒരു പാമ്പിൻ്റെ തലചേർത്തുപിടിച്ചാണ് പുല്ലു ചെത്തിയത്.

തലയും ഉടലും വേർപെട്ട പാമ്പ്  ചേച്ചിയുടെ കൈ വിരലുകൾക്കിടയിലായി കൊത്തി.

അപ്പോൾ തന്നെ ആളുകൾ ശോഭ ചേച്ചിയെ എടുത്ത് നാട്ടിലെ വിഷഹാരിയുടെ അടുത്തെത്തിച്ചു.

വിഷഹാരി കുരുമുളക് ചവക്കാൻ കൊടുത്തിട്ട് എരിവുണ്ടോ എന്ന് ചോദിച്ചെന്നും ശോഭ ചേച്ചിക്ക് കുരുമുളകിൻ്റെ എരിവില്ലായിരുന്നുവെന്നും, അപ്പോൾ തന്നെ വിഷഹാരിയുടെ മുഖം വാടിയെന്നുമൊക്കെ പിന്നീട് പറഞ്ഞു കേട്ടു . ...

വിഷഹാരി അപ്പോൾ തന്നെ ഒരുതരം വിഷക്കല്ലെടുത്ത് കൈവിരലുകൾക്കിടയിലെ മുറിവിൽ വച്ചുകെട്ടി കാരിത്താസിലേക്ക് പോകാൻ പറഞ്ഞു. അന്ന് ഏറ്റവും കൂടുതൽ വിഷചികിത്സ നടന്നിരുന്ന ആശുപത്രി ആണ് കാരിത്താസ്.

ആളുകൾ ജീപ്പും വിളിച്ച് ശോഭ ചേച്ചിയെ കയറ്റി കാരിത്താസിലേക്ക് പോയെങ്കിലും കുറുപ്പന്തറ കഴിഞ്ഞപ്പോൾ തന്നെ ചേച്ചീടെ ബോധം മറഞ്ഞ്, ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരിച്ചു.

ഈ മരണത്തിന് കാരണമായത് നിമിത്തങ്ങൾ ഒത്തു വന്നതുകൊണ്ടാണെന്ന് പറഞ്ഞ് ശോഭ ചേച്ചിയുടെ സ്വന്തപ്പെട്ടവർ മറ്റൊരു ചരിത്രം കൂടി രചിച്ചു.

എൻ്റെ കൂടെ പഠിക്കുന്ന ഒരാങ്ങളയുടെ കാര്യം പറഞ്ഞല്ലൊ..

ശോഭ ചേച്ചിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന സമയത്ത് വീട്ടിനുമുന്നിൽ നിന്നിരുന്ന തൈതെങ്ങിലെ ഓലയുടെ  തുഞ്ച് അവൻ വെട്ടിയിട്ടത്രെ.

അതു കണ്ട ഇവരുടെ സ്വന്തക്കാരായ സ്ത്രീകൾ ശോഭ ചേച്ചിയുടെ മരണം മുന്നിൽ കണ്ടിരുന്നെന്നതാണ് കഥ.

ഏതായാലും ശോഭ ചേച്ചി മരിച്ചു. അവരുടെ വീടിനടുത്തുണ്ടായിരുന്ന ഒരു പൊട്ടകിണറിൻ്റെ അടുത്തായിട്ടായിരുന്നു ചേച്ചിയെ അടക്കിയത്.

അതിന് മുകളിൽ  എന്തോ പൂജയൊക്കെ ചെയ്ത്  വിതറിയ എള്ള് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ദുർഗന്ധമുള്ള എള്ളിൻ ചെടികൾ കിളിർത്തു വന്നു.

കുറച്ചു നാളുകൾ ശോഭ ചേച്ചി മനസ്സിൽ നീറുന്ന ഓർമ്മയായി നീണ്ടുനിന്നു.

 

പുല്ലു വിൽക്കുന്നവർ ചെത്തിയ പുല്ലെല്ലാം കെട്ടുകളാക്കുമ്പോൾ പറഞ്ഞിരുന്ന കഥകളെക്കെ കേട്ട്  അവിടെ നിന്ന് പുല്ലു കെട്ടും താങ്ങിപ്പിടിച്ച് പഞ്ചായത്തുകടവിലെ നടയും കയറി വഴിയിലെത്തും. അവിടെ വച്ചിട്ടുള്ള സൈക്കിളിൻ്റെ കാരിയറിൽ വട്ടത്തിൽ ഒരു പലക  ബന്ധം വച്ച് കെട്ടി അതിൽ പുല്ലും കെട്ട് വച്ച് ഉന്തിക്കൊണ്ടാണ് വീട്ടിലേക്കുള്ള വരവ്.

പള്ളിക്കവല മുതൽ ചെറിയ കയറ്റമാണ് വഴിക്ക്.

പുറകിൽ നിന്ന് ഞാൻ സൈക്കിളിൽ തള്ളും.

അപ്പച്ചൻ അതിൻ്റെ ഹാൻ്റിലും പിടിച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞ് പറഞ്ഞ് അങ്ങിനെ വീട്ടിലെത്തും.

ഈ യാത്രയിൽ ധാരാളം കഥകൾ കേട്ടിരിക്കുന്നു.

എണ്ണിയാലൊതുങ്ങാത്ത കഥകൾ..

തലയോലപ്പറമ്പിന് ആ പേര് വന്നത് മുതൽ അപ്പച്ചൻ ചെറുപ്പത്തിൽ ഹോം ഗാർഡായി ജോലിക്ക് പോയ കഥവരെ പറഞ്ഞിരിക്കുന്നു.

കുട്ടനാടിൻ്റെ തലപ്പത്തിരിക്കുന്ന സ്ഥലം ആയതിനാലാണത്രെ തലയോലപ്പറമ്പിനാ പേര് വന്നത്..

തല എപ്പോഴും വടക്ക് ഭാഗത്തായിരിക്കുമെന്നും രാത്രിയിൽ മാനത്തെ നക്ഷത്രങ്ങളെ കാണാൻ കിടക്കുമ്പോൾ തല വടക്ക് ഭാഗത്തേക്ക് ചേർത്ത് കിടക്കണമെന്നുമെല്ലാം അപ്പച്ചൻ പറഞ്ഞിട്ടുണ്ട്.

അങ്ങിനെ നോക്കുമ്പോൾ കേരളത്തിൻ്റെ തെക്കുവടക്കായി നീളത്തിൽ കിടക്കുന്ന കുട്ടനാടൻ പാടശേഖരത്തിൻ്റെ വടക്കേ അതിർത്തിയാണ് തലയോലപ്പറമ്പ് കര. 

പഴയ കാലത്തുള്ളവരുടെ ആ ഒരു നിഗമനം കൊണ്ടാണത്രെ വടക്കൻ കരയുടെ സ്ഥലഭാഗത്തിന് തലപ്പറമ്പ് എന്ന് യോജിക്കുന്ന ഒരു പേരുവന്നതെന്നൊക്കെ ആ യാത്രയിൽ ആണ് ഞാൻ കേട്ടത്.

അവിടെ നിന്നുള്ള യാത്രാ വഴിക്കിടയിലാണ് രാഗം തിയറ്റർ ..ഞങ്ങൾ പോരുമ്പോളവിടെ വലിയ കൊളാമ്പി വച്ചുള്ള പാട്ടുണ്ടാവും ..

വീട്ടിലെത്തി പുല്ല് കെട്ട് മുറ്റത്തെത്തിച്ച് കുളിയും കഴിഞ്ഞായിരിക്കും അപ്പച്ചൻ ചായ പോലും കുടിക്കുന്നത്.

ആ യാത്രയിലെ ഓർമ്മകളും, കഥകളുമാണ് എൻ്റെ ജീവിതത്തിലെ വലിയൊരു നന്മ എന്നതിൽ രണ്ടു തരമില്ല ... തീർച്ച ...

 

ജയ്മോൻ ദേവസ്യ, പുത്തൻപുരക്കൽ

 

(തുടരും ....)