കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വാസവന്‍; താത്കാലിക ധനസഹായം കൈമാറി: മകളുടെ ചികിത്സയും ഏറ്റെടുക്കും

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മന്ത്രി വീട്ടിലെത്തിയത്. ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി താത്ക്കാലിക ധനസഹായമായ അന്‍പതിനായിരം രൂപയുടെ ചെക്ക് കൈമാറി. മകളുടെ ചികിത്സാ കാര്യത്തിലും മന്ത്രി ഉറപ്പു നല്‍കി. മന്ത്രിക്കൊപ്പം ജില്ലാ കളക്ടറും ഉണ്ടായിരുന്നു.
ബിന്ദുവിന്റെ സംസ്‌കാര ചടങ്ങ് തലയോലപ്പറമ്പിലെ വീട്ടുവളപ്പില്‍ നടന്നു. ഉറ്റവരും സമീപവാസികളും അടക്കം നിരവധി പേരാണ് ബിന്ദുവിനെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ അടക്കം വീട്ടില്‍ എത്തി ബിന്ദുവിന് അന്തിമോപചാരം അര്‍പ്പിച്ചു. തലയോട്ടി പൊട്ടിയാണ് ബിന്ദുവിന്റെ മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ലുകള്‍ ഒടിഞ്ഞതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തലയ്‌ക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവും ആണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അധികൃതര്‍ പൊലീസിന് കൈമാറി.