വളപ്പൊട്ടുകൾ: കവിത , റുക്സാന, കക്കോടി

വളപ്പൊട്ടുകൾ: കവിത , റുക്സാന, കക്കോടി

കുഞ്ഞിളം പ്രായത്തിൽ നിൻകരം - ഗ്രഹിച്ചു ഞാൻ ,

പൊട്ടിത്തകർന്നന്നു നിൻ വളകളാകെ ,

പൊട്ടിക്കരഞ്ഞു നീ - ചിണുങ്ങിയകലവേ,

പൊട്ടിച്ചിരിച്ചു ഞാൻ നോക്കിനിന്നു.

 

കുപ്പിവളയ്ക്കായി പരിഭവം പറഞ്ഞു -

നീയെന്നുമേ എന്നരികിൽ 

വരികയായി,

പൊട്ടിയ വളപ്പൊട്ടിനാൽ - തീർത്തൊരെൻ സ്വപ്ന 

ഹാരമന്നുഞാൻ നിൻ ഗളത്തിൽ

ചാർത്തുകയായ്.

 

കളിയും ചിരിയും - പോയ്മറഞ്ഞൊരുനാൾ

പ്രണയത്തിൻ ,നാമ്പുകൾ ഞാൻ കണ്ടനേരം.

 

ആരും കാണാതെയാരാരുമറിയാതെ -

നിൻ തരളിതമാം കരങ്ങളിൽ നിറയും,

വളകൾ ചാർത്തി.

ആയിരം നക്ഷത്രങ്ങളായ് പൂത്തുലഞ്ഞന്നു

നിൻ മുഖശ്രീയിൽ ,

കള്ളനാണം നടിച്ചു നീ ദൂരെയോടി.

 

പ്രണയത്തിൻ മന്ദാര പൂക്കൾ വിടരവേ 

കൊടുങ്കാറ്റിൽ നിൻ ജീവിതവളകൾ -

തകർന്നു പോയി.

 

പൊട്ടിയ വളപ്പൊട്ടുകൾ  ചേർത്തു -ഞാൻ,

ഇന്നുമേ നിന്നെ തിരഞ്ഞിടുന്നു ,

നിൻ ചിരി കേൾക്കുന്നു -

കുപ്പിവളക്കിലുക്കം പോൽ,

കാറ്റിൽ കിലുങ്ങും വളപ്പൊട്ടു പോലെ.

 

കാലം തീർത്തൊരു കാർമേഘ മറവിൽ നീ -

എങ്ങോയെങ്ങോ അലിഞ്ഞുപോയി,

നിന്നോർമ്മയിൽ ഞാനും

വിതുമ്പിപ്പോയി.

 

റുക്സാന, കക്കോടി