പ്രണയകാന്തം :കവിത , രമ പിഷാരടി ബാംഗ്ലൂർ

Nov 29, 2020 - 17:58
Mar 11, 2023 - 14:33
 0  281
പ്രണയകാന്തം :കവിത , രമ പിഷാരടി  ബാംഗ്ലൂർ

പ്രണയനോവിൻ്റെ

സന്ധ്യയിലാവണം

നറുനിലാവിൻ്റെ

വാനം കറുത്തത്.

 

പ്രണയനഷ്ടം

സഹിക്കാതെയാകണം

ഹൃദയമാകെ

മുറഞ്ഞങ്ങടർന്നത്

 

പ്രണയനൈരാശ്യ-

വേളയിലാകണം

ഒരു മുഴം കയർ

കൈയിൽ തടഞ്ഞത്

 

പ്രണയമില്ലെന്ന്

ചൊന്നതാലാകണം  

പകയിലഗ്നിയിൽ

മുങ്ങേണ്ടി വന്നത്

 

പ്രണയമില്ലാതെ-

യായ നാളാവണം  

പരിചയം പോലു -

മില്ലെന്ന് ചൊന്നത്

 

പ്രണയമാകെ

തകർന്ന നാളാവണം

ചിതയിലേയ്ക്ക്

നടക്കാൻ ശ്രമിച്ചത്

 

പ്രണയമാകെ

മുഷിഞ്ഞ നാളാകണം

പതിയെ വാതിൽ

അടച്ചങ്ങിരുന്നത്

 

കൊടിയ വേനലിൻ

തീക്കാറ്റിലാകണം

പ്രണയവൃക്ഷം

മുറിഞ്ഞ് വേരറ്റത്

 

പ്രണയമേഘങ്ങൾ

പെയ്ത നാളാകണം 

അടിമുടി പൂത്ത്

വീണ്ടും തളിർത്തത്

 

തെളിനിലാവിൻ്റെ

തോണിയിലാകണം

പുഴ കടന്ന് കിനാ-

വുകൾ വന്നത്

 

 

മിഴിയിൽ ശരറാന്ത-

ലുള്ള  നക്ഷത്രങ്ങൾ

വഴിയിലാകെ

പ്രകാശം ചൊരിഞ്ഞത്.

 

പ്രണയമെന്നുമിതേ

പോലെ  ജാലകപ്പടി-

യിൽ മധുവന്തി

പാടുന്ന ഗായകൻ

   

പ്രണയമെന്നുമിതേ-

പോലെ ഗന്ധർവ്വ

ശ്രുതിയുമായ് വരും

അജ്ഞാതമാന്ത്രികൻ..

 

====================