പ്രിയേ നിനക്കായ്: കഥ, സൂസൻ പാലാത്ര

പ്രിയേ നിനക്കായ്: കഥ, സൂസൻ പാലാത്ര

ൻ്റെ പ്രാണപ്രിയേ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു. നിന്നോടുള്ള എൻ്റെ അതിരില്ലാത്ത സ്നേഹം വെളിപ്പെടുത്തുവാൻ ലോകഭാഷകൾക്ക് അസാധ്യം. 

       ഞാൻ നിന്നെ ഇങ്ങനെ സ്നേഹിക്കുന്നത്, സ്നേഹം കൊണ്ടു നിന്നെ വീർപ്പുമുട്ടിക്കുന്നത് നമ്മുടെ മക്കൾക്കോ എൻ്റെയോ നിൻ്റെയോ ബന്ധുക്കൾക്കോ നാട്ടുകാർക്കോ പോലും ഇഷ്ടമാകുന്നില്ല. അവർക്ക് കൊതിമൂത്തിട്ട് അസൂയയായതാവാം. അവരൊക്കെ എന്തിന് അസൂയപ്പെടണം?  അവരുടെ പ്രേയസിമാരെ ഇതുപോലെയോ ഇതിലധികമായോ പ്രണയിച്ചാൽ പോരേ?  എന്തിന് മറ്റുള്ളവരുടെ  സ്വകാര്യതയിൽ ഒളിഞ്ഞു നോക്കി അവരുടെ സ്വസ്ഥത കളയണം. 

        ഞാൻ ഇന്നലെ കൊണ്ടുവന്ന വേഷം നിനക്കിഷ്ടപ്പെട്ടോ? നീ കണ്ടില്ലേ  ദാ ഈ അലമാര നിറയെ നിൻ്റെ വസ്ത്രങ്ങളാണ്. നിൻ്റെ പ്രിയപ്പെട്ട ആകാശനീലിമയിലുള്ള, പലവിധ സാരികളുണ്ട്.  

         ഞാൻ നിന്നെ കുളിപ്പിച്ചൊരുക്കുന്നതൊന്നും മക്കൾക്ക് തീരെയിഷ്ടമാകുന്നില്ല. മരുമക്കൾ പറയുന്നത് അച്ഛനെ മാനസികരോഗചികിത്സാ വിദഗ്ധനെ കാണിച്ച് ചികിത്സിപ്പിയ്ക്കണമെന്നാണ്. അവർക്കൊന്നും അറിയില്ലല്ലോ നാം നമ്മിലുള്ള ഹൃദയബന്ധത്തിൻ്റെ ആഴം. പ്രിയേ നീയെന്നെ അറിയുന്നില്ലേ.... ങാ തലയാട്ടിയല്ലോ... നീ എല്ലാം അറിയുന്നുണ്ട് അല്ലേടീ... കള്ളീ ... കള്ളിപ്പെണ്ണിൻ്റെ കിടപ്പു കണ്ടില്ലേ? 

        ഈ വീട്ടിലേയ്ക്ക് ആരും വരുന്നില്ലെന്ന് മക്കൾക്ക് പരാതി. അവർ വീടുമാറട്ടെയെന്ന് ചോദിക്കുന്നു. നീ എന്താ പറഞ്ഞേ? ങാ, എല്ലാരും പൊക്കോട്ടെന്നോ, നമ്മൾ രണ്ടും മാത്രം മതിയെന്ന് അല്ലേ...

     കഴിഞ്ഞാഴ്ച ഒരു രസമുണ്ടായി വാലൻ്റൈൻസ്ഡേയിൽ നമ്മുടെ പ്രണയം ആഘോഷിക്കാൻ സാമൂഹ്യ മാധ്യമങ്ങളിലെ ചിലർ തീരുമാനിച്ചു. അവർ കേക്കും ബൊക്കെയുമൊക്കെയായി വീട്ടുപടിക്കൽ വന്ന് ഏറെ നേരം വിളിച്ചു, ഒച്ചയിട്ടു വിളിച്ചു. മക്കൾ ഗേറ്റുംവീടും  തുറന്നുകൊടുത്തില്ല.  എന്നെയും നിന്നെയും നമ്മുടെ കിടപ്പറയിലിട്ടു പൂട്ടി. പൂട്ടിക്കിടന്ന കതകു തുറക്കാൻ ശ്രമിച്ച എൻ്റെ വലത്തേ മുട്ടുകാലു തകർന്നുപോയി, ഞാൻ വീൽച്ചെയറിലുമായി.  

      നീ ഉറക്കമല്ലേ എപ്പഴും. എന്തൊരുറക്കമാ പെണ്ണേയിത്?  നിനക്കു് വേദനയാകാതിരിക്കാൻ ഞാൻ നിന്നെഉണർത്തിയുമില്ല,  ഒന്നുമൊട്ട് അറിയിച്ചതുമില്ല.

        മക്കളോട് നീ പറയണം അച്ഛനെ മാനസികരോഗാശുപത്രിയിൽ കൊണ്ടു പോകല്ലേന്ന്. എനിക്ക് നിന്നെ എപ്പഴും കണ്ടോണ്ടിരുന്നാൽ മതി. ഉറങ്ങുന്ന നിനക്ക് കൂട്ടായി ഉറങ്ങാതെ ഞാനെപ്പോഴും  കാവലിരിയ്ക്കാം. 

        എടീ മോളൂ.... പിള്ളേരു വളർന്നെടീ ... മിടുമിടുക്കരായി. സ്വന്തം കാലിൽ നില്ക്കുന്നു. മരുമക്കളും നല്ലവരാ... നമ്മളെ കണ്ടു പഠിച്ചു വളർന്ന നമ്മുടെ മക്കൾ നല്ല കുടുംബജീവിതം നയിക്കുന്നു. 

         നിനക്ക് എന്നും പരാതിയായിരുന്നല്ലോ... നിന്നെ ഞാൻ സ്നേഹിക്കുന്നില്ല, കരുതുന്നില്ല, പുത്തൻ വേഷങ്ങൾ വാങ്ങിത്തരുന്നില്ല, നിന്നോടൊപ്പം സമയം ചെലവഴിക്കുന്നില്ലായെന്ന്. സങ്കടപ്പെട്ട് സങ്കടപ്പെട്ട് ഉപ്പിൽ ഒച്ച് അലിയുന്നതു പോലെ നിൻ്റെ സങ്കടങ്ങളിൽ നീ ചേർന്നലിഞ്ഞലിഞ്ഞുപോയി.

       നിന്നെഉണർത്താൻ എത്രശ്രമിച്ചിട്ടും മോളൂ നീയുണരാത്തതെന്തേ? അതോണ്ടാ, അതിൻ്റെ പ്രായശ്ചിത്തമായിട്ടാ  ഞാൻ നിൻ്റെ കൂടെ മുഴുവൻസമയവും ചെലവഴിക്കുന്നത്. അടുത്തൂൺ പറ്റിയതു മുതൽ രാവുകളിൽ മാത്രമല്ലല്ലോ പകലുകളിലും ഞാൻ നിന്നെയല്ലേടീ പെണ്ണേ കെട്ടിപ്പിടിച്ചുറങ്ങുന്നത്!

      പക്ഷേ വയ്യ... ഇനി വയ്യടാമോളൂ.. ഈ ചക്രക്കസേരയിൽനിന്ന് നിൻറടുത്ത് എന്നെ പിടിച്ചു കിടത്താൻ ആരുമില്ല. നമ്മളെ രണ്ടു പേരേം നോക്കാൻ ആരും വരില്ലെന്ന്. ഹോംനേഴ്സു വരാൻ നീപ്രാർത്ഥിക്കുമോ? 

      എല്ലാം എൻ്റെ തെറ്റായിപ്പോയി. പണ്ടേ ഞാൻ നിന്നെ ഏറെ സ്നേഹിച്ചിരുന്നെങ്കിൽ... നിനക്ക് വിശ്രമവും സ്നേഹവും നീകൊതിച്ച സംരക്ഷണവും തന്നിരുന്നെങ്കിൽ... ഇങ്ങനെ വരില്ലായിരുന്നു.

      എങ്കിൽ ... നീ വിട്ടു പോയപ്പോൾ മനസ്സ് അത് അംഗീകരിച്ചേനേ. നിനക്കറിയാമോ ഞാൻ  നിന്നോടൊപ്പം ഒന്നുറങ്ങാൻ  ആ കുരിശുകൾ നാട്ടിയ സെമിത്തേരിയിൽ കാവല്ക്കാർ കാണാതെ കടന്നുവന്നതൊക്കെ. പിന്നെ മഴയായപ്പോൾ ഒരുതരത്തിലാണ് നിൻ്റെ അസ്ഥികൾ ശേഖരിച്ചതും,  നിനക്കൊരു രൂപം പണിത് ആ അസ്ഥികൾ അതിനുള്ളിലാക്കി മനോഹരമായി അണിയിച്ചൊരുക്കി എനിക്ക് എന്നും കാണാനായും കെട്ടിപ്പിടിച്ചുറങ്ങാനായും നമ്മുടെ കിടപ്പറയിൽ നിന്നെ കിടത്തിയത്. 

        വയ്യ മോളെ, ചക്രക്കസേരയിലെ ജീവിതം നമ്മുടെ സ്വൈരജീവിതത്തിന് വിഘാതം സൃഷ്ടിച്ചു. എല്ലാരും പറയുന്നു വട്ടാണെന്ന്... ഇനി ഞാൻ എന്താ ചെയ്ക? പ്രിയേ ... എൻ്റെ മാടപ്രാവേ നീയൊന്നും മൊഴിയാത്തതെന്തൊണ്?

   സൂസൻ പാലാത്ര