മുട്ടട കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷൻ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് മത്സരിക്കാൻ സാധിക്കില്ല. മേൽവിലാസത്തിൽ വന്ന പിഴവ് ചൂണ്ടിക്കാട്ടിയുള്ള പരാതി അംഗീകരിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർപ്പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്യാൻ ഉത്തരവിട്ടു.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും, പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും കാണിച്ച് സിപിഐഎം ആണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വൈഷ്ണ മുട്ടട വാർഡിൽ സ്ഥിരതാമസമില്ലെന്ന് ബോധ്യപ്പെട്ടു. മുട്ടടയിൽ കുടുംബവീടുണ്ടെങ്കിലും സ്ഥാനാർത്ഥി അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം.
മുട്ടട വാർഡിൽ താമസിക്കുന്നതിനുള്ള വാടക കരാറോ കെട്ടിടത്തിൻ്റെ വിവരങ്ങളോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുൻപാകെ വൈഷ്ണ ഹാജരാക്കിയിരുന്നില്ല. 18/564 എന്ന കെട്ടിട നമ്പറിൽ വൈഷ്ണയുടെ വോട്ട് ചേർക്കാൻ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രായം കുറഞ്ഞ സ്ഥാനാർത്ഥി എന്ന നിലയിൽ കോൺഗ്രസ് മുട്ടട ഡിവിഷനിൽ ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച സ്ഥാനാർത്ഥിയായിരുന്നു വൈഷ്ണ സുരേഷ്.