കൊച്ചി: മരപ്പട്ടി മൂത്രത്തിന്റെ ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഹൈക്കോടതി നടപടികള്‍ തടസപ്പെട്ടു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സിറ്റിങ്ങ് താൽക്കാലികമായി നിര്‍ത്തിവക്കുകയും ചെയ്തു. അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രമാണ് ഇന്ന് പരിഗണിച്ചത്. കനത്ത ദുര്‍ഗന്ധമാണ് അഭിഭാഷകര്‍ ഇരിക്കുന്നിടത്ത് ഉള്ളത്.
കേസുകള്‍ പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രം പരിഗണിച്ച് ബാക്കിയുള്ളവ മാറ്റിവച്ചത്.
കോടതി ഹാളിൽ ഇന്നലെ രാത്രി മരപ്പട്ടി കയറി മൂത്രമൊഴിച്ചിരുന്നു. ഇന്ന് രാവിലെ കോടതി തുടങ്ങിയതോടെയാണ് ദുർഗന്ധം അനുഭവപ്പെട്ടത്. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. കോടതി ഹാളിൽ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് അടിയന്തര ഹർജികൾ പരിഗണിച്ചശേഷം കോടതി പിരിഞ്ഞത്. കോടതി ഹാൾ വൃത്തിയാക്കിയശേഷം കേസുകൾ പരിഗണിക്കും. ഹൈക്കോടതിയിൽ നേരത്തെ തന്നെ മരപ്പട്ടി ശല്യം ഉണ്ട്.