പ്രശാന്ത് പഴയിടം
പാലക്കാടൻ ഗ്രാമത്തിന്റെ സ്നേഹമേറ്റുവാങ്ങി, ആ ഗ്രാമത്തിന്റെ ഹൃദയതാളത്തിനൊപ്പം വളർന്ന അശ്വിന് മുംബൈ നഗരത്തോട് ചങ്ങാതത്തിലാവാൻ ഏറെ പ്രയാസമായിരുന്നു. ജോലി തട്ടിപ്പിന് ഇരയായെങ്കിലും കൂട്ടുകാർ പകർന്നുനൽകിയ ആത്മവിശ്വാസത്തിൽ മുന്നോട്ട് പോകുവാൻ തന്നെ അവൻ തീരുമാനിച്ചു.
ഫ്ലാറ്റിന്റെ ജനലഴിയിലൂടെ പുറത്തേക്ക് നോക്കി നിശബ്ദനായി ഇരിക്കുകയാണ് അശ്വിൻ. ജനലഴിയിലൂടെ പുലരിയുടെ പുതുമനിറഞ്ഞ സ്വർണ്ണക്കിരണങ്ങളും കുളിരണിയിക്കുന്ന കാറ്റും കടന്നുവരുന്നുണ്ട്. പക്ഷേ, അശ്വിന്റെ മനസ്സിന് തിളക്കം ചാർത്തുവാനോ, ആ മനസ്സിനെ തണുപ്പിക്കുവാനോ അതിനൊന്നിനും കഴിഞ്ഞില്ല.
ആരോടും ഒന്നും മിണ്ടാതെ ഇരിക്കുന്ന അശ്വിനെ കണ്ട് സവാദ് പറഞ്ഞു:
"അശ്വിനെ, നീ ഒന്ന് കൂൾ ആവ്. ഇടയ്ക്കൊക്കെ പുറത്തേക്ക് ഇറങ്ങ്. ഈവനിംഗ് ഞാൻ വന്നതിന് ശേഷം നമുക്ക് ഒരിടം വരെ പോകണം."
അശ്വിന്റെ മറുപടി ഒരു ചെറുപുഞ്ചിരിയിലൊതുങ്ങി.
സവാദിനൊപ്പം ജോലിക്ക് പോകുവാനിറങ്ങിയതായിരുന്നു തുഷാർ.
തുഷാർ: "അശ്വിനെ, ഈ ചെറിയ പ്രശ്നങ്ങളെയൊന്നും പരാജയമായി കാണരുത്. നല്ലത് ചെയ്ത് ജീവിക്കുന്നവരെപ്പോലെ തന്നെ പറ്റിച്ച് ജീവിക്കുന്നവരുമുണ്ട് ഈ ലോകത്ത്. പിന്നെ, ആ ഏജന്റിന് ഞാൻ പറഞ്ഞതുപോലെ മെസ്സേജ് അയച്ചോ?"
അശ്വിൻ: "അയച്ചു ചേട്ടാ, ഒരു നന്ദി പറഞ്ഞാണ് മെസ്സേജ് അയച്ചിട്ടുള്ളത്."
തുഷാർ: "മറുപടി വന്നാൽ എന്നോട് പറയണം. നിനക്കറിയുമോ, പല ആവശ്യങ്ങൾക്കായി ദിവസവും നിരവധിയാളുകൾ ഈ മഹാനഗരത്തിൽ വന്നുപോകുന്നുണ്ട്. അതിൽ നല്ലവരുമുണ്ട്, ചീത്ത ആളുകളുമുണ്ട്. ഈ നഗരം നല്ല പ്രവർത്തിയിൽ ഏർപ്പെടുന്നവർക്ക് നല്ലതും, ചീത്തയായവർക്ക് ചീത്തയുമാണ്. നമ്മുടെ വഴി നമ്മൾ തന്നെയാണ് തിരഞ്ഞെടുക്കേണ്ടത്."
സവാദ്: "അശ്വിനെ, നീ ഒരു ഷർട്ട് ധരിച്ച് പെട്ടെന്ന് വാ. താഴത്തെ കടയിൽ നിന്ന് പ്രഭാത ഭക്ഷണം കഴിക്കാം."
അശ്വിൻ: "അയ്യോ സവാദേ വേണ്ട, ഞാൻ കുറച്ചു കഴിഞ്ഞിട്ട് ഇന്നലത്തെ കഞ്ഞിയുണ്ട്, അത് കഴിച്ചോളാം."
സവാദ്: "അവന്റെയൊരു കഞ്ഞി! നിന്റെ ആ അപകർഷതാബോധം കളഞ്ഞിട്ട് വരുവാൻ നോക്ക്."
അശ്വിൻ മടിച്ചുനിന്നെങ്കിലും കൂട്ടുകാരോടൊപ്പം ഇറങ്ങി. മൂവരും ഒരു ചെറിയ ഭക്ഷണശാലയിലെത്തി. ചൂടുപാത്രത്തിൽ തിളച്ചു മറിയുന്ന ചായ, വലിയ പാത്രത്തിൽ സമൂസയും വടയും നിരന്നുകഴിഞ്ഞു. ഒരു ചെറിയ പാത്രത്തിൽ നിറയെ മുളക് വറുത്തു വെച്ചിട്ടുമുണ്ട്. ഇവിടത്തുകാരുടെ പ്രിയഭക്ഷണങ്ങളിൽ ഒന്നാണ് വടാപ്പാവ്.
സവാദ്: "ചായ തിളച്ചു മറിയുന്നതിന്റെ പുകയും, നല്ല പച്ചമുളക് വറുത്തതിൽ ഉപ്പ് വിതറിയതും... ആഹാ മോനേ അശ്വിനെ, എടുത്ത് കഴിക്ക് ടാ!"
തുഷാർ: "ടാ സവാദെ, അവൻ കഴിച്ചുകൊള്ളും, നീ അവനെ വെറുതെ വിട്. സവാദെ, നീ ആക്രാന്തം കാണിച്ച് ആ മുളക് മുഴുവനും തിന്ന് വയറുവേദന പിടിപ്പിക്കരുത്. പോയി പണിയെടുക്കുവാനുള്ളതാണ്, ഹഹ!"
അശ്വിൻ: "ഞാൻ അമ്മയോട് എന്തുപറയും?"
തുഷാർ: "നീ ഇന്റർവ്യൂവിൽ ജോലി കിട്ടിയില്ല എന്ന് പറഞ്ഞുകൊള്ളൂ, പക്ഷേ പണം നഷ്ടപ്പെട്ട കാര്യം ഇപ്പോൾ പറയേണ്ട."
സവാദ്: "ഞാൻ പറയുന്നത് കേൾക്ക്, തത്കാലം നീ ഞങ്ങളുടെ കമ്പനിയിൽ കയറ്. എന്നിട്ട് സാവധാനം ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്ത് മറ്റൊരു ജോലിക്ക് കയറാമല്ലോ."
പെട്ടെന്ന് അശ്വിന്റെ ഫോൺ ബെല്ലടിക്കുന്നു.
"ഹലോ അശ്വിൻ, ഞാൻ ആനിയാണ്. ഞാൻ നാട്ടിലേക്ക് പോകുവാനുള്ള തീരുമാനത്തിലാണ്."
അശ്വിൻ: "ആനി, ഞാൻ ഇവിടെ ഫ്രണ്ട്സിന്റെ അടുത്താണ്. തത്കാലം ഇവിടെ എന്തെങ്കിലും ജോലി കണ്ടുപിടിക്കണം."
സവാദ് തുഷാറിനെ നോക്കി ചിരിക്കുന്നു.
ആനി: "ആണോ, ഓൾ ദി ബെസ്റ്റ് അശ്വിൻ! ഏജന്റിന്റെ എന്തെങ്കിലും വിവരമുണ്ടെങ്കിൽ വിളിക്കണം, ബൈ."
സവാദ്: "ആരാടാ അത്?"
അശ്വിൻ: "ആനി, ഇന്റർവ്യൂവിന് വന്നതാണ്."
സവാദ്: "ഇവിടെ രണ്ട് കൊല്ലമായി ഞാൻ നിൽക്കുന്നു, ഇതുവരെ ഒരു ആനിയും നമ്മളെ വിളിക്കാനില്ല! ഇന്നലെ വന്നവനെ വരെ വിളിക്കുന്നു!"
തുഷാർ: "മോനേ അശ്വിനെ, നീ അവൻ പറയുന്നതൊന്നും കേൾക്കേണ്ട. അവന് കല്യാണപ്രായമായതിന്റെ കേടാണ്! ആ കുട്ടി ഇന്റർവ്യൂവിന് വന്നതാണെങ്കിൽ, ആ കുട്ടിയോടും ഒരു താങ്ക് യു മെസ്സേജ് ഏജന്റിന് അയക്കുവാൻ പറയു."
അശ്വിൻ: "പറയാം ചേട്ടാ, ആ കുട്ടി നാട്ടിലേക്ക് തിരിച്ചുപോവുകയാണ്."
തുഷാർ: "എങ്കിൽ ആ കുട്ടിയും നമ്മുടെ കമ്പനിയിലേക്ക് വരട്ടെ, ഞാൻ പറയാം."
സവാദ്: "അത് നന്നായിരിക്കും. അശ്വിൻ, ആനി... 'അ, ആ'... അടിപൊളി!"
തുഷാർ: "ടാ, നീ അവനെ കളിയാക്കാതെ."
(അശ്വിൻ ചിരിക്കുന്നു)
തുഷാർ: "നീ ഒന്ന് ചിരിച്ചല്ലോ, അതുമതി."
സവാദ്: "അതിന് ആനി വിളിച്ചപ്പോഴേ അവന്റെ മുഖം തെളിഞ്ഞു, ഹഹ!"
അശ്വിൻ: "ടാ... നീ വേഗം ജോലിക്ക് പൊയ്ക്കോ, അല്ലേൽ മറാഠികൾ നിന്നെക്കൊണ്ട് തുണി അലക്കിപ്പിക്കും!"
തുഷാർ: "ഹഹ! പണ്ട് അടിയുണ്ടാക്കിയതിന് ഇവനെക്കൊണ്ട് അവർ ഒരു ദിവസം മുഴുവൻ ചപ്പാത്തി പരത്തിച്ചതാണ്!"
സവാദ്: "ഓ പിന്നെ! താൻ പോടോ, അവർക്ക് എന്നോട് ഭയങ്കര സ്നേഹമാണ്."
അശ്വിൻ: "അത് എനിക്ക് കഴിഞ്ഞ ദിവസം മനസ്സിലായി, ഹഹ!"
തുഷാർ: "മോനേ അശ്വിനെ, നീ റൂമിലേക്ക് പൊയ്ക്കോളൂ, ഞങ്ങളും ഇറങ്ങുകയാണ്.“ കൂട്ടുകരൊടൊപ്പമുള്ള നിമിഷങ്ങൾ അശ്വിന് കൂടുതൽ ആത്മവിശ്വാസം പകർന്നേകി. സ്വപ്‌നത്തിന്റെ ചിറകിലേറാൻ ഏറെ പ്രതീക്ഷകളോടെ അശ്വിൻ നടന്നു നീങ്ങി.
തുടരും