ആഫ്രിക്കൻ ആകാശത്ത് പാറിയ എന്റെ ത്രിവർണ്ണം; ലീലാമ്മ തോമസ്, ബോട്സ്വാന

Aug 15, 2026 - 09:18
Aug 15, 2026 - 09:22
 0  4
ആഫ്രിക്കൻ ആകാശത്ത് പാറിയ എന്റെ ത്രിവർണ്ണം;  ലീലാമ്മ തോമസ്, ബോട്സ്വാന
ഗാന്ധിജിയുടെ നാട്ടിലെ പതാക.
ആഫ്രിക്കൻ ആകാശത്ത് പാറിയ എന്റെ ത്രിവർണ്ണം
ലീലാമ്മ തോമസ്, ബോട്സ്വാന
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ അവിടേക്ക് എത്തിച്ചേർന്നിരുന്നു. സുഹൃത്തുക്കളും കുടുംബങ്ങളും ഒരേ ആഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടി.
ഇന്ത്യ… ചൈന…  കൊറിയ… സിംബാബ്‌വെ…
പല രാജ്യങ്ങളിൽ നിന്നുള്ളവർ ഒരേ വേദിയിൽ.
വിവിധ രാജ്യങ്ങളുടെ പതാകകൾ ആകാശത്ത് നിറങ്ങൾ പടർത്തി പാറിപ്പറന്നു. ബോട്സ്വാനയുടെ ഇളംനീല പതാകയ്ക്കൊപ്പം ലോകത്തിന്റെ പല നിറങ്ങളും ഒന്നായി ചേർന്നു.
പക്ഷേ, ആ തിരക്കിനിടയിൽ ഞാൻ പെട്ടെന്ന് ഒരു കാര്യം ശ്രദ്ധിച്ചു.
എന്റെ നാടിന്റെ പതാക അവിടെ ഉണ്ടായിരുന്നില്ല.
ആ ഒരു നിമിഷം എന്റെ ഉള്ളിൽ ഒരു ശൂന്യത പോലെ പതിഞ്ഞു.
“എന്റെ നാടിന്റെ പതാക കൂടി ഇവിടെ വെക്കാമോ?” എന്ന് ഞാൻ ചോദിച്ചു.
എന്നാൽ എല്ലാ രാജ്യങ്ങളുടെയും പതാകകൾ നേരത്തെ തന്നെ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. സമയം കഴിഞ്ഞിരുന്നു.
പക്ഷേ എന്റെ ആഗ്രഹം മങ്ങിയില്ല.
ഞാൻ പെട്ടെന്ന് പല കടകളിലും അന്വേഷിച്ചു. എങ്ങും ഇന്ത്യൻ പതാക ലഭിച്ചില്ല.
“ചൈനക്കാരന്റെ കടയിൽ നിന്ന് മൂന്നു കഷണം തുണി വാങ്ങി ഉണ്ടാക്കിക്കോളൂ,” ചിലർ പറഞ്ഞു.
പക്ഷേ ഞാൻ അതിന് തയ്യാറായില്ല.
എന്റെ കണ്ണുകൾക്ക് മുന്നിൽ ഒരു പതാക ഉയർത്തണമെങ്കിൽ, അത് എന്റെ നാടിന്റെ യഥാർത്ഥ ത്രിവർണ്ണപതാക തന്നെ ആയിരിക്കണം.
എന്റെ കണ്ണുകൾ നിറഞ്ഞു.
അപ്പോഴാണ്, ഒരു അന്യനാട്ടിലെ പരിചയമില്ലാത്ത കരുണ എന്റെ വഴിയിലേക്ക് എത്തിയത്.
സിംബാബ്‌വെയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ എന്റെ അടുത്തേക്ക് വന്നു. എന്റെ വേഷം കണ്ട അദ്ദേഹം സ്നേഹത്തോടെ പറഞ്ഞു,
“ഗാന്ധിജിയുടെ പുത്രി…”
ആ വാക്കുകളിൽ തന്നെ ഒരു ആദരവിന്റെ ഭാരമുണ്ടായിരുന്നു.
അദ്ദേഹം ഉടൻ അകത്തേക്ക് പോയി.
അൽപ്പസമയം കഴിഞ്ഞ് തിരികെ വന്നപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ ഒരു പെട്ടിയുണ്ടായിരുന്നു.
പെട്ടി തുറന്നപ്പോൾ, അതിനുള്ളിൽ ഒരു ചരിത്രത്തിന്റെ മൗനം പോലെ ചില വസ്തുക്കൾ.
മഹാത്മാഗാന്ധിയുടെ ചിത്രം…
ഉപ്പ്…
ചന്ദനത്തിരി…
ഉപ്പ് കണ്ട നിമിഷം എന്റെ മനസ്സ് നേരെ ചരിത്രത്തിലേക്ക് സഞ്ചരിച്ചു.
ഉപ്പുസത്യാഗ്രഹം… ഗാന്ധിജി… സ്വാതന്ത്ര്യസമരം…
അദ്ദേഹം പറഞ്ഞു:
“ഞാൻ ഇന്ത്യയിൽ പഠിക്കാൻ പോയിരുന്ന കാലത്ത് ഓർമ്മയ്ക്കായി സൂക്ഷിച്ച ഒരു ത്രിവർണ്ണപതാക എന്റെ കൈവശമുണ്ട്.”
അത് എനിക്ക് നൽകാമോ എന്ന് ഞാൻ ചോദിച്ചു.
അടുത്ത നിമിഷം…
ഒരു ആഫ്രിക്കൻ പയ്യൻ കൊണ്ടുവന്ന Mopani മരക്കമ്പിൽ ആ പതാക ഉയർത്താൻ പാകത്തിൽ ഉറപ്പിച്ചു.
ആ മണ്ണിൽ…
ആ കൈകളിൽ…
എന്റെ നാടിന്റെ പതാക ഉയർന്നു.
ലോകത്തിന്റെ പതാകകളോടൊപ്പം എന്റെ രാജ്യത്തിന്റെ ത്രിവർണ്ണവും ആഫ്രിക്കൻ ആകാശത്തേക്ക് ഉയർന്നു.
ആ നിമിഷം എന്റെ ഹൃദയത്തിൽ നിന്ന് സ്വാഭാവികമായി ഒരു വിളി ഉയർന്നു:
“വന്ദേ മാതരം!”
അതോടൊപ്പം,
“Dumela!”
ആ ശബ്ദം ആഫ്രിക്കൻ മണ്ണിൽ പ്രതിധ്വനിച്ചു.
ബോട്സ്വാനയുടെ പതാകയും എനിക്ക് അന്ന് മറ്റൊരു അർത്ഥം നൽകി. ഇളംനീല ആകാശത്തെയും ജലത്തെയും ഓർമ്മിപ്പിക്കുന്നു. കറുപ്പും വെളുപ്പും മനുഷ്യരുടെ ഐക്യത്തെയും സഹവർത്തിത്വത്തെയും പ്രതിനിധീകരിക്കുന്നു.
സ്വാതന്ത്ര്യം നേടിയ ശേഷം സമാധാനത്തിന്റെ വഴിയിലൂടെ മുന്നേറുന്ന ഒരു രാജ്യത്തിന്റെ മണ്ണിൽ, എന്റെ രാജ്യത്തിന്റെ പതാകയും ആ ദിവസം അഭിമാനത്തോടെ പാറി.
അത് എനിക്ക് ഒരു ചെറിയ സംഭവം മാത്രമായിരുന്നില്ല.
അത് എന്റെ നാടിനെ ഞാൻ ഹൃദയത്തിൽ ചേർത്തുപിടിച്ച ഒരു നിമിഷമായിരുന്നു.
ആഫ്രിക്കൻ യാത്രയിൽ ഞാൻ കണ്ടത് വന്യമൃഗങ്ങളുടെയും ഖനികളുടെയും മരുഭൂമികളുടെയും കഥകൾ മാത്രമല്ല.
ഒരു ദിവസം, എന്റെ നാടിന്റെ പതാക ആഫ്രിക്കൻ ആകാശത്ത് പാറിപ്പറന്നതും ഞാൻ കണ്ടു.
അത് ചെറിയൊരു ശ്രമമായിരിക്കാം.
പക്ഷേ അതിൽ നിറഞ്ഞിരുന്നത്
എന്റെ ദേശസ്നേഹം…
എന്റെ അഭിമാനം…
എന്റെ ഇന്ത്യ…
ആഡംബരത്തിനുവേണ്ടിയല്ല പലരും ആഫ്രിക്കയിലേക്ക് എത്തുന്നത്.
പ്രകൃതിയുടെ ശുദ്ധമായ സൗന്ദര്യം തേടിയാണ് പലരും ഈ ഭൂഖണ്ഡത്തിലേക്ക് വരുന്നത്.
അങ്ങനെയൊരു യാത്രയിൽ, ധനസമ്പത്തിനേക്കാൾ പ്രകൃതിയെ സ്നേഹിച്ച ഒരു ബ്രിട്ടീഷ് രാജകുമാരന്റെ യാത്രയും എന്റെ ഓർമ്മയിൽ പതിഞ്ഞു.
പ്രകൃതിയുടെ ഹൃദയഭൂമിയായ ബോട്സ്വാനയിലേക്ക് എത്തിയ ഹാരി രാജകുമാരന്റെ യാത്ര.
തിരക്കുകളിൽ നിന്ന് അകന്ന്, ശാന്തതയും സന്തോഷവും തേടിയെത്തിയ ആ യാത്രയും ആഫ്രിക്കയുടെ കഥയിലെ മറ്റൊരു മനോഹരമായ അധ്യായമായി.
ചോബെ ദേശീയോദ്യാനത്തിൽ കുട്ടികളോടൊപ്പം വൃക്ഷത്തൈ നട്ട അദ്ദേഹത്തിന്റെ നിമിഷങ്ങളും പച്ചപിടിച്ച ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ ഓർമ്മകളായി മാറി.
പക്ഷേ എന്റെ ഓർമ്മയിൽ ഏറ്റവും ആഴത്തിൽ പതിഞ്ഞത് മറ്റൊന്നാണ്,
ആഫ്രിക്കൻ ആകാശത്തിന് കീഴിൽ,
ഒരു അന്യന്റെ കരുണയിൽ,
ഒരു Mopani മരക്കമ്പിൽ,
എന്റെ ഇന്ത്യയുടെ ത്രിവർണ്ണപതാക ഉയർന്ന ആ നിമിഷം.
ആ പതാകയിൽ ഞാൻ കണ്ടത് മൂന്ന് നിറങ്ങൾ മാത്രമല്ല.
ഞാൻ കണ്ടത്
ഒരു ജനതയുടെ ചരിത്രം,
ഒരു മഹാത്മാവിന്റെ സ്വപ്നം,
ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം,
എന്റെ സ്വന്തം മണ്ണിന്റെ മണം.
വന്ദേ മാതരം.