കോടതികളെ സമീപിക്കാൻ ജനങ്ങൾ ഭയപ്പെടേണ്ടതില്ല : ചീഫ് ജസ്റ്റിസ്

കോടതികളെ സമീപിക്കാൻ ജനങ്ങൾ ഭയപ്പെടേണ്ടതില്ല : ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: 'ജനങ്ങളുടെ കോടതി'യായാണ് സുപ്രീം കോടതി പ്രവര്‍ത്തിക്കുന്നതെന്നും കോടതികളെ സമീപിക്കുന്നതില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ജനങ്ങള്‍ക്ക് തങ്ങളുടെ അവസാന അത്താണിയായി സുപ്രീം കോടതിയെ കാണാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ അംഗീകാരത്തോടെ ജനാധിപത്യ സ്ഥാപനങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയും രാഷ്ട്രീയ ഭിന്നതകള്‍ പരിഹരിക്കുന്നതിന് സമാനമായി വ്യവസ്ഥാപിത തത്വങ്ങളിലൂടെയും നടപടിക്രമങ്ങളിലൂടെയും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാൻ കോടതികള്‍ സഹായിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു. ആ വിധത്തില്‍ രാജ്യത്തെ ഓരോ കോടതിയിലേയും ഓരോ കേസും ഭരണനിര്‍വഹണങ്ങളുടെ ഭാഗമാണെന്നും സുപ്രീം കോടതിയില്‍ നടന്ന ഭരണഘടനാദിന ആഘോഷപരിപാടിയുടെ ഉദ്ഘാടനവേളയില്‍ സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി സുപ്രീം കോടതി ജനങ്ങളുടെ കോടതിയായി പ്രവര്‍ത്തിച്ചുവരികയാണ്. നീതി ലഭിക്കുമെന്ന വിശ്വാസത്തോടെ ആയിരക്കണക്കിന് പൗരര്‍ സുപ്രീം കോടതിയുടെ വാതില്‍ക്കലെത്തിയതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.