‘തൊടുപുഴ ഇടുക്കിയുടെ ഹൃദയം, അത് പറിച്ചുകൊണ്ടുപോകാൻ അനുവദിക്കില്ല’; മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിൽ എതിർപ്പുമായി മന്ത്രി മോൻസ് ജോസഫ്

Aug 29, 2026 - 15:32
 0  6
‘തൊടുപുഴ ഇടുക്കിയുടെ ഹൃദയം, അത് പറിച്ചുകൊണ്ടുപോകാൻ അനുവദിക്കില്ല’; മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിൽ എതിർപ്പുമായി   മന്ത്രി മോൻസ് ജോസഫ്

മൂവാറ്റുപുഴ ജില്ല രൂപീകരണ  ആവശ്യത്തിൽ കേരള കോൺഗ്രസിന്റെ എതിർപ്പ് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്. പുതിയ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം യു.ഡി.എഫിൽ വിശദമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസിന്റെ നിലപാട് നേരത്തെ തന്നെ മുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മൂവാറ്റുപുഴ എം.എൽ.എയായിരുന്ന ജോസഫ് വാഴക്കൻ മുമ്പ് നിയമസഭയിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ അന്നുതന്നെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് സർക്കാർ മറുപടി നൽകിയിരുന്നതായും മോൻസ് ജോസഫ് പറഞ്ഞു.

അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ സമഗ്ര സുരക്ഷാ പരിശോധന നടത്തുന്നതിനായി സുപ്രീം കോടതി നിയോഗിച്ച സമിതി സെപ്റ്റംബർ ഒന്നിന് അണക്കെട്ടിലെത്തും. സുപ്രീം കോടതി നിർദേശിച്ച രീതിയിൽ പൂർണ സുരക്ഷാ പരിശോധന നടത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതിന് തയ്യാറായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാർ കേസിന്റെ നടത്തിപ്പിൽ മുൻ സർക്കാരിന് വീഴ്ച സംഭവിച്ചെന്നും മോൻസ് ജോസഫ് ആരോപിച്ചു. കേരളം പുതിയ അഭിഭാഷക സംഘത്തെ സുപ്രീം കോടതിയിൽ നിയോഗിച്ചിട്ടുണ്ട്. സമഗ്ര സുരക്ഷാ പരിശോധന പൂർത്തിയായതിന് ശേഷം കേരളം ഉന്നതതല യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു.