തീയേറ്റർ കഥകൾ : മണിയ

സിനിമ എന്നുമൊരു ഹരമായിരുന്നു. ടി വിയുടെയോ മൊബൈലിന്റെയോ ഐപ്പാഡിന്റെയോ ഒക്കെ ആവിർഭാവത്തിന് മുൻപേ ഇതു മാത്രമായിരുന്നല്ലോ ഒരു എന്റർറ്റൈൻമെന്റ്. ഇപ്പോൾ എല്ലാമായി.സ്കൂട്ടറിനു പകരം കാർ, അതിലും മാറ്റങ്ങൾ പലതായി. കാറും ഫോണുമൊക്കെ പുതിയതുവരുമ്പോൾ മാറിക്കൊണ്ടിരിക്കുന്നത് പുരുഷന്മാർക്ക് എന്നും ഹരമാണ്. സ്ത്രീകൾ വസ്ത്രങ്ങൾ പുതിയത് വാങ്ങുന്നത് മാത്രം അനാവശ്യം, ആർഭാടം, വെറും വേസ്റ്റ്, അലമാരി കുത്തിനിറക്കാൻ. അതുപോലെ അടുക്കളയിൽ പുതിയ പാത്രങ്ങൾ ആയാലും, അതും കൂടുതൽ.
മക്കൾ ടൂർ പോയ സമയം . കാർ കൊണ്ടുപോയിരുന്നില്ല. റെന്റിന് എടുത്താണ് പോയത് , കുറച്ചു ദിവസത്തെ പ്രോഗ്രാം ആണ്. വീട്ടിലെ ആവശ്യവും നടക്കണമല്ലോ, അതുകൊണ്ട് വണ്ടി വീട്ടിലിട്ടിട്ട് പോയി . "നമുക്ക് ഒരു സിനിമക്കു പോയാലോ?"
പത്രത്താളുകളിൽ കണ്ണോടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സാധാരണ താനാണ് ആവശ്യങ്ങൾ ഉന്നയിക്കുന്നത്. ഇപ്പോൾ നേരെ തിരിഞ്ഞു. "പിള്ളേർ ഇല്ലാഞ്ഞിട്ട്
എന്തോപോലെ."
"അവർ വിളിച്ചതല്ലേ കൂടെ പോയാൽ പോരായിരുന്നോ?''
"ഓ! എന്തിന്! അവർ അവരുടെ കുടുംബക്കാരുടേം കൂട്ടുകാരുടേം വീടുകളൊക്കെ കയറിയിറങ്ങിയല്ലേ വരൂ.
നമുക്കു ബോറടിക്കും, അവർക്കും."
"ഇനി ഈ പ്രായത്തിൽ തീയേറ്ററിൽ പോണോ? നമ്മുടെ അപ്പുറത്തെ അമ്മാമ്മ
വീണപോലെ വല്ലടത്തും ചെന്നു വീണാലോ?ടീവിയിൽ ഇഷ്ടം പോലെ കിട്ടുന്നുണ്ടല്ലോ, അതൊക്കെ പോരെ?"
"നിനക്കെപ്പോഴും തടസ്സങ്ങളാ. വല്ലപ്പോഴും നമുക്കും വേണ്ടേ ഇതൊക്കെ.? "
"ശരി അങ്ങനെയെങ്കിൽ അങ്ങനെ. പോയേക്കാം." പെട്ടെന്ന് റെഡ്ഢിയായി. ഓടിക്കുന്നത് സ്വയം. ആരും കൂടെ വരാനും ഇല്ല. പിന്നൊന്നും നോക്കണ്ട.
കാർ നഗരത്തിലെ തീയേറ്റർ സമുച്ചയത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള
ഇടവഴി തിരിഞ്ഞ് കുറച്ചു മുന്നോട്ടു ചെന്നു. ഏതോ തീയേറ്ററിലെ സിനിമ കഴിഞ്ഞിരിക്കുന്നു, ആളുകളുടേയും കാറുകളുടേയും തിരക്ക്. മെയിൻ റോഡിലേക്ക്. കുറേ പൊയ്ക്കോട്ടേ എന്നു വച്ച് അല്പം സൈഡ് ഒതുക്കിയിട്ടു, പിന്നെ ഇറങ്ങിച്ചെല്ലാൻ നോക്കി. അപ്പോഴതാ ഒരു വലിയ വണ്ടി ,ഇന്നോവ ആണെന്നു തോന്നുന്നു വഴി മുടക്കി കടന്നു വന്നു. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല മാറ്റാൻ സൈഡും ഇല്ല. ഒരു വിധത്തിൽ മറ്റുള്ളവരുടെ സഹായത്താൽ ഞങ്ങളുടെ കൊച്ചുവണ്ടി ഉരുട്ടിയും പൊക്കിയും മാറ്റി. സൈഡ് കൊടുത്ത്
ഇന്നോവയെ കടത്തിവിട്ടു. പിന്നല്ലേ പുകിൽ. സ്വന്തം വണ്ടി എടുക്കാൻ പറ്റുന്നില്ല. കുറേ നേരം പയറ്റിയപ്പോൾ
ഞാൻ പറഞ്ഞു "വണ്ടി ഇവിടെ കിടക്കട്ടെ. നമുക്ക് താഴേക്കു നടന്നിറങ്ങി സിനിമക്കു
കേറാം ".
"അതു പറ്റില്ല''ന്നായി അദ്ദേഹം . ''വണ്ടി അങ്ങനെ ഇട്ടിട്ടു പോകുന്നതു ശരിയല്ല.നോക്കട്ടെ."
ആരെയോ വിളിച്ച് വണ്ടി നോക്കി താഴെ ഇറങ്ങി ഒരു തീയേറ്ററിന്റെ മുറ്റത്ത് എത്തി, ഗേറ്റിൽ ബോർഡ് കണ്ടു" ഹൗസ് ഫുൾ "
അതായിരുന്നു കാണേണ്ട പടം. ഇനി താഴത്തെ നോക്കാം അവിടെത്തി കാർ
പാർക്ക് ചെയ്ത് ഇറങ്ങി ചെന്നു. അവിടെയും ടിക്കറ്റ് ക്ലോസ്ഡ്. അവിടെ തന്നെ മുകളിലുള്ളതും അതുപോലെ.
ഇറങ്ങി പുറപ്പെടണ്ട എന്നു പല പ്രാവശ്യം മനസ്സു പറഞ്ഞു. തടസ്സപ്പെടുത്തിയും നോക്കി. എന്നിട്ടും. ഇതായിരുന്നു ഞങ്ങളുടെ അവസാന തീയേറ്റർ സന്ദർശനം.
തുടരും