എന്നിലെ താഴിട്ട സ്വപ്നങ്ങൾ : കവിത

എന്നിലെ താഴിട്ട  സ്വപ്നങ്ങൾ : കവിത

 

 

സുജ ശശികുമാർ

 

എന്നിലെ സ്വപ്നങ്ങളെന്തേ നീ നിൻ

മിഴിച്ചെപ്പിലൊളിപ്പിച്ചു വെച്ചൂ

എന്നിലെ ഓർമ്മകൾ ചിതലരിയ്ക്കുമ്പോഴും

ചിന്തകൾ തളരാതിരുന്നു.

 

എങ്കിലും കാലങ്ങൾക്കിപ്പുറം

പൂത്തു തളിർക്കാൻ വെമ്പി നിൽക്കുന്ന

കിനാക്കളുണ്ട്

ഇനി വരും വസന്തത്തെ കാത്ത്.

 

അനുവാദമില്ലാതെ തളച്ചിട്ട മൗനത്തിൻ

ചങ്ങലക്കെട്ടുകൾ തുരുമ്പുപിടിച്ചിരിക്കുന്നു.

 

കാലപ്പഴക്കം വിളിച്ചോതുന്ന

മാറാലക്കെട്ടുകൾ തൂങ്ങി നിൽക്കുന്നു.

 

മോഹങ്ങളുടെ ചിറകടിയൊച്ചകൾ

കുറഞ്ഞിരിക്കുന്നു.

 

എന്തേ നിനക്കു ഞാൻ അനന്തമായ

നീലാകാശം തുന്നിത്തന്നിട്ടും

നിൻ ചിറകിനാൽ പറന്നുയരാത്തത്.

 

അതെന്തേ നീ എല്ലാം

മൗനത്തിലൊതുക്കിയത്

കലഹവും, ദു:ഖവും പ്രതികാരവും എല്ലാം

അതിലെരിഞ്ഞടങ്ങിയോ ?

 

കാലം മാടി വിളിക്കുന്നുണ്ട് ഏറെ കഥ

പറയാനായി.

 

പിൻവിളിക്കു ചെവി കൊടുക്കാതെ ഞാൻ മടങ്ങി

കർമ്മകാണ്ഡത്തിൻ ഊരാക്കുടുക്കഴിച്ച്

ചിതറി ഉടയാത്ത സ്വപ്നങ്ങളെ ചേർത്തു പിടിച്ച്

അന്ധകാരത്തിലേയ്ക്ക്

പ്രത്യാശയുടെ ഒരു തരി വെട്ടം തേടി

 

ഏതെങ്കിലുമൊരു പുലരിയിൽ

പകൽച്ചില്ലയിൽ പൂത്തു തളിർക്കുമെന്നാശിച്ച്

എന്നിലെ സ്വപ്നങ്ങൾക്കു

ചാർത്താനുള്ള നിറക്കൂട്ടുമായി...