നിൻ തുമ്പ്  കെട്ടിയിട്ട ചുരുൾ മുടിയിൽ

നിൻ തുമ്പ്  കെട്ടിയിട്ട ചുരുൾ മുടിയിൽ

 

 

സപ്ന അനു ബി ജോർജ് 

 

ലമുടി ഒരു പ്രതിഭാസമാണു്.സ്വന്തം തലയിൽ വളരുന്ന മുടി വെട്ടാനും വളര്‍ത്താനും സ്വാതന്ത്ര്യമുള്ള, മുണ്ഡനം ചെയ്ത തലയിലും സൌന്ദര്യം കാണാൻ കഴിവുള്ള ഒരു സമൂഹം ഇന്നും നമു ക്കുണ്ട് എന്നത്  ഒരു പ്രത്യാശമാത്രമല്ല. സ്ത്രീയുടെ സൌന്ദര്യത്തെപ്പറ്റി പാടിപുകഴ്ത്തുന്ന എല്ലാ കഥകളിലും കവിതകളിലും ഏറ്റവും പ്രാധാന്യമുള്ളൊരു ഭാഗമാണ് കാർക്കൂന്തലിനെപ്പറ്റിയുള്ള വർണ്ണന.  അതോടൊപ്പം പേടിപ്പെടുത്തുന്ന  യക്ഷിക്കഥകളിലെ  ഭയത്തിന്റെ ആക്കം കൂട്ടുന്നത്, അഴിഞ്ഞുലഞ്ഞ  കേശഭാരം ആണ്. തല മുണ്ഡനം  ചെയ്യൂന്നത് ഭക്തിയുടെ പ്രതീകമായും കണക്കാക്കപ്പെടുന്നു.

എന്റെ കേശഭാരം എന്നും എനിക്ക് ആ‍ശയായി,

നീണ്ടമുടിയിഴകളിൽ വിരലോടിക്കനുള്ള ആഗ്രഹം,

എന്നന്നേക്കുമായി  മനസ്സിന്റെ കോണിലൊളിപ്പിച്ചു.

മുടിയിഴക്കഷണങ്ങൾ  സ്വപ്നങ്ങൾ മാത്രമായി ,

അത്യാവേശത്തോടെ ഞാൻ  സ്നേഹിച്ചോമനിച്ച,

കാർക്കൂന്തലുകൾ  മണ്ണിരകളായി ഏതോലോകത്ത്!

 

മനുഷ്യനിലും,മൃഗങ്ങളിലും മാത്രം കാണപ്പെടുന്ന,  പ്രോട്ടിനിന്റെ പുറത്തേക്കുള്ള വളർച്ചയെ രോമം, മുടി എന്നു പറയുന്നു. മുടി എന്ന വാക്ക്  സംസ്കൃതത്തിൽ നിന്നാണ് മലയാളത്തിലേക്ക് സ്വീകരിക്കപ്പെട്ടത്.  പുരുഷന്മാരിലും സ്ത്രീകളിലും മുടിയുടെ വ്യത്യസ്ത സ്വഭാവം ഉണ്ട്. മനുഷ്യന്റെ തലയിൽ ഒരു ലക്ഷത്തിലധികം രോമങ്ങൾ കാണപ്പെടുന്നു. തലമുടിയുടെ ശരാശരി വളർച്ച വർഷത്തിൽ 127 മില്ലി മീറ്ററും ആയുസ്സ് ആറ് വർഷവുമാണ്. മെലനിൻ മുടിക്കു കറുപ്പ്‌ നിറം നൽകുന്നു. മനുഷ്യരിൽ ഒരു മാസത്തിൽ അര ഇഞ്ചാണ് തലയിലെ മുടി വളരുന്നത്. മുടിയുടെ വളർച്ച ഒരു ദിവസത്തിൽ തന്നെ ഒരു പോലെയല്ല. പുരുഷന്റെ മുടിയുടെ ജീവിതകാലം മൂന്നു മുതൽ അഞ്ചുകൊല്ലം വരെയും സ്ത്രീകളിൽ ഇത് ഏഴുകൊല്ലം വരെയുമാണ്. കൺപീലികളുടെ ആയുസ് ആറുമാസമാണ്.

മുടി പൊഴിയുമ്പോഴോ, നരയ്‌ക്കുമ്പോഴോ മറ്റ്‌ തലമുടി പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴോ അല്ല മുടിയുടെ സംരക്ഷണത്തേക്കുറിച്ച്‌ ചിന്തിക്കേണ്ടത്‌. ജനനം മുതല്‍ തന്നെ ശരീര ആരോഗ്യസംരക്ഷണത്തോടൊപ്പം മുടിയുടെ സംരക്ഷണവും തുടങ്ങണം. ചെമ്പരത്തിപ്പൂ,മുട്ട,നാരങ്ങ,തേങ്ങാപ്പാല്‍,കറ്റാർ വാഴ,മയിലാഞ്ചി എന്നിവയെല്ലാം തലമുടി വളരാനായി, തലയിൽ തേച്ചുപിടിപ്പിക്കുകയും, എണ്ണ കാച്ചിതേക്കുകയും ചെയ്യാം.  ആയുര്‍വേദശാസ്‌ത്രം നിഷ്ക്കർഷിക്കുന്നത് തലമുടിയുടെ സംരക്ഷണത്തിൽ തലയിൽ എണ്ണ തേയ്‌ക്കുന്നതാണ്‌ ഏറ്റവും പ്രധാനം. അതോടൊപ്പം ആഹാരക്രമം, ആഹാരസാധനങ്ങൾ, കുളി, ഉറക്കം, മാനസികാരോഗ്യം എന്നിവയ്‌ക്കും പ്രാധാന്യമുണ്ട്‌. നാം കഴിക്കുന്ന വിവിധതരം ആഹാരസാധനങ്ങള്‍ തലമുടിയുടെ ആരോഗ്യത്തെ  ബാധിക്കുന്നു എന്നാണ് ആയുര്‍വേദശാസ്‌ത്രം പറയുന്നത് . അതിൽ അസ്‌ഥിക്ക്‌ പരിണാമമുണ്ടാകുമ്പോൾ ഉപോല്‌പന്നമായി ഉണ്ടാകുന്നവയാണ്‌ നഖങ്ങളും മുടിയും. അതുകൊണ്ട്‌ തന്നെ രോഗനിര്‍ണയത്തില്‍ മുടിയുടെ ആരോഗ്യവും പരിശോധനാവിഷയമാകുന്നു.

മുടിയുടെ നിറം, ബലം, അളവ്‌, വളര്‍ച്ച എന്നിവയിലാണ്ടുകുന്ന വ്യത്യാസങ്ങൾ പോഷകക്കുറവ്‌ വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ ശക്‌തിക്കുറവ്‌ എന്നിവ കൊണ്ടാകാം.പാല്‍, മുട്ട, എണ്ണകൾ, എള്ള്‌, അണ്ടിപ്പരിപ്പ്‌, കടല, ചെറുപയര്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ആഹാരംപോലെ തന്നെ പ്രധാനമാണ്‌ വിശ്രമവും ഉറക്കവും. ഇവയും ചിട്ടയായി ക്രമമായി ശരീരത്തിനു ലഭിക്കണം. രാവിലെ നേരത്തെ ഉറക്കമുണരുന്നതും രാത്രി നേരത്തെ ഉറങ്ങുന്നതും ആരോഗ്യത്തിന്‌ മാത്രമല്ല മുടിയുടെ വളര്‍ച്ചയ്‌ക്കും ആരോഗ്യത്തിനും നല്ലതാണ്‌. കുളിക്കുന്നത്‌ ഒരേ സമയത്താകുന്നതാണ്‌ നല്ലത്‌. ആരോഗ്യമുള്ളവര്‍ക്ക്‌ രണ്ടു നേരവും കുളിക്കാം. രാവിലെ നേരത്തെ കുളിക്കുന്നതാണ്‌ തലമുടിയുടേയും ശരീരത്തിന്റേയും ആരോഗ്യത്തിനും നല്ലത്‌.കുളിക്കുമ്പോള്‍ നിര്‍ബന്ധമായും തലയില്‍ എണ്ണതേച്ച ശേഷം കുളിക്കണം. പ്രത്യേകിച്ചും രാവിലെ കുളിക്കുമ്പോള്‍. എണ്ണതേച്ചു കുളിക്കുന്നത്‌ ചെറിയ പ്രായത്തിലെ ശീലിക്കുന്നതാണ്‌ ആരോഗ്യപ്രദം.

ശരീരത്തിന്റെ ഏറ്റവും പ്രധാനഭാഗം തലയാണ്‌ ,ഒരു ചെടിക്ക്‌ വേരുകൾ എന്നപോലെ. അതുകൊണ്ട്‌ തലയില്‍ തേയ്‌ക്കുന്ന എണ്ണ ശരീരത്തിനു മുഴുവനും ആരോഗ്യദായകമാകുന്നു. എണ്ണ തേച്ചശേഷം സോപ്പ്‌, ഷാംപൂ എന്നിവ ഉപയോഗിച്ച്‌ എണ്ണ പൂര്‍ണമായും കഴുകി കളയുന്നതും മുടിക്ക്‌ ഹാനികരമാണ്‌. ദിവസവും തേയ്‌ക്കുമ്പോള്‍ കുറഞ്ഞ അവില്‍ തേച്ചാല്‍ മതി. സോപ്പിനും ഷാംപൂവിനും പകരം 15 ദിവസത്തില്‍ ഒരിക്കല്‍ താളിതേച്ചു എണ്ണയും അഴുക്കും നീക്കം ചെയ്യാവുന്നതാണ്‌. അതിനായി ചെമ്പരത്തിയില, കടലമാവ്‌, പയര്‍പൊടി, കഞ്ഞിവെള്ളം എന്നിവ ഉപയോഗിക്കാം.

മുടിയുടെ ആരോഗ്യത്തിനായി കുളിക്കുന്നത്‌ ഒരേ സമയത്താകണം. നട്ടുച്ചയ്‌ക്കും ജോലി, കളി, ആഹാരം കഴിച്ചുകഴിഞ്ഞ ഉടനെ എന്നീ അവസരങ്ങളില്‍ ആകരുത്‌. കുളികഴിഞ്ഞ്‌ തലമുടി ഉണങ്ങുന്നതിനു മുന്‍പ്‌ കെട്ടിവയ്‌ക്കരുത്‌ ഉണങ്ങിയശേഷം നന്നായി ചീകി മുറുക്കി കെട്ടിവയ്‌ക്കുന്നതാണ്‌ തലമുടി വളരാന്‍ നല്ലത്‌.  ഫാനിന്റെ കാറ്റില്‍ തലമുടി ഉണക്കരുത്‌. സാമ്പ്രാണിക്കട്ട, കുന്തിരിക്കം എന്നിവയുടെ പുക മാസത്തിൽ ഒരിക്കല്‍ തലമുടിയില്‍ ഏല്‌പിക്കുന്നതും നല്ലതാണ്‌. പിച്ചിപ്പൂവ്‌, താഴംപൂവ്‌, മുല്ലപ്പൂവ്‌, കൊഴുന്ന്‌, തുളസിയില എന്നിവ തലമുടി ഉണങ്ങിയശേഷം തലയിൽ വയ്‌ക്കുക. ആരോഗ്യമുള്ള മനസും ശരീരവും എന്നതാണ്‌ കേശസംരക്ഷണത്തിൽ ഏറ്റവും പ്രധാനം.


ഇതെല്ലാം ആരോഗ്യം, ഘടനകൾ  എന്നാൽ ഇതിനെല്ലാം  അപ്പുറത്തായി  മനസ്സിന്റെ  ആരോഗ്യത്തിലും, പ്രതിഫലനത്തിലും ഒരു നല്ലഭാഗം  തലമുടിക്കുണ്ട്.  ക്യാൻസർ പോലെയുള്ള രോഗങ്ങളിൽ  തലമുടി പാടെ പൊഴിഞ്ഞു പോകുന്നു. ഒരു അടയാളമായി അവശേഷിക്കുന്നു. പലതരത്തിലുള്ള  ത്വക്ക് രോഗങ്ങളിലും തലമുടി  വട്ടത്തിൽ പൊഴിഞ്ഞു പോകുന്നു. സാധാരണയല്ലാത്ത മാനസിക സമ്മർദ്ദം ഉള്ളവരിലും  തലമുടി കൊഴിഞ്ഞു പോകാറുണ്ട്. അലോപ്പൊത്തിയെക്കാളേറെ ആയുർവേദത്തിൽ തലമുടിക്കായി ധാരാളം മരുന്നുകൾ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു.  കവികൾ പാടിപുഴ്ത്തുന്നു സൌന്ദര്യങ്ങളിലെല്ലാം, മുടിയെക്കുറിച്ച് വിവരണങ്ങൾ കാണുന്നു.  ഇന്ന് ധാരാളം സ്ത്രീകൾ അവരുടെ തലമുടി  മുറിച്ച് നൽകുന്നു, ക്യാൻസർ പോലെയുള്ള രോഗികൾക്ക് വിഗ് ഉണ്ടാക്കുന്നതിനായി. പലവിധത്തിൽ  ഇന്ന് നമ്മുക്ക് തലമുടിയെ വർണ്ണിക്കാനും  ആരാധിക്കാനും  സാധിക്കുന്നു. കാലഘട്ടത്തിന്റെ മാറ്റത്തിനൊത്ത് തലമുടി മുറിക്കുന്നവരും ധാരാളം, എന്നിരുന്നാലും സൌന്ദര്യത്തിന്റെ  ഭാഗമായിത്തന്നെ മുടിയെ അന്നും ഇന്നും വാഴ്ത്തപ്പെടുന്നു.

ഒരു മുടിയിഴ : തലമുടി എന്ന പ്രതിഭാസം അലങ്കാരമാണ് സ്ത്രീക്ക് അതുപോലെ ആ പ്രതിഭാസത്തിനു കോട്ടം തട്ടിയാൽ  സൌന്ദര്യത്തോടൊപ്പം ആരോഗ്യവും  പോയി എന്നു തന്നെയാണ് വിശ്വാസം. പേഴ്സിസ്  കംബാട്ട എന്ന മോഡൽ ഈ സൗന്ദ ര്യത്തിന്റെ നിഖണ്ഡു മാറ്റി എഴുതിയ്രിരുന്നു. മോഡൽ, സിനിമാനടി, കഥകൃത്ത് എന്നീവ അവരുടെ സ്ഥാനമാനങ്ങൾ ,ഒപ്പം  സ്റ്റാർ ട്രെക്ക്  സിനിമയുടെ ഒരു പ്രധാന അഭിനേത്രിയും ആയിരുന്നു. സിനിമയിലെ  ഒരു കഥാപാത്രത്തിനു വേണ്ടി തല മുണ്ഡനം ചെയ്ത കഥാപാത്രങ്ങൾ  ധാരാളം  അതിൽ  പ്രമുഖർ  ശബാനാ ആസ്മി  , നന്ദിതബോസ എന്നിവരാണ്. എങ്കിലും ഇന്നും തുമ്പ്  കെട്ടിയ ചുരുൾമുടി സൌന്ദര്യം തന്നെയാണ്.