തിയേറ്റർ കഥകൾ; Mary Alex(മണിയ)

തിയേറ്റർ കഥകൾ; Mary Alex(മണിയ)

മിഴ് നാട്ടിലെ ഒരു തിയേറ്റർ. ഡിഗ്രി എടുത്തതിനു ശേഷം കുറേക്കാലം ജോലി സംബന്ധമായി അവിടെ ആയിരുന്നു. ആഴ്ചയിൽആറുദിവസവുംജോലി. ഞായറാഴ്ച മാത്രം ഒഴിവ്. വർക്കിങ് വിമൻസ് ഹോസ്റ്റലിൽ താമസം.


ജോലിയുടെ ബുദ്ധിമുട്ട്, ഹോസ്റ്റൽ ജീവിതത്തിന്റെ മടുപ്പ്, തമിഴ് സ്റ്റൈലിൽ ലഭിക്കുന്ന ഭക്ഷണം. എല്ലാംകൂടി കണക്കിലെടുത്ത് ഞായറാഴ്ചകളിൽ ഒരു സിനിമ ,അതുകഴിഞ്ഞ്  ലഞ്ച്. അല്ലെങ്കിൽ ലഞ്ച്, പിന്നെ സിനിമ, ഈവനിങ് റ്റീ, ഇതാണ് പ്രോഗ്രാം. രാവിലെ അവരവരുടെ ദൈവങ്ങളെ തേടി പലവഴിക്ക് തിരിയും. അല്ലാത്തവർ തുണി നനയും തേപ്പും  തേച്ചുകുളിയുമൊക്കെയായി ഹോസ്റ്റലിൽ നിൽക്കും. ഉച്ചക്ക് അല്ലെങ്കിൽ വൈകുന്നേരം ഇറങ്ങും പറഞ്ഞൊക്കുന്ന പോലെ. അന്ന് ഉച്ചക്കായിരുന്നു പ്ലാൻ. എല്ലാരും ഊണ് കഴിച്ചു. പിന്നെ തീയേറ്ററിലേക്ക്. ഒരാൾ ടിക്കറ്റ് എടുക്കാൻ കയറും. അന്നത്തെ കുറി വീണത് തനിക്കായിരുന്നു. സ്ത്രീകൾക്കുള്ള ക്യുവിൽ നിന്നു. അടുത്തുതന്നെ പുരുഷന്മാരുടേതും ഉണ്ട്. അവിടെയും  ഒരു ലൈൻ. തന്റെ നേരെ ഒരാൾ നിൽക്കുന്നു. ഇടക്കിടക്ക് തന്നെ ശ്രദ്ധിക്കുന്നുണ്ടോ?പ്രായത്തിന്റെ ആവാം ഒരു തോന്നൽ. ഒരു സ്ത്രീക്ക്‌ ഒരു പുരുഷന് എന്ന ക്രമത്തിൽ കൗണ്ടറിൽ നിന്ന് ടിക്കറ്റുകൾ നൽകിക്കൊണ്ടിരുന്നു. ടിക്കറ്റു വാങ്ങി ലൈനിൽ നിന്നു പുറത്തു വന്നു. പുറകെ അയാളും. കണ്ടിട്ട് ഒരു തമിഴ് ലക്ഷണം. തമിഴ് സിനിമയാണ്. വല്ലപ്പോഴുമേ ഇതര ഭാഷകൾ കടന്നു വരാറുള്ളു. ഞങ്ങൾക്ക് അതിലൊന്നും ശ്രദ്ധയില്ല കുറച്ചു സമയം റിലാക്സ് ചെയ്യണം. കൂട്ടുകാരുമൊത്ത് ചുറ്റിക്കറങ്ങണം. അവരുടെ അടുത്തേക്ക് എത്തുന്നതിനു മുൻപേ അയാൾ വിളിച്ചു.
"മാഡം! " 
തന്നെയാണോ അതോ...... ചുറ്റും നോക്കി. തന്നെത്തന്നെ... അയാൾ അടുത്തുവന്ന് പാതി ഇംഗ്ലീഷിലും പാതി തമിഴിലുമായി  എന്തൊക്കെയോ  പറഞ്ഞു. പറഞ്ഞ ചില വാക്കുകളിൽ നിന്ന് അയാളുടെ  ഉദ്ദേശം അത്ര നന്നല്ലെന്നു മനസ്സിലായി. താൻ ധൃതിയിൽ നടന്ന് കൂട്ടുകാരുടെ ഒപ്പം ചേർന്നു.
 "അയാൾ എന്താ ചോദിച്ചത്?
"എന്താ പറഞ്ഞത്?"... എല്ലാവരും ഒരുപോലെ ചോദിച്ചു. 
 " അത് !.....കാണാൻ മിടുക്കും ചന്തവും ഉള്ളവരോട് ആണുങ്ങൾ ഇതും ഇതിലപ്പുറവും ചോദിക്കും, പറയും. "താൻ അതു ഈസിയായെടുത്തു വിഷയം മാറ്റി,മുന്നോട്ടു നടന്ന് അകത്തേക്ക്‌ കടക്കാനുള്ള വാതിൽക്കലേക്ക് .
    "അവിടൊന്നു നിന്നെ! , അതേയ് നിന്റെ മിടുക്കും ചന്തവും ഒന്നുമല്ല ഇവിടെ കാര്യം. നിന്റെ കഴുത്തിലെ മാലയാ. ഞങ്ങൾ ഇപ്പോഴല്ലേ അതു ശ്രദ്ധിച്ചുള്ളൂ."
 തലേ പ്രാവശ്യം നാട്ടിൽ പോയിട്ടു വന്നപ്പോൾ പണിയിച്ചു കൊണ്ടുവന്ന  ഒരു കരിമണി മാല.ജോലിക്കു പോകുമ്പോൾ ഒരു നൂൽ ചെയിൻ മാത്രമേ ഇടാവു. ഇന്ന് ആഗ്രഹിച്ചെടുത്തിട്ടത്.
 "എന്ത് ഈ മാലയോ?".....


"ആ... ഇവിടെ കരിമണിമാല ഇടുന്നവർ അംഗീകരിക്കപ്പെട്ട........ ആണ്.
ആഗ്രഹിച്ചു താൻ പണിയിച്ച കരിമണി മാല. ഒന്നോ രണ്ടോ പ്രാവശ്യമേ അതു അണിഞ്ഞിട്ടുള്ളു. കഷ്ടം!
 അന്ന് താൻ  ഊരി വച്ചതാണ്. നാട്ടിൽ തിരിച്ചെത്തി  മറ്റൊരു ജോലിക്കു  കയറിയിട്ടുപോലും പിന്നെ താൻ അത്‌ ഉപയോഗിച്ചിട്ടില്ല. ഓരോ നാടിന്റെ വിശേഷങ്ങൾ. അല്ലാതെന്തു പറയാൻ.


തുടരും