ജൂൺ! കവിത, രമാ പിഷാരടി

ജൂൺ! കവിത, രമാ  പിഷാരടി

മലമുകളിലായ്

മേഘച്ചുരുളിലായ്

മഴയിലേയ്ക്ക്

നടന്നു പോകുന്നൊരാൾ

ചിരിയിലേയ്ക്കതാ-

പുത്തനുടുപ്പിലെ

ജലകണങ്ങളെ

തൊട്ടു വയ്ക്കുന്നുവോ?

പുതിയ പുസ്തകം

നാട്ടുമാവിൻ മണം

ലഹരിപൂത്ത

കിനാവിൻ പടർപ്പുകൾ

മുടിയഴിച്ചിട്ട് പാടവെ

മുല്ലകൾ പ്രണയമാകെ

സുഗന്ധമാക്കുന്നുവോ?

 

പുഴകടന്നിതാ-

പോകുന്നൊരാൾ

ദൂരെയിരുളു മൊത്തി-

ക്കുടിച്ചു പോയീടുന്നു

കടലിലേയ്ക്ക്

കുതിച്ചു പോകുന്നുവോ?

കനവിലേയ്ക്ക്

കുതിർന്നു വീഴുന്നുവോ?

സ്ഫടികജാലകച്ചില്ലുടച്ചങ്ങനെ

സ്മൃതികൾ വന്ന്

പഴം പാട്ട് പാടുന്ന

വയലിലേയ്ക്കൊരു

ഗ്രാമമായങ്ങനെ

ചിറക് നീർത്തി

പറന്നു പോകുന്നുവോ?

പ്രളയമാകാനൊരുമ്പെട്ട്

പെയ്യവെ!

പുഴയൊടാകെ കെറുവിച്ച്

നിൽപ്പതോ?

പരിഭവത്തിന്നിടയിലും

മഴയുടെ ഹൃദയമാകവെ

ചോന്ന് പോയീടവെ!

വഴിനടന്ന് പോകുന്നൊരാൾ

ജൂൺ! അതേ, മഴയെ എന്നും

പ്രണയിച്ച് നിൽപ്പവൾ!