'കേരള സ്റ്റോറി'യെന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്‍ശൻ അടിയന്തരമായി പിൻവലിക്കണം : മുഖ്യമന്ത്രി

'കേരള സ്റ്റോറി'യെന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്‍ശൻ അടിയന്തരമായി പിൻവലിക്കണം : മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിൻറെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച്‌ കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പരസ്പര സാഹോദര്യത്തില്‍ വിവിധ മതവിഭാഗത്തില്‍പ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്ബില്‍ തലയുയർത്തി നില്‍ക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാർ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പ്പന്നമാണ് 'കേരള സ്റ്റോറി'യെന്ന സിനിമ .

അതി ദാരിദ്ര്യ നിർമ്മാർജ്ജനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ,നീതി ആയോഗിന്റെ അടക്കമുള്ള വിവിധ സൂചികളില്‍ മുൻപന്തിയില്‍ ഉള്ള കേരളത്തെ സോമാലിയ എന്ന് വിളിച്ച്‌ ആക്ഷേപിച്ചവർ ഇപ്പോള്‍ മതം മാറ്റത്തിന്റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്.

സംഘപരിവാർ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയർന്നുവന്നതാണ്.

സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ചു പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുത്.
ബിജെപി സ്ഥാനാർത്ഥികള്‍ക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസി അല്ല ദൂരദർശൻ.

ഏപ്രില്‍ 5 ന് ഈ സിനിമ സംപ്രേക്ഷണം ചെയ്യുമെന്ന അറിയിപ്പ് കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. വർഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു