വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക്

വിജയശാന്തി ബിജെപി വിട്ട്  വീണ്ടും കോൺഗ്രസിലേക്ക്

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കെ ബിജെപി നേതാവും ദേശീയ എക്സിക്യൂട്ടീവ് അംഗവും അഭിനേത്രിയുമായ വിജയശാന്തി പാർട്ടിവിട്ടു. ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്കാണ് വിജയ ശാന്തിയുടെ മടക്കം. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തിൽ വിജയശാന്തിയുടെ രാജി ബിജെപിക്ക് തിരിച്ചടിയായി. സീറ്റോ പദവികളോ ലഭിക്കാതിരുന്നതാണ് രാജിക്കു കാരണം എന്നാണ് സൂചന.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാതിരുന്ന വിജയശാന്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ജി കിഷൻ റെഡ്ഡിക്ക് രാജിക്കത്ത് അയച്ചു. വെള്ളിയാഴ്ച രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ വിജയശാന്തി കോൺഗ്രസിൽ ചേർന്നേക്കും എന്നാണ് സൂചന.

ഒരു മാസത്തിനുള്ളിൽ ബിജെപി വിടുന്ന നാലാമത്തെ പ്രധാന നേതാവാണ് വിജയ ശാന്തി. മുൻ എംപിമാരായ കൊമതിറെഡ്ഡി രാജഗോപാൽ റെഡ്ഡി, ജി വിവേകാനന്ദ് എന്നിവരും മറ്റൊരു നേതാവായ എനുഗു രവീന്ദറും ബിജെപി വിട്ടിരുന്നു. രാജഗോപാൽ റെഡ്ഡിയും വിവേകാനന്ദും കോൺഗ്രസിൽ ചേർന്നു.

15 വർഷത്തിന് ശേഷം 2020 ഡിസംബറിലാണ് വിജയശാന്തി ബിജെപിയിൽ തിരിച്ചെത്തിയത്.