ടിസിഎസ് മതപരിവർത്തന കേസിലെ മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിൽ

May 8, 2026 - 10:21
 0  6
ടിസിഎസ് മതപരിവർത്തന കേസിലെ മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിൽ

മുംബൈ: നാസിക് ടിസിഎസിലെ മതപരിവർത്തന കേസിലെ മുഖ്യപ്രതിയും എച്ച്ആർ മാനേജറുമായ നിദാ ഖാൻ അറസ്റ്റിൽ. കേസ് രജിസ്റ്റർ ചെയ്ത് 40 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് നിദ പിടിയിലായത്. ബലാത്സംഗം, ലൈംഗിക ചൂഷണം, മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തൽ എന്നീ കേസുകളാണ് നിദ ഖാനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി ന​ഗറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രത്യേക അന്വേഷണസംഘം (SIT), സംഭാജിനഗർ ക്രൈംബ്രാഞ്ച്, പൊലീസ് കമ്മീഷണറേറ്റ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ ആറ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തത് മുതൽ നിദ ഖാൻ ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ നാല് ദിവസമായി കൈസർ കോളനിയിലെ ഒരു ഫ്ലാറ്റിലായിരുന്നു നിദ ഖാൻ താമസിച്ചിരുന്നത്. മാതാപിതാക്കൾ, സഹോദരൻ, അമ്മായി എന്നിവരും ഒപ്പമുണ്ടായിരുന്നു. രണ്ട് ദിവസമായി ഫ്ലാറ്റ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
കേസിൽ പെൺകുട്ടികളെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയും ജീവനക്കാരികളെ മതം മാറാൻ സമ്മർദ്ദത്തിലാക്കുകയും ചെയ്ത സംഘത്തിന്റെ മുഖ്യസൂത്രധാര നിദയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പീഡനത്തിന് ഒത്താശ ചെയ്തതിലും ഗൂഢാലോചനയിലും ഇവർക്ക് നിർണായക പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.
2021 ഡിസംബറിലാണ് നിദ ഖാൻ കമ്പനിയിൽ ചേർന്നത്. 'പ്രോസസ് അസോസിയേറ്റ്' ആയി പ്രവർത്തിക്കുകയായിരുന്നു. ആരോപണങ്ങളെത്തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം, ടിസിഎസിലെ ബിപിഒ യൂണിറ്റിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ചില ജീവനക്കാർ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവർത്തന ശ്രമങ്ങൾ എന്നിവ നേരിട്ടതായി പരാതി നൽകി.
പിന്നാലെ പൊലീസ് നിരവധി ടീമുകളെ രൂപീകരിക്കുകയും നിദ ഖാനെ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് 9 എഫ്ഐആറുകളാണ് പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഏഴ് പുരുഷൻമാരും ഒരു സ്ത്രീയും ഉൾപ്പെടെ 8 പ്രതികളെെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്.

എട്ട് വനിതാ ജീവനക്കാര്‍ നല്‍കിയ പരാതികള്‍ അന്വേഷിക്കുന്നതിനായി പൊലീസ്   പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നും, ഹ്യൂമന്‍ റിസോഴ്സ് വിഭാഗം തങ്ങളുടെ പരാതികള്‍ അവഗണിച്ചുവെന്നുമാണ് ആരോപണം.

2022 ഫെബ്രുവരി മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഈ സംഭവങ്ങള്‍ നടന്നത്.

വിവാഹ വാഗ്ദാനം നല്‍കി പ്രതികളില്‍ ഒരാള്‍ ഒരു വനിതാ ജീവനക്കാരിയുമായി പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ മറ്റൊരു ജീവനക്കാരിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും അവളുടെ വ്യക്തിജീവിതത്തെയും വൈവാഹിക ജീവിതത്തെയും കുറിച്ച് ലജ്ജാകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. പരാതിക്കാരി ഈ സംഭവങ്ങളെക്കുറിച്ച് കമ്പനിയുടെ ഹെഡ് ഓഫീസറോട് പലതവണ വാക്കാല്‍ പരാതിപ്പെട്ടെങ്കിലും, പീഡനത്തെക്കുറിച്ചുള്ള പരാതികള്‍ പരിഗണിച്ചില്ലെന്നാണ് ആരോപണം. പകരം പ്രതികളുടെ പ്രവൃത്തികള്‍ക്ക് അദ്ദേഹം കൂട്ടുനില്‍ക്കുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ ഒരു ജീവനക്കാരനെ നിര്‍ബന്ധപൂര്‍വം നിസ്‌കരിക്കാന്‍ നിര്‍ബന്ധിക്കുകയും അദ്ദേഹത്തിന്റെ മതത്തെ അധിക്ഷേപിക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു.