ടാപ്പിംഗുകാരന്റെ മകൾ.... ; കഥ, ജയ്മാേൻ ദേവസ്യ

ടാപ്പിംഗുകാരന്റെ മകൾ.... ; കഥ,  ജയ്മാേൻ ദേവസ്യ

 

 

"മഴയാണ്, സൂക്ഷിച്ചു പോകണം മോളേ ..." ചോറു പൊതിഞ്ഞത് കയ്യിൽ വച്ചു കൊടുക്കുമ്പോൾ അമ്മയുടെ ഉപദേശം......

"പിന്നെ.... ഞാൻ കൊച്ചുകുഞ്ഞല്ലേ...." ഉപദേശിക്കാൻ വന്ന അമ്മയെ ഒന്നു കളിയാക്കി ശ്രുതി കുടയും ചൂടി പുറത്തിറങ്ങി..

പത്താം ക്ലാസ് കഴിഞ്ഞ് ഹയർ സെക്കന്ററിക്ക് കയറിയതോടെ  മിക്ക അവധി   ദിവസങ്ങളിലും സ്കൂളിൽ സ്പെഷ്യൽ ക്ലാസ്സുണ്ട്... അതാണ് അവധി ദിനമായിട്ടും ഇന്നും സ്കൂളിൽ പോവേണ്ടി വന്നത്.

മുറ്റത്തു നിന്നും കുത്തുകല്ല് ഇറങ്ങി മഴയത്തു കൂടെ നടന്നു പോയ മകളെ നോക്കി കൊണ്ടിരുന്ന അമ്മയുടെ കണ്ണുകൾ, വളവ് തിരിഞ്ഞ് അവൾ മറയുന്നതു വരെ പിന്നാലെയുണ്ടായിരുന്നു.

ശ്രുതി  നന്നായി പഠിക്കുന്ന  കുട്ടിയാണ്. 

ടൗണിലെ സ്കൂളിൽ ചേർത്തതു തന്നെ അതുകൊണ്ടാണ്.

എട്ടു മണിക്ക് കവലയിൽ എത്തുന്ന  മീനുക്കുട്ടിയിൽ കയറിയാൽ ഒൻപതാകുമ്പോൾ സ്കൂൾ പടിക്കലിറങ്ങാം..

പതിവുപോലെ സ്കൂളിന്റെ സ്റ്റോപ്പിൽ ഇറങ്ങുന്നതിന് പകരം അന്ന് ഇറങ്ങിയത് സ്റ്റാന്റിലായിരുന്നു...

അവളെക്കാത്ത് വിവേക് അവിടെ നിൽക്കുന്നുണ്ടായിരുന്നു.

"പോകാം..." അവളെ കണ്ടതും വിവേകിന് തിടുക്കം...

കഴുത്തിലിട്ടിരുന്ന ഷാൾ എടുത്ത് മുഖം പകുതി മറച്ച് മൂടി.. 

ഹെൽമറ്റു വച്ച് അവന്റെ പിന്നിൽ കയറി..

എങ്ങോട്ടെന്ന് ചോദിച്ചില്ല..

 

അവൾക്ക് അവന്റെ സാമീപ്യം മതിയായിരുന്നു...

ഇന്നത്തെ ദിവസം അവനു വേണ്ടി മാറ്റിവയ്ക്കാം എന്ന് നേരത്തേ പറഞ്ഞുറപ്പിച്ചിരുന്നതാണ്.

വളവുകൾ താണ്ടി, കുന്നുകൾ കയറി, പതുക്കെയായിരുന്നു അവരുടെ യാത്ര ....

പരമാവധി  ചൂടുപറ്റി തന്നെയായിരുന്നു  അവരുടെ ഇരുപ്പും..

ധാരാളം ബൈക്കുകൾ അവരെ കടന്നുപോയി...

മിക്കവയിലും ശ്രുതിയെ പോലെ മുഖം മറച്ച പെൺകുട്ടികളും ഹെൽമറ്റ്  മുഖം വ്യക്തമല്ലാത്ത ആൺകുട്ടികളും...

അവരുടെ യാത്ര,

തണുപ്പു നിറഞ്ഞ മലമുകളിലെ വിജനമായ കുന്നിൽ ചരുവിലെ പുൽതകിടിയോളം എത്തി... 

ചന്നം പിന്നം മഴ പെയ്യുന്നു ......

അതവർക്ക് പ്രശ്നമല്ലായിരുന്നു...

അവിടെ നിരന്നു കിടന്നിരുന്ന കല്ലിൽ അവർ ഇരുന്നു ,

എന്തെക്കെയോ പരസ്പരം പറയണമെന്നുണ്ടായിരുന്നു...

വാക്കുകൾ തൊണ്ടയിൽ നിന്നും ഉയരുന്നില്ല...

വിവേകിന് സ്വതവേയുളള തിടുക്കമാണ്..

"ഉം...എന്താ..?" ശ്രുതിയുടെ ശ്യംഗാരത്തിൽ വിവേകിനും വാശി...

അവളുടെ ശരീരത്തെ അവൻ തന്നിലേക്ക് ചേർത്തുപിടിച്ചു..

മനപൂർവ്വമാണെന്ന് തോന്നാത്ത വിധം അവളുടെ ഇക്കിളിയെ അവൻ, ഉത്തേജിപ്പിക്കവെ അങ്ങകലെ കാറ്റിൽ ഉലയുന്ന റബർ മരത്തിന്റെ തലപ്പുകളിൽ അവളുടെ കണ്ണുടക്കി ......

അതിരാവിലെ പെയ്ത മഴ വകവയ്ക്കാതെ നെറ്റിയിൽ  ഫിറ്റ് ചെയ്ത  ലൈറ്റും വലിയ വട്ടത്തിലുളള തൊപ്പിയും വച്ച് റബർ ടാപ്പിംഗിന് ഇറങ്ങിപ്പൊയ അച്ഛന്റെ ഓർമ അവളിലേക്ക് തികട്ടി വന്നു ...

അവളുടെ വീടു പുലർത്താൻ അച്ഛൻ ചെയ്യുന്ന തൊഴിൽ... ദിവസവും ഉള്ളത്.

ആ ഓർമയിൽ അവൾ അവന്റെ കൈ തട്ടിമാറ്റി .. ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു....

" എനിക്കിപ്പോൾ വീട്ടിൽ പോകണം..." അവൾ ചീറി...

"എന്തിന് ... ഇന്നത്തെ ദിവസം  നാമൊരിമിച്ചെന്നല്ലെ  തീരുമാനിച്ചിരുന്നത്...!?" വിവേകിന് നിരാശ ...

"അതെനിക്കറിയില്ല... എനിക്കിപ്പോൾ പോകണം..." അവൾ  ബാഗുമെടുത്ത് ഓടി...

അവളെ വിളിച്ചു കൊണ്ട് അവൻ പുറകെയും.....

അവൾ നിന്നില്ല..

കനത്ത മഴയിലും  കുട ചൂടാതെ  അവൾ ഓടി ജംഗ്ഷനിലെത്തി...

അടിവാരത്തിനുളള ബസിൽ കയറി...

ഇറക്കമിറങ്ങിയുളള, ബസിന്റെ യാത്ര ലക്ഷ്യസ്ഥാനത്തേക്ക് പോകവെ അവളുടെ മനസ്സിൽ ടാപ്പിംഗ് കഴിഞ്ഞ് വന്ന് കഞ്ഞി കോരി കുടിക്കുന്ന അച്ഛനും, ഒരേ വീട്ടിൽ കഴിഞ്ഞിട്ടും കുറച്ചു നാളായി സംസാരിക്കാറില്ലാത്ത അനുജനും, ഏതു സമയവും അടുക്കളയിൽ പണിത്, പുകയൂതി ശരീരമാകെ കരിപുരണ്ട അമ്മയുമായിരുന്നു....

കൂടെ  .... വീട്ടുകാരറിയാത്ത ഒരു രഹസ്യവും ഇനി തന്റെ ജീവിതത്തിലുണ്ടാവില്ലാ എന്ന ഒരുറച്ച തീരുമാനവും....

സ്പെഷൽ ക്ലാസ്സും കഴിഞ്ഞ് പതിവിലും നേരത്തെമഴനനഞ്ഞ് നട കയറി വീട്ടിലേക്ക് വരുന്ന മകളെ വളവു തിരിഞ്ഞപ്പഴേ കണ്ട ആ അമ്മ തല തോർത്തുവാൻ മുഷിഞ്ഞ തോർത്തുമായി  വാതിൽക്കൽ തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു....

 

ജയ്മാേൻ ദേവസ്യ, തലയോലപ്പറമ്പ്

9446019231