കോപ്പേല്‍ സിറ്റി കൗണ്‍സിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

കോപ്പേല്‍ സിറ്റി കൗണ്‍സിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ഡാളസ്: ടെക്സസ് സംസ്ഥാനത്തെ കോപ്പേല്‍ സിറ്റി കൗണ്‍സിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സിറ്റിയുടെ പ്രോടേം മേയറായ ബിജു മാത്യു ഇത് മൂന്നാം തവണയാണ് സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

2018ല്‍ ബിജു മാത്യു മത്സരിക്കുമ്ബോള്‍ കോപ്പേല്‍ സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിദേശത്ത് ജനിച്ച്‌ വളർന്ന ഒരു വ്യക്തി കൗണ്‍സിലില്‍ വിജയിക്കുന്നത്. അന്ന് അദ്ദേഹം രണ്ട് എതിരാളികളെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്.

തുടർന്ന് 2021ല്‍ 35ലധികം വർഷമായി സിറ്റിയില്‍ സ്ഥിര താമസക്കാരനായ മാർക്ക്‌ സ്മിത്ത് എന്ന ശക്തനായ എതിരാളിയെ പരാജയപ്പെടുത്തിയാണ് വിജയിച്ചതും പിന്നീട് പ്രോടേം മേയർ ആയതും. കോപ്പേല്‍ സിറ്റിയുടെ പ്ലേസ് സിക്സില്‍ നിന്നാണ് 2024ല്‍ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്.

തിരുവല്ല എസി ഹൈസ്കൂളില്‍ നിന്ന് പത്താം ക്ലാസ്സ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച്‌ അമേരിക്കയില്‍ എത്തിച്ചേർന്ന ബിജു മാത്യു പ്രസിദ്ധമായ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എൻജീനിയറിംഗില്‍ ബിരുദവും തുടർന്ന് മാസ്റ്റേഴ്‌സും കരസ്ഥമാക്കിയ ശേഷമാണ് ഐ ടി മേഖലയിലെ ജോലിയുടെ ഭാഗമായി ഡാളസിലെ കോപ്പേല്‍ സിറ്റിയില്‍ സ്ഥിരതാമസമാക്കുന്നത്.

മാർത്തോമ്മാ സഭയുടെ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകാംഗമാണ്.