സൺഡേ സ്‌കൂൾ പരീക്ഷയും സിനിമയും : തീയേറ്റർ കഥകൾ

 സൺഡേ സ്‌കൂൾ പരീക്ഷയും സിനിമയും : തീയേറ്റർ കഥകൾ

 


          കുട്ടികളുടെ പഠനകാലം. ഒപ്പം സൺ‌ഡേ സ്കൂളും. മിക്കവാറും എല്ലാവരും രണ്ടു വിദ്യാഭ്യാസവും ഒരുപോലെ എത്തിച്ചു പത്താം ക്ലാസ്സ്‌ പാസ്സാക്കും. ഇപ്പോൾ പന്ത്രണ്ടു (പ്ലസ് ടു) വരെ ക്‌ളാസ് ഉണ്ട് . പത്തിൽ  സൺ‌ഡേസ്കൂൾ ടീച്ചർ ആകാനും,എന്തിന് വിവാഹം കഴിക്കണമെങ്കിൽപോലും സൺഡേ  സ്‌കൂൾ പഠനം നിർബന്ധമാണ് . വിവാഹത്തിന് മുൻപ്   മൂന്നു ദിവസത്തെ കൗൺസിലിങ്ങു വേറെയും. അവസാനദിവസം രണ്ടു പേരുടെയും രക്ഷിതാക്കളും ചേർന്ന് പങ്കെടുക്കണം. എന്നിരുന്നാലും പഴയതിലും കൂടുതൽ ഡിവോഴ്സ് ഈ കാലഘട്ടത്തിൽ ആണെന്നുമാത്രം. അതാണ് അണുകുടുംബങ്ങളുടെ ഡ്രോ ബാക്ക്.
           ഒരു ഞായറാഴ്ച്ച.  താഴെയുള്ള രണ്ടു കുഞ്ഞുങ്ങളുടെയും സൺഡേ സ്കൂൾ പരീക്ഷാദിവസം. അദ്ദേഹം കുർബാന കഴിഞ്ഞു വന്ന് പത്രം നോക്കിയിരിക്കുന്നു. താൻ  അടുക്കളയിൽ ധ്രുതിയായി ഉച്ചയൂണിനു പരിശ്രമിക്കുന്നു. പള്ളിയിൽ നിന്നു വന്നല്ലേ ഓരോന്നും ചെയ്യാറ്.
          ഇടയ്ക്കു അദ്ദേഹം  വിളിച്ചു പറഞ്ഞു "നമുക്കൊരു സിനിമക്കുപോകാം."
''പിള്ളേർക്ക് പരീക്ഷയല്ലേ വല്ലതും പറഞ്ഞുകൊടുത്തു വിടണ്ടേ, നമുക്ക് പിന്നെ പോകാം." എന്നായി ഞാൻ .
''അത് അവർ വിട്ടോളും, ഇന്നു പോയില്ലെങ്കിൽ പോക്ക് നടക്കില്ല അവരിങ്ങെത്തില്ലേ?" അദ്ദേഹം വിടാൻ ഭാവമില്ല . അവർ എന്നുദ്ദേശിച്ചത് കൂടെ നിർത്തിയിരിക്കുന്ന ഒരു സ്ത്രീയെ. ചുക്കിനും ചുണ്ണാമ്പിനും കൊള്ളുകില്ല, എന്നു മാത്രം. പിന്നെ പിള്ളേർ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ഒരാൾ വേണമല്ലോ എന്നു കരുതി മാത്രം. മൂത്തവൻ പരീക്ഷ കഴിഞ്ഞ് ഒരു അവധിക്കാലം ഘോഷിക്കാൻ പോയിരിക്കുന്നു, ഒരു സഹോദരിയുടെ വീട്ടിൽ.   പലതും പറഞ്ഞു നോക്കി സിനിമ ഒഴിവാക്കാൻ , എവിടെ കേൾക്കാൻ.

 പുതിയതായി ഒരു സ്കൂട്ടർ വാങ്ങിയിരിക്കുന്നു അതും ജീവിതത്തിൽ ആദ്യമായി ഒരു വാഹനം വാങ്ങിയതാണ്. അതുംകൊണ്ട് ഒരു കറക്കമാണ് പ്ലാനെന്ന് മനസിലായി,  തന്നെയും പുറകിൽ വച്ച്. അതാണ് പ്രധാന ഉദ്ദേശം. താനെന്നും ബസ്സിൽ ടൗണിലേക്കും ആൾ അവിടെ തന്നെയുള്ള ജുവനയിൽ ഹോമിന്റെതായ സ്കൂളിൽ സ്കൂട്ടറിലുമാണ് പോകുക  പതിവ് . ഇനിയും തടസ്സം പറഞ്ഞാൽ തനിയെ പൊയ്ക്കളയും.
    അതുകൊണ്ട് കാര്യങ്ങൾ  ജോലിക്കാരിയെ പറഞ്ഞേൽപ്പിച്ചു, ഒരുങ്ങി സിനിമക്ക് പോയി. അതുംകഴിഞ്ഞ് ഒരു കാപ്പിയും കുടിച്ച് വീട്ടിലെത്തി. പിള്ളേർ രണ്ടു പേരും വീട്ടിലുണ്ട്. 
"പരീക്ഷ എളുപ്പമാരുന്നോ?"രണ്ടുപേരോടും ഒപ്പമായി ചോദിച്ചു.
"പോയില്ല "രണ്ടുപേരും ഒരുമിച്ചു പറഞ്ഞു.
 ജോലിക്കാരിയോടായി അടുത്ത ചോദ്യം. 
"എന്താ വിടാഞ്ഞേ?"
"പിള്ളേർ പോകുന്നില്ലെന്നു പറഞ്ഞു, വിട്ടില്ല.
 "അവർക്കറിയാമോ അതിന്റെ ഭവിഷ്യത്ത്."
പരീക്ഷക്ക് കൂടാതെ എങ്ങനെ ജയിപ്പിക്കും. അതോടെ രണ്ടാമൻ സൺ‌ഡേ സ്കൂൾ പഠനം നിർത്തി. മകൾചെറിയ ക്ലാസ്സിൽ ആയിരുന്നതുകൊണ്ട്ഓൾ പ്രൊമോഷനിൽ കയറി പറ്റി. ഒരു സിനിമ വരുത്തിയ വിന.

Mary Alex( മണിയ)

 

തുടരും.