സ്വാതന്ത്ര്യ ദിനാശംസകൾ; കവിത, പ്രസാദ് കുറ്റിക്കോട്

സ്വാതന്ത്ര്യ ദിനാശംസകൾ;  കവിത,  പ്രസാദ് കുറ്റിക്കോട്

 

 

തവെറിയിൽ നിന്ന്
ഭിക്ഷാടകൻ്റെ
തുള വീണ പാത്രത്തിലേക്ക്
നീളുന്ന കണ്ണുകൾ
മാംസം തിരയുമ്പോൾ

ചോദ്യക്കടലാസ്സിൽ
ഗാന്ധി മരിച്ചതെങ്ങനെ?യെന്ന്
ചരിത്രം
തിരുത്തപ്പെടുമ്പോൾ

ഏകത്വം മറന്ന്
മതംകൊണ്ട് മതിലു കെട്ടി
രാജ്യത്തെ പലതായി
മുറിക്കപ്പെടുമ്പോൾ

പൂർവ്വികർ ചോരകൊണ്ട്
കെട്ടിപ്പടുത്ത പൊതു-
മുതലുകളെല്ലാം
മറിച്ചുവിൽക്കപ്പെടുമ്പോൾ

സ്വത്വബോധങ്ങളിൽ
ജാതിയുടെ വന്മരങ്ങൾ
വേരുകളാഴ്ത്തുമ്പോൾ

ഓടയിൽക്കിടന്
ദാഹനീരിനായ് കരയുന്ന
അനാഥ ബാല്യങ്ങളുടെ
തൊണ്ടയിലേക്ക്
ശുക്ലംച്ചുരത്തുന്ന
അധികാരവർഗ്ഗങ്ങളുള്ളപ്പോൾ

അച്ഛനും
ആങ്ങളയും
മാറിമാറി കാമം തീർത്ത
പെൺക്കുഞ്ഞുങ്ങളുടെ
രക്തമൊഴുകുന്ന
മഹാസമുദ്രങ്ങളുള്ളപ്പോൾ

പുറത്തിറങ്ങുന്നവരുടെ
ലിംഗഭേദം നോക്കി
അസമയം കണ്ട
കടലാസ്സുക്കെട്ടുകൾ
ചിതലരിക്കുന്ന
കോടതിമുറികളുള്ളപ്പോൾ

പിറവിയിലേ ജീവിതം
നിഷേധിക്കപ്പെടുന്ന
ശൈശവമരണങ്ങളുടെ
ശവപ്പറമ്പുകളുള്ളപ്പോൾ

കൂടോത്രങ്ങളിലും
മന്ത്രക്കളങ്ങളിലും
ബോധരാശികൾ പണയപ്പെടുത്തിയ
പുരോഗമനവാദികളുള്ളപ്പോൾ

നിങ്ങളോട് പറയാൻ
എനിക്കൊറ്റ വാക്യമേ
ബാക്കിയുള്ളു

"സ്വാതന്ത്ര്യ ദിനാശംസകൾ"

 

പ്രസാദ് കുറ്റിക്കോട്